തിരുവനന്തപുരം: സംസ്ഥാത്ത് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥാന നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കോഴിക്കോട് ജില്ലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലയിലെ ജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉഷ്ണതരംഗത്തിന്റെ ഭാഗമായി കാലാവസ്ഥയില്‍ നേരിയ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെന്നും സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു.


നേരത്തെ തന്നെ കേരളത്തിന്റെ വടക്കന്‍ മേഖലയില്‍ ഇത്തരമൊരു സാഹചര്യം വരാന്‍ പോകുന്നു എന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോഴിക്കോട് കഴിഞ്ഞ രണ്ട് ദിവസമായി 3 ഡിഗ്രിക്ക് മുകളില്‍ താപനില വര്‍ധിച്ചിരുന്നു. പുറത്ത് ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ വരുന്ന ഏതാനും ദിവസങ്ങളില്‍ വലിയ തോതില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ പെട്ടെന്ന് ചൂട് കൂടിയേക്കാമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ മാര്‍ച്ച് അഞ്ചിന് ശരാശരിയില്‍നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട് എന്നും അനുമാനമുണ്ട്.