രാജുവേട്ടന്റെ കെ.ജി.എഫ് അഥവാ കാണിയാര്‍ ഗോള്‍ഡ് ഫീല്‍ഡ്... കുഞ്ഞമ്പു നമ്പ്യാരെയും പള്ളിച്ചട്ടമ്പിയെയും വെറുതെ വിടാന്‍ ട്രോളന്മാര്‍ക്ക് ഉദ്ദേശമില്ല
Malayalam Cinema
രാജുവേട്ടന്റെ കെ.ജി.എഫ് അഥവാ കാണിയാര്‍ ഗോള്‍ഡ് ഫീല്‍ഡ്... കുഞ്ഞമ്പു നമ്പ്യാരെയും പള്ളിച്ചട്ടമ്പിയെയും വെറുതെ വിടാന്‍ ട്രോളന്മാര്‍ക്ക് ഉദ്ദേശമില്ല
അമര്‍നാഥ് എം.
Monday, 27th July 2026, 5:20 pm

തിയേറ്ററിലെ പരാജയത്തിന് ശേഷം ഒ.ടി.ടിയിലെത്തിയ പള്ളിച്ചട്ടമ്പിയെ കീറിമുറിക്കുകയാണ് ട്രോളന്മാര്‍. അതിഗംഭീരമായ തീമായിരുന്നിട്ടും അതിനെ കെട്ടുറപ്പില്ലാത്ത തിരക്കഥ കാരണം മോശം സിനിമാനുഭവമാക്കി മാറ്റി. ചിത്രത്തില്‍ വെറും പത്ത് മിനിറ്റ് മാത്രം പ്രത്യക്ഷപ്പെട്ട് വമ്പന്‍ ട്രോള്‍ മെറ്റീരിയലായി മാറിയത് പൃഥ്വിരാജ് സുകുമാരനാണ്.

വന്‍ ഹൈപ്പില്‍ അവതരിപ്പിച്ച പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടത്. പത്തുമിനിറ്റ് തികച്ചില്ലാത്ത വേഷമാണെങ്കിലും വമ്പന്‍ ട്രോളാണ് പൃഥ്വിക്ക് ലഭിക്കുന്നത്. ടെററായിട്ടുള്ള ചെറുപ്പത്തിലെ ലുക്കിനെ വെറും കോമഡിയാക്കിയാണ് പിന്നീട് പൃഥ്വിയെ അവതരിപ്പിച്ചത്. പൃഥ്വിക്ക് ഒട്ടും ചേരാത്ത വെപ്പുതാടിയാണ് തിരിച്ചടിയായത്.

ഇപ്പോഴിതാ പൃഥ്വിയുടെ കഥാപാത്രത്തെ കെ.ജി.എഫുമായി കണക്ട് ചെയ്തുകൊണ്ടുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്. വിമോചന സമരത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ യാതൊരു ആവശ്യവുമില്ലാത്ത സ്വര്‍ണഖനിയുടെ കഥ കുത്തിക്കയറ്റിയെന്നാണ് വിമര്‍ശനം. ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനിനെ കെ.ജി.എഫുമായി ചിലര്‍ കണക്ട് ചെയ്യുന്നുമുണ്ട്.

കെ.ജി.എഫിന്റെ ആദ്യഭാഗത്തില്‍ വില്ലനായ ഗരുഡയെ നായകനായ റോക്കി അയാളുടെ മടയില്‍ പോയി കൊല്ലുകയാണ്. പള്ളിച്ചട്ടമ്പിയിലേതും സമാനമായ സീനാണ്. വില്ലനെ കൊല്ലുന്നതിന് പകരം അയാളുടെ സാമ്രാജ്യത്തില്‍ പോയി വെല്ലുവിളിക്കുകയും നേര്‍ക്ക് നേരുള്ള പോരാട്ടം തുടങ്ങുകയും ചെയ്യുന്നിടത്ത് പള്ളിച്ചട്ടമ്പി അവസാനിക്കുകയാണ്. ബാക്കി രണ്ടാം ഭാഗത്തില്‍ കാണിക്കാമെന്ന് പറഞ്ഞ് സംവിധായകന്‍ പ്രേക്ഷകരെ പറ്റിച്ചതും ട്രോളിന് ഇരയാകുന്നുണ്ട്.

‘യഷിന് ഇനി റെസ്റ്റ് എടുക്കാം, കെ.ജി.എഫ് ഇനി രാജുവേട്ടന്‍ ഭരിക്കും… ഒരു വ്യത്യാസം മാത്രം, അത് കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്, ഇത് കാണിയാര്‍ ഗോള്‍ഡ് ഫീല്‍ഡ്’, ‘കെ.ജി.എഫ് പോലെ ഒരു സിനിമ മലയാളത്തില്‍ വേണമെന്ന് ഇനിയാരും പറയരുത്… പറഞ്ഞാല്‍ ഇതാകും അവസ്ഥ’, ‘കെ.ജി.എഫ് മലയാളത്തില്‍ ചെയ്യാന്‍ നമുക്ക് ആകെ ഒരു രാജുവേട്ടനല്ലേ ഉള്ളൂ’ എന്നിങ്ങനെയാണ് ട്രോളുകള്‍.

ഇത് മാത്രമല്ല, ചിത്രത്തില്‍ സംവിധായകന്‍ റേപ്പിനെ തമാശയായി ചിത്രീകരിച്ചതും ഉമ്മന്‍ ചാണ്ടിയെ ആവശ്യമില്ലാതെ കഥയിലേക്ക് കുത്തിക്കയറ്റിയതുമെല്ലാം വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. എല്ലാത്തിനും പുറമെ കുക്കു എഫ്.എമ്മില്‍ കഥ പറയുന്നത് പോലുള്ള സിദ്ദിഖിന്റെ നരേഷനും ട്രോളന്മാരുടെ ഇരയായി മാറി.

Content Highlight: K G F flavor in Pallichattambi movie getting trolls

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം