കൊല്‍ക്കത്ത: ഏതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ലീഗ്? ആരാധകര്‍ക്കും ഫുട്‌ബോള്‍ പണ്ഡിതര്‍ക്കും ഇടയില്‍ ഇന്നും ചര്‍ച്ച നടക്കുന്ന ചോദ്യമാണത്. ഉത്തരം ഐ.എസ്.എല്‍ എന്നായാലും ഐ ലീഗെന്നായാലും ആരാധകന് നല്ല ഫുട്‌ബോള്‍ കാണാനും ആസ്വദിക്കാനും യാതൊരു തടസവുമില്ല. അതിപ്പോള്‍ പണമൊഴുകുന്ന ഐ.എസ്.എല്ലായാലും ദേശീയ ലീഗായ ആ ലീഗ് ആയാലും.

കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നേരിട്ടിരുന്നു. സമനിലയായിരുന്നു മത്സരഫലം. പ്ലേഓഫിലേക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ഇതോടെ മങ്ങുകയും ചെയ്തു. ഇപ്പോഴും കൊല്‍ക്കത്തയില്‍ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമുള്ളത്.

17ാം തിയ്യതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് അടുത്ത മത്സരം. അതിന് മുന്നോടിയായി വീണുകിട്ടിയ ഇടവേള ആസ്വദിക്കുകയാണ് താരങ്ങള്‍. ഇതിനിടെ ഇന്നലെ സാള്‍ട്ട് ലേക്കില്‍ നടന്ന ഗോകുലം കേരള എഫ്.സിയും മോഹന്‍ ബഗാനും തമ്മിലുള്ള മത്സരം കാണാന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജര്‍ ഡേവിഡ് ജെയിംസുമെത്തി.