ചെന്നൈ സ്‌ഫോടനം: അന്വേഷണത്തില്‍ കേന്ദ്രത്തിന്റെ സഹായം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിച്ചു
India
ചെന്നൈ സ്‌ഫോടനം: അന്വേഷണത്തില്‍ കേന്ദ്രത്തിന്റെ സഹായം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd May 2014, 9:35 am

[share]

[] ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഗുവാഹത്തി-ബാംഗ്ലൂര്‍ എക്‌സ്പ്രസില്‍ വെച്ചുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ കേന്ദ്രത്തിന്റെ അന്വേഷണത്തെ എതിര്‍ത്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. സംഭവം ഭീകരാക്രമണമായി കണക്കിലെടുത്ത് അന്വേഷിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടിനോടാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്.

ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായം നിരസിച്ച തമിഴ്‌നാട് സര്‍ക്കാര്‍ സംഭവം ക്രിമിനല്‍ കേസായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനയാവും സംഭവത്തിന് പിന്നിലെന്നും ബാംഗ്ലൂരില്‍ വെച്ചാണ് ട്രെയിനില്‍ ബോംബ് വെച്ചിരിക്കുകയെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭീകരാക്രമണത്തിന്റെ സാധ്യതയെ പരിഗണിക്കാതെ സ്‌ഫോടനം ക്രിമിനല്‍ കേസായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വിവധ തലങ്ങളില്‍ നിന്ന് അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണത്തിന്റെ പ്രാരംഭദിശയിലായതിനാല്‍ ഇപ്പോഴൊരു നിഗമനത്തിലേക്ക് എത്തിച്ചേരാന്‍ പറ്റില്ലെന്നും ഡി.ജി.പി അനൂപ് ജെയ്‌സ്്‌വാള്‍ പറഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് ഐ.എസ്.ഐ ബന്ധം ഉള്ളതായി സംശയിക്കുന്ന രണ്ട് പേരെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.   ശ്രീലങ്കന്‍ സ്വദേശികളയായ ശിവപാലന്‍, മുഹമ്മദ് സലിം എന്നിവരെയാണ്  പോലീസ് പിടികൂടിയത്. ഇതിനിടെ ചെന്നൈയില്‍ വീണ്ടും ബോംബ് ഭീഷണിയുണ്ടായി. ഇതെതുടര്‍ന്ന് റോയല്‍ പേട്ടയിലുള്ള മാളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

ഇന്നലെ രാവിലെ 7.25 നായിരുന്നു സംഭവം. സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുവഹാത്തി-ബാംഗ്ലൂര്‍ എക്‌സ്പ്രസിനുള്ളില്‍  എസ് 4, എസ് 5 കോച്ചുകളിലായിരുന്നു സ്‌ഫോടനം ഉണ്ടായത്.  സ്‌ഫോടനത്തില്‍ ഗുണ്ടൂര്‍ സ്വദേശിയായ യുവതി കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.