2021ല്‍ പുറത്തിറങ്ങിയ ഉപ്പേന എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് വന്ന അഭിനേത്രിയാണ് കൃതി ഷെട്ടി. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറാന്‍ കൃതിക്ക് സാധിച്ചു. തെലുങ്കിന് പുറമെ തമിഴിലും കന്നടയിലും തന്റെ സാന്നിധ്യമറിയിച്ച കൃതി ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറി.

ഇപ്പോഴത്തെ ജനറേഷനിലെ മികച്ച നടനും കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന നടനും ടൊവിനോ തോമസ് ആണെന്ന് പറയുകയാണ് കൃതി ഷെട്ടി. ടൊവിനോയോട് എല്ലാ കാര്യത്തിലും തനിക്ക് ബഹുമാനമുണ്ടെന്നും അദ്ദേഹം കഷ്ടപെടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും കൃതി കൂട്ടിച്ചേര്‍ത്തു. സിനിമയിലെ ടൈമിങ് ശരിയാകാനെല്ലാം തന്നെ സഹായിച്ചതും ടൊവിനോ ആണെന്ന് അവര്‍ പറയുന്നു. ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് കൃതി ഷെട്ടി.

‘വ്യക്തിപരമായി പറയുകയാണെങ്കില്‍, എന്റെയെല്ലാം ഈ ജനറേഷനിലെ മികച്ച നടനും ഏറ്റവും കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന നടനും ടോവിനോ തോമസ് ആണ്. എനിക്ക് അദ്ദേഹത്തോട് എല്ലാ കാര്യത്തിലും വളരെ ബഹുമാനമുണ്ട്. ഞാന്‍ അദ്ദേഹം കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്.

ഞാന്‍ ശീലിച്ച് വന്നിട്ടുള്ള ടൈമിങ്ങില്‍ നിന്നും വളരെ വ്യത്യസ്തമാണ് മലയാളത്തിന്റെ ടൈമിങ്. ഞാന്‍ അജയന്റെ രണ്ടാം മോഷണം സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്ത് അഞ്ചാമത്തെയോ ആറാമത്തെയോ ദിവസം സംവിധായകന്‍ ജിതില്‍ ലാല്‍ എന്റെയടുത്ത് വന്നിട്ട് ആ സിനിമയില്‍ എന്റെ പുരികങ്ങള്‍ നന്നായി ഉപയോഗിക്കാന്‍ പറഞ്ഞു.

‘എനിക്ക് അറിയാം നിങ്ങള്‍ പുരികം കൊണ്ട് നന്നായി അഭിനയിക്കുമെന്ന് അതുകൊണ്ടു തന്നെ ഈ സീനില്‍ ഏതേലും ഒരു വഴിയിലൂടെ അത് നീ ചെയ്യണം’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അപ്പോഴെല്ലാം എന്നെ സഹായിച്ചത് ടൊവിനോയാണ്. അദ്ദേഹമാണ് എന്റെ ടൈമിങ് എല്ലാം ശരിയാകാന്‍ സഹായിച്ചിട്ടുള്ളത്,’ കൃതി ഷെട്ടി പറയുന്നു.

Content Highlight:  Krithi Shetty Talks About Tovino Thomas