തിരുവനന്തപുരം: ലഹരി വ്യാപനത്തിനെതിരായ ഓപ്പറേഷന്‍ തൂഫാന് ശേഷം ജനകീയ പങ്കാളിത്തത്തോടെ അഴിമതി തടയാനായുള്ള പദ്ധതിയുമായി ആഭ്യന്തര വകുപ്പ്. പ്രോജക്റ്റ് സീറോ എന്ന പേരിലാണ് ആഭ്യന്തര വകുപ്പ് ഈ കാമ്പയിന്‍ ആരംഭിച്ചത്. സംസ്ഥാനത്തെ യുവാക്കള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാവാന്‍ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഓപ്പറേഷന്‍ തൂഫാന്‍ പോലെ ഈ സാമൂഹ്യ പ്രതിബദ്ധതാ ദൗത്യവും കേരളം ഏറ്റെടുക്കുമെന്നാണ് എന്റെ പ്രതീക്ഷയെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അഴിമതിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ ‘വിജിലന്‍സ് വിസില്‍’ മുഴക്കുന്ന മുന്നേറ്റമാണിത്. അഴിമതിയെ തുരത്താന്‍ നമ്മുടെ യുവജനതയ്ക്ക് പ്രൊജക്റ്റ് സീറോയുടെ ഭാഗമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിജിലന്‍സ് കമാന്‍ഡോ ഇനിഷ്യേറ്റീവ് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല  നിര്‍വ്വഹിക്കും.

ശ്രീകാര്യം ലൊയോള സ്‌കൂളില്‍ രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍  ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അധ്യക്ഷത വഹിക്കും. കഴക്കൂട്ടം എം.എല്‍.എ വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും.

നിവിന്‍ പോളി അഴിമതിക്കെതിരായ പ്രതിജ്ഞ യുവാക്കള്‍ക്ക് ചൊല്ലിക്കൊടുക്കും. കേരള ഗവര്‍ണറുടെ സെക്രട്ടറി ഡോ. കെ വാസുകി മുഖ്യാതിഥിയാകും. ഡി.ജി.പി യും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം പദ്ധതി വിശദീകരണം നടത്തും.

‘ആദ്യ വിജിലന്‍സ് കമാന്‍ഡോയായി പ്രിയപ്പെട്ട നിവിന്‍ പോളി നാളെ തിരുവനന്തപുരം ലയോള സ്‌കൂളില്‍ വിജിലന്‍സ് വിസില്‍ മുഴക്കും. നമുക്ക് തടയാം അഴിമതി,’ രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജനകീയ പങ്കാളിത്തത്തോടെ കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കി മാറ്റാനാണ് ‘പ്രോജക്ട് സീറോ’ പദ്ധതിയെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ കൈക്കൂലി തടയും. സര്‍ക്കാര്‍ സേവനങ്ങള്‍ അഴിമതിയില്ലാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഉറപ്പാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

”അഴിമതിയില്ലാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കും. പല ഓഫിസുകളിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പോലും കൈക്കൂലി നല്‍കേണ്ടിവരാറുണ്ട്. അവ കര്‍ശനമായി തടയും,’ എന്നായിരുന്നു മന്ത്രി പറഞ്ഞത്.

അഴിമതി നടക്കുന്നതറിഞ്ഞാല്‍ ജനങ്ങള്‍ക്ക് വിജിലന്‍സ് വകുപ്പിനെ വിവരമറിയിക്കാന്‍ സംവിധാനമുണ്ടാവും. വിവരം നല്‍കുന്നവരെക്കുറിച്ചുള്ള കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

Content Highlight: Kerala Home Minister Ramesh Chennithala about Anti Bribery Drive Project Zero