പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ; പിണറായി വിജയന്‍ പിന്നിലായതില്‍ പ്രതികരിച്ച് രമ
Kerala
പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ; പിണറായി വിജയന്‍ പിന്നിലായതില്‍ പ്രതികരിച്ച് രമ
ഫസീഹ പി.സി.
Monday, 4th May 2026, 12:38 pm

വടകര: 2026 കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആറ് റൗണ്ടറുകള്‍ വരെ പിന്നിലായതില്‍ പ്രതികരിച്ച് വടകര എം.എല്‍.എയും ടി.പി. ചന്ദ്രശേഖരന്റെ പങ്കാളിയുമായ കെ.കെ. രമ. കുലംകുത്തിയെന്ന് ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞുവെന്നാണ് രമയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വടകര എം.എല്‍.എ പ്രതികരിച്ചത്.

‘പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ! ഇതു മതി കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു… രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങള്‍,’ രമയുടെ വാക്കുകള്‍.

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമാണ് ടി.പി ചന്ദ്രശേഖരന്റെ കൊലപാപാതകം. 2012 മെയ് നാലാം തിയതിയാണ് അക്രമിസംഘം 56 വെട്ടുകള്‍ വെട്ടി ടി.പി കൊലപ്പെടുത്തിയത്. ടി.പിയുടെ കൊലപാതത്തിന്റെ 14ാം വാര്‍ഷിക ദിവസമാണ് വോട്ടെണ്ണല്‍ നടക്കുന്നതും പിണറായി വിജയന്‍ പിന്നിലായി പോകുന്നതും എന്നതും ശ്രദ്ധേയമാണ്.

അതേസമയം, നിലവില്‍ പിണറായി വിജയന്‍ ധര്‍മ്മടത്ത് ലീഡ് തിരിച്ചുപിടിച്ചിട്ടുണ്ട്. 1536 വോട്ടിന്റെ ലീഡാണ് പിണറായിക്കുള്ളത്. ആറ് റൗണ്ടുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ലീഡ് നേടിയത്. ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി അഡ്വ. വി.പി അബ്ദുല്‍ റഷീദാണ് പിണറായിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയത്. ഒരുഘട്ടത്തില്‍ 2500ന്റെ ലീഡ് റഷീദ് നേടിയിരുന്നു.

2016ല്‍ 36,905 വോട്ടുകള്‍ക്കും 2021ല്‍ 50,123 വോട്ടുകള്‍ക്കും പിണറായി വിജയനെ വിജയിപ്പിച്ച മണ്ഡലത്തിലാണ് മുഖ്യമന്ത്രി ഇത്തവണ ആറ് റൗണ്ടുകളില്‍ പിന്നിട്ട നിന്നത്.

സംസ്ഥാനത്തൊട്ടാകെ യു.ഡി.എഫ് തരംഗമാണുള്ളത്. നിലവില്‍ 90ലധികം സീറ്റ് നേടിയാണ് യു.ഡി.എഫ് മുന്നേറുന്നത്. എല്‍.ഡി.എഫിന് 40ലധികം സീറ്റുകള്‍ മാത്രമാണ് ലീഡുള്ളത്. ഇടതുപക്ഷത്തിന്റെ പല ഉറച്ച് കോട്ടകളും യു.ഡി.എഫിന്റെ മുന്നേറ്റത്തില്‍ അടിപതറി. ഏറെ കാലം ഇടതിനെ പിന്തുണച്ചിരുന്ന കോഴിക്കോടും കൊല്ലവുമെല്ലാം ഇത്തവണ യു.ഡി.എഫ് ആധിപത്യത്തിനാണ് സാക്ഷിയാവുന്നത്.

വീണ ജോര്‍ജ്. വി. ശിവന്‍കുട്ടി, എം.ബി രാജേഷ് എന്നിവരടക്കമുള്ള ഏഴോളം മന്ത്രിമാര്‍ പിന്നിലാണ്. ഒപ്പം എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും പിന്നിലാണുള്ളത്.

 

Content Highlight: KK Rama reacts to Pinarayi Vijayan trailing in Dharmadam

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി