തിരുവന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. ഡാമിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാടിന്റെ നിര്‍ദേശത്തോടുള്ള വിയോജിപ്പ് ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ ഡാം നിര്‍മ്മിക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ഉറച്ച നിലപാടമെന്നും അദ്ദേഹം വ്യക്തമാക്കി. ‘തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്നതാണ് സംസ്ഥാനത്തിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നാണ് (ഓഗസ്റ്റ് അഞ്ച്, ബുധന്‍) മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് പ്രഖ്യാപിച്ചത്. വിജയ് സര്‍ക്കാറിന്റെ ആദ്യ ബജറ്റിലായിരുന്നു പ്രഖ്യാപനം. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താനുള്ള ശ്രമം തുടരുമെന്ന് ബജറ്റില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
‘ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തല്‍, ആനമലയാര്‍, നല്ലൂര്‍ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കല്‍, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ വേഗത്തിലുള്ള പൂര്‍ത്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കും’ എന്നാണ് തമിഴ്‌നാട് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്.
അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളം ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2014 ലെ സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടി വരെ ഉയര്‍ത്താന്‍ തമിഴ്നാടിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ 152 അടിവരെ ഉയര്‍ത്താന്‍ തമിഴ്നാട് മുന്‍പും ആവശ്യപ്പെട്ടിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
1895-ല്‍ നിര്‍മ്മിച്ച അണക്കെട്ടിന് 130 വര്‍ഷത്തിലേറെ പഴക്കമുണ്ട്. നിലവില്‍ 136 അടിയാണ് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ്. മുല്ലപ്പെരിയാറിന് പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടയില്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ കേന്ദ്രം മാറ്റിയതും വിവാദമായിരുന്നു.
Content Highlight: Kerala Water Resource Minister Against Tamil Nadu Governments Decision to Increase Water Level at Mullaperiyar