വിദ്യാര്‍ത്ഥികള്‍ക്ക് ഗുണപരമായ പല പദ്ധതികളും പല സര്‍ക്കാരുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പലതും ഗുണഭോക്താക്കള്‍ക്കിടയിലേക്ക് എത്തുന്നില്ല എന്നത് തന്നെയാണ് പ്രധാന പരിമിതി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ധനുസ് പദ്ധതിയെ പരിചയപ്പെടുത്തുകയാണിവിടെ.

ഇന്ത്യയിലെ മികവുറ്റ കോളജുകളില്‍ ബിരുദാനന്തര ബിരുദത്തിനു പ്രവേശനം നേടാന്‍ ബിരുദ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പരിശീലന പരിപാടിയാണ് ധനുസ്.രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു പരിശീലന പരിപാടി ആരംഭിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലയിലാണ് നടപ്പിലാക്കുന്നതെന്നും താമസിയാതെ മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് ഉന്നതവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി
നടപ്പാക്കുന്നത്. പ്രവേശനപരീക്ഷയുടെ മാര്‍ക്കിന്റെയും എസ്.എസ്.എല്‍.സി പ്ലസ്ടുമാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 200 ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കുക.

ഇംഗ്ലിഷ്,കണക്ക്,സ്റ്റാറ്റിസ്റ്റിക്‌സ്,ബയോളജിക്കല്‍ സയന്‍സ്,എക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന നാല്‍പതുപേര്‍ക്കു വീതമാണ് പരിശീലനം.അക്കാദമിക് പരിശീലനത്തിനോടൊപ്പം മോട്ടിവേഷന്‍ പ്രോഗ്രാമുകളും വിജയം കൈവരിച്ച വ്യക്തികളുമായുള്ള സംഭാഷണങ്ങളും ഉണ്ടാകും.ഉന്നത നിലയിലുള്ള പഠനത്തിന് കായികാരോഗ്യത്തിനും മാനസികാരോഗ്യത്തിനുമുള്ള പ്രാധാന്യം വ്യക്തമാക്കുന്ന ക്ലാസുകളും നല്‍കും.സര്‍ക്കാര്‍ കോളജുകളിലെ വിദഗ്ധരായ അധ്യാപകരാണ് പരിശീലകര്‍.