[] കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് ജയിലില്‍ നിന്ന് പ്രതി ഭാഗം അഭിഭാഷകരെയും സാക്ഷികളെയും നിരവധി  തവണ വിളിച്ചതായി പോലീസ് കണ്ടെത്തി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് പ്രതിഭാഗം അഭിഭാഷകരെയും നാല് സാക്ഷികളെയും വിളിച്ച ഫോണ്‍ കോള്‍ രേഖയാണ്  അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

പ്രതിഭാഗം അഭിഭാഷകരായ എന്‍.ആര്‍ ഷാനവാസ്, കെ.അജിത് കുമാര്‍, അരുണ്‍, കെ.വിശ്വന്‍, കെ.എം രാംദാസ് എന്നിവരുടെ ഫോണുകളിലേക്കാണ് കിര്‍മാണി മനോജ് അങ്ങോട്ടും അവര്‍ തിരിച്ചും നിരന്തരം വിളിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

ടി.പിയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തുന്ന സമയത്ത് ഉപയോഗിച്ചിരുന്ന 9847562679 എന്ന നമ്പറില്‍ നിന്ന് തന്നെയാണ് ജയിലിനകത്ത് വച്ചും വിളി പോയിരിക്കുന്നത്.

ഷാനവാസ് മാത്രം 109 തവണയാണ് ഈ നമ്പറില്‍ ബന്ധപ്പെട്ടിരിക്കുന്നത്. അഭിഭാഷര്‍ക്ക് ജയിലിലെത്തി പ്രതികളെ കാണാന്‍ അനുവാദമിരിക്കെയാണ് ജയില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഫോണ്‍വിളി നടന്നിരിക്കുന്നത്.

സാക്ഷിവിസ്താരസമയത്ത് പ്രതികളെല്ലാം സാക്ഷികള്‍ തിരിച്ചറിയാതിരിക്കാന്‍ കോടതിയില്‍ വേഷം മാറിയെത്തിയത് വ്യക്തമായ നിര്‍ദ്ദേശപ്രകാരമാണെന്ന നേരത്തെ ഉയര്‍ന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

നാല് സാക്ഷികളെ വിളിച്ചിരിക്കുന്നത് ഓരോ തവണയാണ്. ഇവര്‍ മൂന്ന് പേരും വിചാരണവേളയില്‍ കൂറുമാറിയവരാണ്.

ടി.പിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയിരുന്നുവെന്ന് ആദ്യം മജിസ്‌ട്രേറ്റിന് മൊഴി നല്‍കുകയും പിന്നീട് കോടതിയില്‍ കൂറുമാറുകയും ചെയ്ത ഒന്നാം പ്രതി കൊച്ചക്കാലന്‍ സുമേഷിനെ ഈ വര്‍ഷം ആദ്യമാണ് മനോജ് വിളിച്ചിരിക്കുന്നത്.

കൊലപാതകത്തിന് ശേഷം ആറാം പ്രതി സിജിത്തിനെ കാറില്‍ കയറ്റി കോഴിക്കോട്ട് ഇറക്കിയെന്ന് കണ്ടെത്തിയ 65ാം സാക്ഷിയായ വിജിത്തിനെ കഴിഞ്ഞ ജൂണില്‍ വിളിച്ചിരിക്കുന്നു.

ടി.പി കൊല്ലപ്പെടുന്നതിന് ഒരാഴ്ച്ച മുമ്പ് കൊടിസുനിയും സംഘവും മാഹി വില്ലേജ് ബാറില്‍ ഒത്തുകൂടിയതിന് ദൃക്‌സാക്ഷിയായ 84ാം സാക്ഷി ശ്രീജേഷിനെ ജൂലൈയിലും കാരായി രാജനെതിരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി പിന്നീട് വിസ്തരിക്കാതെ ഒഴിവാക്കിയ 39ാം സാക്ഷി കെ.വി സരീഷിനെയും വിളിച്ചതായി കണ്ടെത്തി.

കൂടുതല്‍ സാക്ഷികളെ വിളിക്കാന്‍ പ്രതികള്‍ ശ്രമിച്ചിട്ടുണ്ടൊ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്.