തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. കൂടുതല്‍ ബാറുകള്‍ ഫോര്‍സ്റ്റാറിന് അപേക്ഷിച്ചാല്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

വിധിയെ തുടര്‍ന്ന് അടച്ചു പൂട്ടിയവയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകളും ഉള്‍പ്പെടുന്നുണ്ടെന്നും ഇവര്‍ ലൈസന്‍സ് ആവശ്യപ്പെട്ടാല്‍ എന്തു നടപടി സ്വീകരിക്കുമെന്ന് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൂട്ടിയ ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുത്ത് ബീവറേജസ് കോര്‍പറേഷന് കൈമാറുമെന്നും ക്ലബ്ബുകളിലെ മദ്യ വില്‍പന തുടരുമെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തില്‍ തുടര്‍ നടപടിയെ കുറിച്ച് നികുതി സെക്രട്ടറിയും എക്‌സൈസ് കമ്മീഷണറും പഠിക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തെ 250 ബാറുകളാണ് ഇന്ന് അടച്ച് പൂട്ടിയത്. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 31ന് 418 ബാറുകളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.

ഇതോടെ 668 ബാറുകളാണ് സംസ്ഥാനത്ത് അടച്ചുപൂട്ടിയത്. 22 ഫൈവ്സ്റ്റാര്‍ ബാറുകളും 32 ഫോര്‍ സ്റ്റാര്‍ ബാറുകളും എട്ട് ഹെറിറ്റേജ് ബാറുകളുമാണ് ഇനി മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക.

അതേസമയം മദ്യനയത്തിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ബാറുടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷന്‍ വെങ്കിട്ടരാമനാണ് ബാറുടമകള്‍ക്ക് വേണ്ടി ഹാജരാകുന്നത്. ഉച്ചയ്ക്ക് 1.45ന് ഡിവിഷന്‍ ഹരജി ബെഞ്ച് പരിഗണിക്കും.