കാവ്യകല
(The Art of Poetry by Jorge Luis Borges)
കവിത | ഹോര്‍ഹെ ലൂയിസ് ബോര്‍ഹസ്
മൊഴിമാറ്റം | സ്വാതി ജോര്‍ജ്
വര | മജ്‌നി
കാലവും ജലവും കൊണ്ടുള്ള ഒരു പുഴയെ നോക്കി
കാലം മറ്റൊരു പുഴയാണെന്ന് ഓര്‍ക്കുക.
നാം ഒരു പുഴപോലെ ഗതിമാറുന്നുവെന്ന്,
മുഖങ്ങള്‍ ജലം പോലെ മാഞ്ഞു പോകുന്നുവെന്നറിയുക.
സ്വപ്നമില്ലായ്മ സ്വപ്നം കാണുന്ന മറ്റൊരു സ്വപ്നമാണു
ഉണര്‍ച്ച എന്നതും, നമ്മുടെ എല്ലുകളിലുറയുന്ന മരണഭയം,
രാത്രിയില്‍ നാം സ്വപ്നമെന്ന് വിളിക്കുന്ന
മരണമാണെന്നും അനുഭവിച്ചറിയുക.
ഓരോ ദിനത്തിലും വര്‍ഷത്തിലും, മനുഷ്യന്റെ
ആകെ ദിനവര്‍ഷങ്ങളുടെ അടയാളം കാണുക,
എന്നിട്ട് വര്‍ഷങ്ങളുടെ നിഷ്ഠുരതയത്രയും
ഒരു സംഗീതമായി, ശബ്ദമായി, അടയാളമായി മാറ്റിത്തീര്‍ക്കുക.
മരണത്തിലൊരു സ്വപ്നം കാണുക,
അസ്തമയത്തിലൊരു സുവര്‍ണ്ണദുഃഖം,
കവിത അങ്ങനെയുള്ളതാണു, വിനീതവും അനശ്വരവും,
പ്രഭാതവും പ്രദോഷവും പോലെ, തിരികെ വന്നുകൊണ്ടിരിക്കുന്നത്.
ചില വൈകുന്നേരങ്ങളില്‍ കണ്ണാടിയുടെ ആഴങ്ങളില്‍ നിന്ന്
നമ്മെ നോക്കുന്ന ഒരു മുഖമുണ്ട്.
നമുക്കോരോരുത്തര്‍ക്കും മുഖം വെളിപ്പെടുത്തിത്തരുന്ന
അത്തരമൊരു കണ്ണാടിയായിരിക്കണം കല.
അവര്‍ പറയുന്നു, അദ്ഭുതങ്ങളാല്‍ തളര്‍ന്ന യുള്ളിസീസ്
എളിയ, ശ്യാമളമായ ഇത്താക്കയെ കണ്ട് സ്‌നേഹത്തോടെ കരഞ്ഞുവെന്ന്. കല എന്നത് ആ ഇത്താക്കയാണു,
അദ്ഭുതങ്ങളല്ല, ശ്യാമളമായ നിത്യത.
ഒഴുകുന്നൊരു പുഴ കണക്കെ അന്തമില്ലാത്തതാണു കവിത,
കടന്നു പോകുമ്പോഴും നിലനില്‍ക്കുന്ന,
അയാള്‍ തന്നെയായിരിക്കുമ്പോഴും മറ്റൊരാളായിരിക്കുന്ന,
അസ്ഥിരനായ അതേ ഹെരാക്ലിറ്റസിനു, ഒഴുകും പുഴ പോലൊരു കണ്ണാടി
………..
ഹോര്‍ഹെ ലൂയിസ് ബോര്‍ഹസ്
*യുള്ളിസീസ് – ഇത്താക്കയിലെ രാജാവായിരുന്ന , ഒഡീസിയൂസ്.
ഹെരാക്ലിറ്റസ് – ഒരേ പുഴയില്‍ രണ്ട് തവണ ഇറങ്ങാനാവില്ല എന്ന് പറഞ്ഞ ഗ്രീക്ക് തത്വചിന്തകന്‍.
ഹോര്‍ഹെ ലൂയിസ് ബോര്‍ഹസ്

ഹോര്‍ഹെ ലൂയിസ് ബോര്‍ഹസ് (24 ആഗസ്റ്റ് 1899 – 14 ജൂണ്‍ 1986), ഒരു അര്‍ജന്റീനിയന്‍ സാഹികത്യലോകത്തെ പ്രമുഖന്‍. ചെറുകഥാകൃത്ത്, ലേഖകന്‍, കവി, വിവര്‍ത്തകന്‍ , എന്നീ നിലകളിലും അറിയപ്പെടുന്നു. അവാസ്തവികമായ വ്യക്തിത്വത്തെ പുണരുന്നവയാണ് ഇദ്ദേഹത്തിന്റെ കൃതികളെല്ലാം. 1940ല്‍ പുറത്തിറങ്ങിയ ഇദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകങ്ങളായ ഫിക്ഷന്‍സ്, ദി ആലെഫ്, എന്നിവ സ്വപ്നം, സങ്കീര്‍ണത, തത്ത്വശാസ്ത്രം, മതം തുടങ്ങി സമാനമായ ആശയങ്ങള്‍ സമ്മേളിക്കുന്ന ചെറുകഥകളുടെ സമാഹാരമാണ്.
തത്ത്വശാസത്ര സാഹിത്യത്തിലും ഫാന്റസിയിലും ബോര്‍ഹസിന്റെ തൂലികയില്‍ നിന്നും നിരവധി സംഭാവനകളുണ്ടായിട്ടുണ്ട്.
സ്വാതി ജോര്‍ജ്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മജ്‌നി തിരുവങ്ങൂര്‍

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.

