എഡിറ്റര്‍
എഡിറ്റര്‍
കൊലയാളിക്കപ്പലിന് കേരളം വിടാന്‍ ഹൈക്കോടതി അനുമതി നല്‍കി
എഡിറ്റര്‍
Thursday 29th March 2012 3:08pm

കൊച്ചി: രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികനും സുരക്ഷാ ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന കപ്പല്‍ എന്റിക ലെക്‌സിയെ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവ്. കപ്പല്‍ പോലീസ് കസ്റ്റഡിയില്‍ തുടരുന്നത് തങ്ങള്‍ക്ക് വന്‍നഷ്ടമുണ്ടാക്കുന്നുവെന്ന് കാണിച്ച് കപ്പല്‍ ഉടമസ്ഥര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്.

രണ്ട് ഉപാധികളോടെയാണ് കപ്പലിന് കേരളാ തീരം വിടാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 3 കോടി രൂപ ബാങ്ക് ഗ്യാരണ്ടി ഹൈക്കോടതിയില്‍ കെട്ടിവെയ്ക്കുക, അന്വേഷണത്തിനായി അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ ക്യാപ്റ്റനെയും ജീവനക്കാരെയും ഹാജരാക്കുമെന്ന് കപ്പല്‍ ഉടമകള്‍ സത്യവാങ്മൂലം നല്‍കുക എന്നീ ഉപാധികളോടെയാണ് കപ്പല്‍ വിട്ടയക്കാന്‍ ഉത്തരവിട്ടത്. കപ്പലിലെ മറ്റു ജീവനക്കാര്‍ക്ക് കേസുമായി ബന്ധമുണ്ടെങ്കില്‍ ആവശ്യമെങ്കില്‍ കേസെടുക്കാമെന്നും കോടതി അറിയിച്ചു. എന്നാല്‍, അറസ്റ്റിലായ രണ്ടു നാവികരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കപ്പല്‍ ഉടമകള്‍ കോടതിയില്‍ അറിയിച്ചു.

മരിച്ച രണ്ടു മത്സ്യത്തൊഴിലാളികളുടെയും അഭിഭാഷകര്‍ കപ്പല്‍ വിട്ടുകൊടുക്കുന്നതിനെ കോടതിയില്‍ ശക്തമായി എതിര്‍ത്തു. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകാതെ കപ്പല്‍ വിട്ടുനല്‍കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, മര്‍ക്കന്റൈല്‍ വിഭാഗത്തിന്റെ പരിശോധന കഴിഞ്ഞതായും അതുകൊണ്ട് കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

ഫെബ്രുവരി 15 ബുധനാഴ്ചയാണ് കൊല്ലം തീരത്തു നിന്നും മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട് സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളികള്‍ എന്റിക ലെക്‌സിയിലെ നാവികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വെടിയേറ്റ് മരിച്ചത്. ആലപ്പുഴ തീരത്തുനിന്നും 14 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലില്‍ വെച്ചായിരുന്നു വെടിവെപ്പ്. സെന്റ് ആന്റണീസ് എന്ന ബോട്ടിലെ തൊഴിലാളികളായ മൂദാക്കരയില്‍ താമസിക്കുന്ന ജെലസ്റ്റിന്‍, തമിഴ്‌നാട്ടിലെ കുളച്ചിലിനടുത്തുള്ള എരമത്തുറ സ്വദേശികളായ പിങ്കു എന്നിവരാണ് മരിച്ചത്. 42 ദിവമായി കപ്പല്‍ പോലീസ് കൊച്ചി തീരത്ത് പിടിച്ചിട്ടിരിക്കുകയായിരുന്നു.

 

Advertisement