ന്യൂദല്‍ഹി: എസ്.എ.എഫ് നേതാവ് ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അപലപിച്ച് സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ്. ഇന്ന് വൈകിട്ടായിരുന്നു സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലെത്തി ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പൊലീസ് ശ്രമിച്ചത്. എന്നാല്‍ ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് മടങ്ങി പോവുകയായിരുന്നു.
2021ല്‍ ഒരു പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതിനെതിരായ കേസിലാണ് ഐഷെയെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പൊലീസ് ശ്രമിച്ചതെന്നാണ് വിവരം. ഇത്തരത്തില്‍ പഴയ കേസ് കുത്തിപ്പൊക്കിക്കൊണ്ട് ജന്തര്‍ മന്ദറിലെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അല്ല പോലീസ് നടപടിയെന്ന് വരുത്തിത്തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. എ.കെ.ജി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന്തര്‍ മന്ദര്‍ സമരത്തില്‍ പങ്കെടുത്തവരെ എങ്ങനെയെങ്കിലും ഉപദ്രവിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതേ. ഒരാളെയും തങ്ങള്‍ വിടാന്‍ പോകുന്നില്ല എന്ന് സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഒരു സന്ദേശം കൊടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു.
ഔദ്യോഗിക വാഹനത്തിലായിരുന്നില്ല പൊലീസ് എ.കെ.ജി ഭവനിലെത്തിയതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ‘ഔദ്യോഗിക വാഹനം ഇല്ല. യൂണിഫോം ഇല്ല. അവര്‍ ആരാണെന്നില്ല. ‘ ബ്രിട്ടാസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായിട്ട് ഈ ദല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ നരനായാട്ടിന്റെ വേറൊരു പശ്ചാത്തലമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ ആര്‍.എസ്.എസ് മുഖപത്രമായ ‘ഓര്‍ഗനൈസര്‍’ ബ്രിട്ടാസ് അടക്കമുള്ളവര്‍ക്കെതിരെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെക്കുറിച്ച് ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരണം അറിയിച്ചിരുന്നു.
‘ആര്‍.എസ്.എസിന്റെ മുഖപത്രമായ ‘ഓര്‍ഗനൈസര്‍’ ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഹിറ്റ്ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്.
ജന്തര്‍ മന്തറിലെ പ്രക്ഷോഭത്തില്‍ പങ്കാളികളായ, ആര്‍.എസ്.എസ് ‘കുഴപ്പക്കാര്‍… അപകടകാരികള്‍’ എന്ന് കരുതുന്നവരുടെ പട്ടിക എന്ന രീതിയിലാണ് അവര്‍ തയ്യാറാക്കിയിരിക്കുന്നത്… അതില്‍ മൂന്നാം സ്ഥാനത്ത് എന്റെ പേര് കൂടിയുണ്ട്. ഇതിനെ ഒരു അംഗീകാരമായി, ബഹുമതിയായി തന്നെയാണ് ഞാന്‍ കാണുന്നത്,’ ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അവഹേളിക്കാനും ദേശവിരുദ്ധമായി ചിത്രീകരിക്കാനും ആര്‍.എസ്.എസും ആര്‍.എസ്.എസ് അനുകൂല ‘ഗോദി മീഡിയ’യും കിണഞ്ഞു ശ്രമിച്ചിരുന്നു. അതിന്റെ മറ്റൊരു പതിപ്പാണ് ഈ ഹിറ്റ്ലിസ്റ്റെന്നും ബ്രിട്ടാസ് പറഞ്ഞു.
വളരെ നൈസര്‍ഗികമായി ആരംഭിച്ച ഈ വിദ്യാര്‍ത്ഥി സമരത്തെ ചൈനയുമായി കൂട്ടിക്കെട്ടാന്‍ വരെ ആര്‍.എസ്.എസും മാധ്യമങ്ങളും ശ്രമിച്ചിരുന്നു. കഴിഞ്ഞ കുറേക്കാലങ്ങളായി നമ്മുടെ ചെറുപ്പക്കാരുടെ ഉള്ളില്‍ അടിഞ്ഞുകൂടിയിരുന്ന രോഷമാണ് ഒരു വലിയ തീയായി പുറത്തുവന്നത്. അത് മനസ്സിലാക്കി, അതിന്റെ ഉദ്ദേശ ശുദ്ധിയെ അംഗീകരിക്കുകയാണ് സര്‍ക്കാരും ആര്‍.എസ്.എസും ചെയ്യേണ്ടതെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.
‘ഞങ്ങള്‍ പൊതുരംഗത്ത് നില്‍ക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. ആര്‍.എസ്.എസിന്റെയോ ആര്‍.എസ്.എസിന് കുഴലൂതുന്ന ഗോദി മീഡിയയുടെയോ പരിലാളനയോ പ്രോത്സാഹനമോ പ്രതീക്ഷിച്ചല്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും അവര്‍ക്ക് വേണ്ടി പ്രക്ഷോഭം നയിക്കാനുമാണ് ഞങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ഞങ്ങളെപ്പോലുള്ളവരെ നിങ്ങള്‍ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എന്നത് കൊണ്ട് ഞങ്ങള്‍ ഈ സമരരംഗത്ത് നിന്ന് പിന്മാറുമെന്ന് വ്യാമോഹിക്കേണ്ട. മാത്രവുമല്ല, നിങ്ങള്‍ തയ്യാറാക്കുന്ന ഇത്തരം ഭീഷണികളും ഹിറ്റ്ലിസ്റ്റുകളുമൊക്കെ അംഗീകാരത്തിന്റെ ബാഡ്ജായി മാത്രമാണ് ഞാന്‍ കാണുന്നത്,’ ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Content Highlight: John Britas on Delhi Police’s Move to Arrest Aishe Ghosh
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.