ന്യൂദല്‍ഹി: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ ഊര്‍ജ്ജ തീരുമാനങ്ങള്‍ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസൃതമാണെന്ന് ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷാ ആശങ്കകളോട് യൂറോപ്പ് പുലര്‍ത്തുന്ന നിലപാടുകളിലെ ഇരട്ടത്താപ്പും വൈരുദ്ധ്യങ്ങളും അദ്ദേഹം തുറന്നുകാട്ടുകയും ചെയ്തു. ഫിന്‍ലന്‍ഡില്‍ ‘എമര്‍ജിങ് പവേഴ്‌സ് ആന്‍ഡ് ദി ന്യൂ ജിയോപൊളിറ്റിക്കല്‍ കോമ്പറ്റീഷന്‍’ എന്ന വിഷയത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം.

ഇന്ത്യ ‘റഷ്യയോട് വളരെയധികം അനുകമ്പ കാണിക്കുന്നുണ്ടെന്നും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ രാജ്യം എന്നും തയ്യാറാണല്ലോയെന്നുമുള്ള
മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നിലപാടുകള്‍ കൃത്യമായ യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയുടെ ഊര്‍ജ തീരുമാനങ്ങള്‍ തികച്ചും വിപണിയിലെ വിലയെയും വിതരണ യാഥാര്‍ത്ഥ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജയശങ്കര്‍ വിശദീകരിച്ചു.

‘വിലയും ലഭ്യതയും നോക്കിയാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ആ സമയത്ത്, വിപണിയില്‍ ലഭ്യമായ എണ്ണയുടെ ഭൂരിഭാഗവും റഷ്യന്‍ ആയിരുന്നു. കാരണം യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രധാനമായും മിഡില്‍ ഈസ്റ്റില്‍ നിന്നാണ് എണ്ണ വാങ്ങിയിരുന്നത്. മിഡില്‍ ഈസ്റ്റ് ആകട്ടെ ഇന്ത്യയുടെ പരമ്പരാഗത വിതരണക്കാരായിരുന്നു. യൂറോപ്പ് അവിടെനിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങിയതോടെ സാഹചര്യങ്ങള്‍ ഞങ്ങളെ മറ്റൊരു ദിശയിലേക്ക് (റഷ്യയിലേക്ക്) തള്ളിവിട്ടു.’ ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെയുള്ള യൂറോപ്പിന്റെ നിലപാടിനേയും ദീര്‍ഘകാല സുരക്ഷാ നയങ്ങളെയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഏഷ്യന്‍ മേഖലയിലേക്ക്, പ്രത്യേകിച്ച് ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതില്‍ യൂറോപ്പ് കാണിക്കുന്ന താല്പര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ജയശങ്കര്‍ സംസാരിച്ചത്.

ഇന്ത്യന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഒരു യൂറോപ്യന്‍ രാജ്യത്തെയും ഇതുവരെ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജയശങ്കര്‍, ഇന്ത്യയുമായുള്ള താരതമ്യം പോലെ യൂറോപ്പിനും ഇത്തരമൊരു നിലപാടുണ്ടാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് കൂടി പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളുടെ ആയുധ കയറ്റുമതി പതിറ്റാണ്ടുകളായി ഇന്ത്യയുടെ സുരക്ഷാ താല്പര്യങ്ങളെ ഏതുവിധമാണ് ദോഷകരമായി ബാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

‘യൂറോപ്പ് ഇന്ത്യയെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല, വര്‍ഷങ്ങളായി തുടരുന്നതാണ്. എന്നാല്‍ യൂറോപ്പിനെ അപകടപ്പെടുത്തുന്ന ഒരു കാര്യവും നമ്മള്‍ ഇന്ത്യക്കാര്‍ ഒരിക്കലും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ നിലപാട് തികച്ചും ന്യായമാണെന്ന് ഞാന്‍ കരുതുന്നു,’ ജയശങ്കര്‍ പറഞ്ഞു.

മോസ്‌കോയ്ക്കുമേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ആഗോള ഊര്‍ജ വിപണിയില്‍ വലിയ തടസങ്ങള്‍ നേരിട്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ആഗോള ഊര്‍ജ വിപണികളെ സുസ്ഥിരമാക്കുന്നതില്‍ ഇന്ത്യ വഹിച്ച പങ്ക് അമേരിക്ക പോലും അംഗീകരിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

ആ സമയത്ത് ആഗോള എണ്ണ വിപണി തകരാതിരിക്കാനും സ്ഥിരത നിലനിര്‍ത്താനുമായി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ അമേരിക്ക ഇന്ത്യയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നതായും ജയശങ്കര്‍ പ്രസംഗത്തില്‍ വെളിപ്പെടുത്തി. വിലയും ലഭ്യതയും മുന്‍നിര്‍ത്തി മാത്രമാണ് ഇന്ത്യ ഇപ്പോഴും എണ്ണ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി പാകിസ്താന് വന്‍തോതില്‍ ആയുധങ്ങള്‍ വില്‍ക്കുകയും സൈനിക സഹായം നല്‍കുകയും ചെയ്ത ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നയത്തെയും യൂറോപ്യന്‍ യൂണിയനേയുമാണ് പ്രസംഗത്തില്‍ ജയശങ്കര്‍ പരോക്ഷമായി വിമര്‍ശിച്ചത്.

Content Highlight: Jaishankar defends India’s Russia oil policy, says Europe’s weapons have been used against India