ലോകമെമ്പാടുമുള്ള സിനിമാ ആരാധകര്‍ കാത്തിക്കുന്ന ചിത്രമാണ് ജുറാസിക് വേള്‍ഡ് ദി ഡൊമിനിയന്‍. ക്രിസ് പാറ്റ് നായകനായെത്തുന്ന ജുറാസിക് വേള്‍ഡ് ജുറാസിക് പാര്‍ക്ക് സീരിസിലെ ആറാമത്തെ സിനിമയാണ്. ജൂണ്‍ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഇതില്‍ തന്നെ ആദ്യം ഇറങ്ങിയ മൂന്ന് സിനിമകള്‍ ജുറാസിക് പാര്‍ക്ക് ട്രലജിയും 2022ല്‍ റിലീസിനൊരുങ്ങുന്ന ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് സിനിമകള്‍ ജുറാസിക് വേള്‍ഡ് ട്രലജിയുമാണ്. ഒടുവില്‍ ഇറങ്ങിയ രണ്ട് ചിത്രങ്ങളുടെ തുടര്‍ച്ചയാണ് ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍.

നായകനായ ഒവന്‍ ഗ്രാഡി, ബ്ലൂ എന്ന ദിനോസറിന് കൊടുത്ത വാക്കാണ് ജുറാസിക് വേള്‍ഡ് ഡൊമിനിയനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ജുറാസിക് വേള്‍ഡ് ഒന്നാം ഭാഗത്തില്‍ ജുറാസിക് പാര്‍ക്കില്‍ വെച്ചാണ് ഒവന്‍ ബ്ലുവുമായുള്ള തന്റെ ബന്ധം തുടങ്ങുന്നത്. ബ്ലുവിന് തന്റെ സഹോദരങ്ങളെ നഷ്ടമാകുന്നത് ജുറാസിക് വേള്‍ഡ് ഒന്നാം ഭാഗത്തിലാണ്. ജുറാസിക് തീം പാര്‍ക്കിന്റെ നാശത്തോടെ അതിന്റെ ശില്‍പികളെല്ലാം പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഇസ്ലാ ന്യൂബ്ലാര്‍ ദ്വീപ് വിട്ട് പോകുന്നതിലാണ് ചിത്രം അവസാനിക്കുന്നത്.

ജുറാസിക് വേള്‍ഡ് തീം പാര്‍ക്ക് നശിപ്പിക്കപ്പെട്ട് മൂന്ന് വര്‍ഷത്തിന് ശേഷം ഓവന്‍ ഇസ്ലാ ന്യൂബ്ലാര്‍ ദ്വീപിലേക്ക് വീണ്ടുമെത്തുന്നതാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. ദ്വീപിലെ പൊട്ടിത്തെറിക്കാന്‍ പോകുന്ന അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ശേഷിക്കുന്ന ദിനോസറുകളെയും ഒപ്പം തന്റെ ബ്ലൂവിനേയും രക്ഷിക്കാനാണ് ഓവന്‍ ദ്വീപിലേക്ക് പോകുന്നത്.

ബ്ലൂ ഉള്‍പ്പെടെയുള്ള കുറച്ച് ദിനോസറുകളെ രക്ഷിക്കുകയും അവശേഷിക്കുന്നവരെ അഗ്നിപര്‍വതത്തിനൊപ്പം നശിക്കാന്‍ ഉപേക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഇതിന് ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ജുറാസിക് വേള്‍ഡ് ദി ഫാളന്‍ കിങ്ങ്ഡത്തില്‍ പറയുന്നത്.

മൂന്നാം ഭാഗമായ ജുറാസിക് വേള്‍ഡ് ഡൊമിനിയനില്‍ ബ്ലൂവിന് ഒരു കുഞ്ഞ് കൂടിയുണ്ട്. ഓവനും ഇതേ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അദ്ദേഹത്തിന് ഇപ്പോള്‍ ഭാര്യയും ഒരു മകളുമുണ്ട്. ബ്ലൂവിന്റെ കുഞ്ഞിനെ ഒരു സംഘം പിടിച്ചുകൊണ്ട് പോവുകയും അതിനെ തിരികെ കൊണ്ടു നല്‍കാമെന്ന് ഓവന്‍ നല്‍കുന്ന വാക്കിലുമാണ് ജുറാസിക് വേള്‍ഡ് ദി ഡൊമിനിയന്റെ കഥ ആരംഭിക്കുന്നത്. ബ്ലൂവും ഓവനും തമ്മിലുള്ള ബന്ധം കാണിക്കുന്ന വിഡിയോ ക്ലിപ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.

ഓവന്‍ ബ്ലൂവിന് വാക്ക് കൊടുക്കുന്നതും ഇയാന്‍ മാല്‍ക്കം എന്ന കഥാപാത്രം നിങ്ങള്‍ ഒരു ദിനോസറിന് വാക്ക് കൊടുത്തോ എന്ന് ചോദിക്കുന്നതും നേരത്തെ പുറത്ത് വന്ന ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Content Highlight: Jurassic World The Dominion’s story begins with oven promise to a dinosaur name blue