ഖേല്‍ക്കറുടെ നിയമനം; ഇതൊക്കെ ഭരണത്തിലിരിക്കുന്നവരുടെ തീരുമാനം; പ്രതികരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍
Kerala
ഖേല്‍ക്കറുടെ നിയമനം; ഇതൊക്കെ ഭരണത്തിലിരിക്കുന്നവരുടെ തീരുമാനം; പ്രതികരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍
നിഷാന. വി.വി
Sunday, 24th May 2026, 12:17 pm

തിരുവനന്തരപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രത്തല്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിക്കാതെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

അത്തരം കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അത് ഭരണത്തിലുള്ളവര്‍ തീരുമാനിച്ച് മുന്നോട്ട് പോവുമെന്നുമായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.

അതേസമയം നടപടി വലിയ വിവാദമായിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ സി.പി.ഐ.എം നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തുന്ന അനുഭവം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യു.ഡി.എഫിന് വേണ്ടി കമ്മീഷന്‍ പക്ഷപാതപരവും ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍.ഡി.എഫ് ആരോപണം ശരിവെക്കുന്നതാണ് ഈ പുതിയ നിയമനമെന്നും സി.പി.ഐ.എം കുറ്റുപ്പെടുത്തി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബി.ജെ.പി സീല്‍ കാണപ്പെട്ടതും ഈ ഒത്തുകളിയുടെ തെളിവാണെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തന്‍ ഖേല്‍ക്കര്‍ ഇന്ന് ചുമതലയേല്‍ക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അവധി ദിനത്തില്‍ തന്നെ ചുമതലയേറ്റെടുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഒീഫീസറായിരുന്ന ഡോ. രത്തന്‍ യു. ഖേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയാക്കിയതില്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വിമര്‍ശനമുയര്‍ന്നിരുന്നു.

Content Highlight: Khelkar’s appointment as the Chief Minister’s Secretary; This is a decision of those in power; KC Venugopal says he has nothing to say

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.