കോഹ്‌ലിയും രോഹിത്തുമല്ല, ഏകദിന ലോകകപ്പില്‍ നിന്ന് അവനെ എഴുതിത്തള്ളുന്നത് വിഡ്ഢിത്തം: ശ്രീകാന്ത്
Cricket
കോഹ്‌ലിയും രോഹിത്തുമല്ല, ഏകദിന ലോകകപ്പില്‍ നിന്ന് അവനെ എഴുതിത്തള്ളുന്നത് വിഡ്ഢിത്തം: ശ്രീകാന്ത്
ഫസീഹ പി.സി.
Monday, 15th June 2026, 12:03 pm

2027 ഏകദിന ലോകകപ്പില്‍ സീനിയര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ജഡേജ മികച്ചൊരു ക്രിക്കറ്ററാണെന്നും ഏകദിനത്തിലേക്ക് ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ രണ്ടാം ഓള്‍ റൗണ്ടറായി പരിഗണിക്കേണ്ടത് ജഡേജയെയാണെന്നും അദ്ദേഹം പറഞ്ഞു.

ജഡേജ മികച്ച ഫോമിലല്ലെങ്കിലും താരത്തെ എഴുതി തള്ളുന്നത് വിഡ്ഢിത്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ക്രിസ് ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്. Photo: Cricket Central/x.com

‘രവീന്ദ്ര ജഡേജയെ തള്ളിക്കളയാന്‍ സാധിക്കില്ല. കാരണം അവനൊരു മികച്ച ക്രിക്കറ്ററാണ്. നിതീഷ് കുമാര്‍ റെഡ്ഡി വളര്‍ന്നുവരുന്ന ഒരു ഓള്‍റൗണ്ടറാണ്. അതിനാല്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയാല്‍, പിന്നെ ഹാര്‍ദിക്കോ നിതീഷോ ഇതില്‍ ഒരാള്‍ക്ക് മാത്രമേ ടീമില്‍ ഇടമുണ്ടാകൂ.

രണ്ടാമത്തെ ഓള്‍റൗണ്ടര്‍ തീര്‍ച്ചയായും ജഡേജ ആയിരിക്കണം. എന്നാല്‍ ജഡേജയും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. അവനിപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലല്ല. എന്നാലും അവനെ എഴുതിത്തള്ളുന്നത് വിഡ്ഢിത്തമായിരിക്കും,’ ശ്രീകാന്ത് പറഞ്ഞു.

നിലവില്‍ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ ജഡേജയ്ക്ക് ഇടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ താരത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ശ്രീകാന്തിന്റെ പ്രതികരണം.

രവീന്ദ്ര ജഡേജ.

ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് ജഡേജ. 142 ഇന്നിങ്സുകളില്‍ കളിച്ച ഓള്‍റൗണ്ടര്‍ 2905 റണ്‍സും 232 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 13 അര്‍ധ സെഞ്ച്വറികള്‍ അടിച്ച 37കാരന്‍ രണ്ട് തവണ 50 ഓവര്‍ ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

2025 ചാമ്പ്യന്‍സ് ട്രോഫിയിലും ജഡേജ നിര്‍ണായക പ്രകടനം നടത്തിയിരുന്നു. എന്നാല്‍, ഈ വര്‍ഷം കളിച്ച മൂന്ന് ഏകദിനങ്ങളില്‍ താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല.

അതേസമയം, 2027 ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 27 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക. സൗത്ത് ആഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവര്‍ സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

Content Highlight: Kris Srikanth backs Ravindra Jadeja to feature in 2027 ODI World Cup saying it is foolish to write off him

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.