തിരുവനന്തപുരം: ത്രിപുരയ്ക്ക് പിന്നാലെ കേരളവും പിടിച്ചെടുക്കുമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വെല്ലുവിളി നേരിടാന്‍ തയ്യാറാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റു സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി അധികാരം നേടുന്ന തന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
” കേരളം പിടിച്ചെടുക്കുമെന്ന അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ കേരള ജനത സജ്ജമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി അധികാരം നേടുന്ന തന്ത്രം വിജയിക്കുന്നത് അവിടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്. കേരളത്തില്‍ ആ തന്ത്രം വിലപ്പോവില്ല.”
ത്രിപുര വിഭജിക്കണമെന്നുപറയുന്ന സംഘടനയുമായി ചേര്‍ന്നാണ് ദേശീയത പ്രസംഗിക്കുന്ന ബി.ജെ.പി വോട്ട് നേടിയത്. തീവ്രവാദ-വര്‍ഗീയ ശക്തികളുമായി ഇഷ്ടംപോലെ കൂട്ടുചേര്‍ന്നും വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ചും അധികാരത്തിലെത്തുകയെന്ന അജന്‍ഡയാണ് ബി.ജെ.പി നടപ്പാക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ത്രിപുരയിലും കേരളത്തിലുമെല്ലാം മുമ്പും തെരഞ്ഞെടുപ്പില്‍ പരാജയമുണ്ടായിട്ടുണ്ട്. ത്രിപുരയിലേറ്റ തിരിച്ചടിയില്‍ നിന്ന് ശക്തമായി തിരിച്ചുവരാന്‍ സാധിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും കോടിയേരി പറഞ്ഞു.
ത്രിപുരയില്‍ നൃപന്‍ ചക്രവര്‍ത്തിയുടെ ഭരണത്തെ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ കോണ്‍ഗ്രസ് താഴെയിറക്കിയിട്ടുണ്ട്. സമാനരീതിയിലാണ് ഇന്ന് ബി.ജെ.പി മാണിക് സര്‍ക്കാരിന്റെ ഗവണ്‍മെന്റിനെയും അട്ടിമറിച്ചത്. ബി.ജെ.പിയുടേത് താല്‍കാലിക വിജയം മാത്രമാണ്. രൂപം മാറിയ കോണ്‍ഗ്രസാണ് ത്രിപുരയിലെ ഇന്നത്തെ ബി.ജെ.പി.- കോടിയേരി പറഞ്ഞു.
