ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍. സീസണിന് മുന്നോടിയായി താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഐ.എസ്.എല്‍ ക്ലബ്ബുകള്‍. ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ഒക്ടോബര്‍ 10ന് ആരംഭിക്കും.

ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യം വെക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സും താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ്. ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ട്രാന്‍സ്ഫറിനെ സംബന്ധിച്ച് ആരാധകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് സൂപ്പര്‍താരങ്ങളെ ടീമിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമം തുടങ്ങിയിരിക്കുകയാണ്.

മിസോറാമിലെ യുവതാരം റാംഹ് ലുന്‍ചുങ്ക, മലയാളി താരം മുഹമ്മദ് സനാന്‍, ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് എന്നീ താരങ്ങളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത്.

റാംഹ്‌ലുന്‍ചുങ്കയെ സ്വന്തമാക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോര്‍വേഡായും വിങ്ങറായും കളിക്കാന്‍ കഴിവുള്ള റാംഹ്‌ലുന്‍ചുങ്കക്ക് ഇടത് വിങ്ങുകളില്‍ കൂടി മികച്ച നീക്കങ്ങള്‍ നടത്താനും സാധിക്കും.

ഐസ്വാള്‍ എഫ്.സി, ശ്രീനിധി ഡെക്കാന്‍, ഹൈദരാബാദ് എഫ്.സി, സ്‌പോര്‍ട്ടിങ് ദല്‍ഹി എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച പരിചയസമ്പന്നനായ താരം ബ്ലാസ്‌റ്റേഴ്‌സിലും മികച്ച സ്വാധീനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ്ങിനെ ടീമിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് നീക്കം തുടങ്ങിയിട്ടുണ്ട്. അമരീന്ദര്‍ സിങ്ങുമായി ബ്ലാസ്റ്റേഴ്സിന്റെ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പല വമ്പന്‍ ക്ലബ്ബുകളുടെയും ഗോള്‍വല കാത്ത അനുഭവസമ്പത്തുള്ള താരമാണ് അമരീന്ദര്‍ സിങ്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ബെംഗളൂരു എഫ്.സി, ഒഡീഷ എഫ്.സി, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്.സി, പൂനെ എഫ്.സി തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയിട്ടുള്ളത്. താരത്തിന്റെ വരവ് ബ്ലാസ്‌റ്റേഴ്‌സിന് കരുത്തുപകരുമെന്നുറപ്പാണ്.

മലയാളി താരം മുഹമ്മദ് സനാനും കേരളത്തിന്റെ റഡാറിലുള്ള താരമാണ്. 2023 മുതല്‍ ജംഷഡ്പൂര്‍ എഫ്.സിയുടെ താരമാണ് സനാന്‍. സാമ്പത്തിക ബാധ്യതകള്‍ കാരണം ജംഷഡ്പൂര്‍ എഫ്.സി ഇന്ത്യന്‍ ഫുട്‌ബോളിനോട് വിടപറഞ്ഞിരുന്നു.

ജംഷഡ്പൂരുമായി കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് സനാന്‍ കേരളത്തിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. സനാന്‍ ഇന്ത്യയിലെ വമ്പന്‍ ക്ലബ്ബുകളിലേക്ക് ചേക്കേറുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരം ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ഫുട്‌ബോളിലെ അടുത്ത വലിയ ടാലന്റ് ആവുമെന്ന് പല ഫുട്‌ബോള്‍ നിരീക്ഷകരും വിശേഷിപ്പിച്ച താരമാണ് സനാന്‍. മലപ്പുറം സ്വദേശിയായ താരം ഇന്ത്യന്‍ അണ്ടര്‍ 20 ടീമിന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.

ആഷ്‌ലി വെസ്റ്റ് വുഡിന്റെ കീഴിലായിരിക്കും ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് വെസ്റ്റ് വുഡ് കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റത്. ഡേവിഡ് കറ്റാലയുടെ പകരക്കാരനായാണ് വെസ്റ്റ് വുഡ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക കുപ്പായമണിഞ്ഞത്.

 

Content Highlight: Kerala Blasters transfer updates 2026-27 Indian super league season