കോപ്പലാശാന്റെ പഴയ ടീം പിന്മാറി; ഇന്ത്യൻ ഫുട്‌ബോളിന് കനത്ത നഷ്ടം
Football
കോപ്പലാശാന്റെ പഴയ ടീം പിന്മാറി; ഇന്ത്യൻ ഫുട്‌ബോളിന് കനത്ത നഷ്ടം
സുദേവ് എ
Saturday, 1st August 2026, 7:16 am

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറി ജംഷഡ്പൂര്‍ എഫ്.സി. അടുത്ത ഐഎസ്എല്‍ സീസണില്‍ ടീം പങ്കെടുക്കില്ലെന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജംഷഡ്പൂര്‍ വ്യക്തമാക്കി.

എ.ഐ.എഫ്.എഫ് നിശ്ചയിച്ച പങ്കാളിത്ത ഫീസ് നല്‍കാന്‍ സാധിക്കാത്തതിന് പിന്നാലെയാണ് ക്ലബ്ബ് ഐ.എസ്.എല്ലില്‍ നിന്ന് വിടവാങ്ങുന്നത്. പുതുക്കിയ വാണിജ്യ ചട്ടക്കൂടിന്റെ ഭാഗമായി 55 ലക്ഷം രൂപയുടെ ആദ്യ ഗഡു അടക്കാനുള്ള അവസാന തീയതിയില്‍ ടീമിന് തുക നല്‍കാന്‍ സാധിച്ചിരുന്നില്ല.

ജൂലൈ 20ന് ഫീസ് അടക്കണമെന്നായിരുന്നു ക്ലബ്ബിനുള്ള നിര്‍ദേശം. പണം നല്‍കാന്‍ ജൂലൈ 31 വരെ സമയം നീട്ടി നല്‍കിയെങ്കിലും ക്ലബ്ബിന് പണമടക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ടീം ഐഎസ്എല്ലില്‍ നിന്നും പിന്മാറിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറിയെങ്കിലും ഇന്ത്യയുടെ ഫുട്‌ബോള്‍ വികസനത്തിനും രാജ്യത്തുള്ള യുവ പ്രതിഭകളെ കണ്ടെത്തിക്കൊണ്ട് ദേശീയ, അന്തര്‍ദേശീയ തലങ്ങളിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ജംഷഡ്പൂര്‍ അറിയിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ക്ലബ്ബായ ജംഷഡ്പൂരിന്റെ പിന്മാറ്റം ഇന്ത്യന്‍ ഫുട്‌ബോളില്‍ കനത്ത നഷ്ടമായിരിക്കും സൃഷ്ടിക്കുക.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നീണ്ട ഒമ്പത് വര്‍ഷത്തോളം നീണ്ട യാത്രയ്ക്കാണ് ജംഷഡ്പൂര്‍ അന്ത്യം കുറിച്ചിരിക്കുന്നത്. 2017ലാണ് ജംഷഡ്പൂര്‍ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകുന്നത്. ആ വര്‍ഷം റ്റാറ്റാ സ്റ്റീല്‍ ഐ.എസ്.എല്‍ എക്‌സ്പന്‍ഷന്‍ സ്ലോട്ട് സ്വന്തമാക്കിയതിന് പിന്നാലെയാണ് ജംഷഡ്പൂര്‍ ക്ലബ്ബ് നിലവില്‍ വന്നത്.

2021-22 സീസണില്‍ ലീഗ് ഷീല്‍ഡ് സ്വന്തമാക്കാന്‍ ജംഷഡ്പൂരിന് സാധിച്ചിരുന്നു. ടൂര്‍ണമെന്റിലെ ടീമിന്റെ ഏറ്റവും വലിയ നേട്ടവും ഇത് തന്നെയാണ്.

അതേസമയം മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഈ ടീമുമായി ഒരു വൈകാരിക ബന്ധമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റ മുന്‍ പരിശീലകനായ സ്റ്റീവ് കോപ്പല്‍ ജംഷഡ്പൂരിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2016ല്‍ പരിശീലകനായി എത്തിയ ആദ്യ സീസണില്‍ തന്നെ കേരളത്തിനെ ഫൈനലിലേക്ക് നയിച്ച കോപ്പല്‍ തൊട്ടടുത്ത സീസണിലാണ് ജംഷഡ്പൂരിലേക്ക് കൂടുമാറിയത്. ജംഷഡ്പൂരിനൊപ്പവും മോശമല്ലാത്ത പ്രകടനമായിരുന്നു കോപ്പല്‍ പുറത്തെടുത്തത്. ജംഷെഡ്പൂരിന് ശേഷം അത്‌ലെറ്റികൊ ഡി കൊല്‍ക്കത്തയുടെ പരിശീലകനായും കോപ്പല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Content Highlight: Jamshedpur FC withdraws from Indian Super League

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.