ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ആദ്യ പ്ലേഓഫ് മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഗുജറാത്ത് സൂപ്പര്‍ പേസര്‍ കഗീസോ റബാദയ്ക്ക് നാണക്കേടിന്റെ റെക്കോഡും. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ റബാദ 54 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് നേടിയത്. 13.50 എന്ന എക്കോണമിയിലാണ് താരം ബോളെറിഞ്ഞത്.
മൂന്ന് സിക്‌സറുകളും താരം മത്സരത്തില്‍ വഴങ്ങിയിരുന്നു. ഇതോടെ ഐ.പി.എല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന താരമാകുകയാണ് റബാദ. ചെന്നായുടെ അന്‍ഷുല്‍ കാംബോജിനെ മറികടന്നാണ് പ്രോട്ടിയാസ് താരം ഈ റെക്കോഡ് ലിസ്റ്റില്‍ ഒന്നാമനായത്.

കഗീസോ റബാദ
ഐ.പി.എല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന താരങ്ങള്‍
കഗീസോ റബാദ (ഗുജറാത്ത് ടൈറ്റന്‍സ്) – 35
അന്‍ഷുല്‍ കാംബോജ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്) – 34
റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്) – 33
കുല്‍ദീപ് യാദവ് (ദല്‍ഹി ക്യാപ്പിറ്റല്‍സ്) – 29
സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റുകളാണ് റബാദ നിലവില്‍ സ്വന്തമാക്കിയത്. 21.04 എന്ന ആവറേജിലും 9.49 എന്ന എക്കോണമിയിലുമാണ് റബാദ ബോളെറിയുന്നത്. സീസണില്‍ പര്‍പ്പിള്‍ ക്യാപ് ഹോള്‍റും താരമാണ്. മാത്രമല്ല ഐ.പി.എല്‍ സീസണുകളില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി റെക്കോഡ് നേടാനും റബാദയ്ക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന താരമായി റബാദ മാറിയത്. ഐ.പി.എല്‍ കരിയറില്‍ ഇതുവരെ 99 മത്സരങ്ങള്‍ കളിച്ച റബാദ 145 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
അതേസമയം ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 2026ലെ ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ 92 റണ്‍സിനായിരുന്നു ബെംഗളൂരു ഗുജറാത്തിനെ തകര്‍ത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഗുജറാത്തിനെതിരെ ഉയര്‍ത്തിയത്. ഐ.പി.എല്‍ പ്ലേ ഓഫില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്. വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.
മത്സരത്തില്‍ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റന്‍ സ്‌കോര്‍ നേടിയത്. 33 പന്തില്‍ നിന്നും പുറത്താവാതെ 93 റണ്‍സ് നേടിയാണ് ആര്‍.സി.ബി ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറും ഒമ്പത് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 281.82 എന്ന വമ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.
Content Highlight: Kagiso Rabada In Top Of Unwanted Record List Of IPL
