സൂപ്പര്‍ നേട്ടത്തിലേക്ക് കുതിക്കാന്‍ ബുംറ; ചഹലും ഭുവിയും വാഴുന്ന സിംഹാസനത്തിലേക്ക് തീയുണ്ട വരുന്നുണ്ട്!
ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. മുംബൈയുടെ തട്ടകമായ വാംഖഡെയിലാണ് മത്സരം. പ്ലേഓഫ് സാധ്യതകള്‍ നഷ്ടപ്പെട്ട ഇരു ടീമുകള്‍ളും അഭിമാന വിജയത്തിനാണ് കളത്തിലെത്തുന്നത്.
മത്സരത്തില്‍ ഏവരും ഉറ്റുനോക്കുന്നത് മുംബൈ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനമായിരിക്കും. ഒരു കിടിലന്‍ റെക്കോഡ് ലക്ഷ്യം വെച്ചാണ് താരം ഇന്ന് ഇറങ്ങുന്നത്. ടി-20 ക്രിക്കറ്റില്‍ 350 വിക്കറ്റ് എന്ന നാഴികക്കല്ലിലെത്താനാണ് താരത്തിനുള്ള അവസരം. ഇതിനായി ബുംറയ്ക്ക് ഇനി രണ്ട് വിക്കറ്റുകള്‍ മാത്രം മതി.

ജസ്പ്രീത് ബുംറ
നിലവില്‍ ടി-20യില്‍ ബുംറയ്ക്ക് 348 വിക്കറ്റുകളാണുള്ളത്. 275 ഇന്നിങ്സുകളില്‍ കളിച്ചാണ് പേസര്‍ ഇത്രയും വിക്കറ്റുകള്‍ അക്കൗണ്ടിലാക്കിയത്. ഇന്ത്യ, ഗുജറാത്ത്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കാണ് ബുംറ പന്തെറിഞ്ഞത്.
നിലവില്‍ യുസ്വേന്ദ്ര ചഹലും ഭുവനേശ്വര്‍ കുമാറും മാത്രമാണ് 350 ടി-20 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍. ചഹലിന് 333 ഇന്നിങ്‌സില്‍ നിന്നായി 391 വിക്കറ്റുകളുണ്ട്. 324 ഇന്നിങ്‌സില്‍ നിന്ന് 352 വിക്കറ്റുകളാണ് ഭുവി നേടിയത്.
ഇന്ന് രണ്ട് വിക്കറ്റുകള്‍ നേടാന്‍ സാധിച്ചാല്‍ ടി-20യില്‍ ഇന്ത്യയ്ക്കായി 350 വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമാകാനും രണ്ടാമത്തെ പേസ് ബൗളറാകാനും ബുംറയ്ക്ക് സാധിച്ചു.
അതേസമയം, ഈ സീസണില്‍ ബുംറയ്ക്ക് മികച്ച പ്രകടനങ്ങളൊന്നും കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഇതുവരെ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ബുംറയ്ക്ക് നേടാന്‍ സാധിച്ചത്. സീസണിലെ തുടര്‍ച്ചയായ ആദ്യ അഞ്ച് മത്സരങ്ങളില്‍ ഫാസ്റ്റ് ബൗളര്‍ ഒരു വിക്കറ്റ് പോലും വീഴ്ത്തിയിട്ടില്ലായിരുന്നു.
Content Highlight: Jasprit Bumrah Need Two Wickets To Achieve Great Record Achievement In T-20 Cricket For India