ചെന്നൈയോ മുംബൈയോ? ഐ.പി.എല്ലിലെ മികച്ച ടീമിനെ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍
Cricket
ചെന്നൈയോ മുംബൈയോ? ഐ.പി.എല്ലിലെ മികച്ച ടീമിനെ തെരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍
ഫസീഹ പി.സി.
Friday, 13th March 2026, 11:07 pm

2026 ഐ.പി.എല്‍ സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 28നാണ് സീസണിന് കൊടിയേറുന്നത്. ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരബാദുമാണ് ഏറ്റുമുട്ടുന്നത്. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലാണ് ഈ മത്സരം അരങ്ങേറുക.

ഇപ്പോള്‍ അടുത്ത സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സാണോ മുംബൈ ഇന്ത്യന്‍സാണോ മികച്ച ടീമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഈ ടീമുകളില്‍ ഏതാണ് മികച്ചതെന്നത് എക്കാലത്തെയും തര്‍ക്ക വിഷയമാണെന്നും ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ മുംബൈയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇര്‍ഫാന്‍ പത്താന്‍. Photo: Crictracker/x.com

ടീമിനെ വളര്‍ത്തുന്നതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിന് യുവതാരങ്ങളെ സംഭാവന ചെയ്യുന്നതിനാല്‍ മുംബൈ നേരിയ മുന്‍തൂക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.

‘ഇത് എന്നും ഒരു തര്‍ക്ക വിഷയമാണ്. 2010 മുതല്‍ ചെന്നൈ ട്രോഫികള്‍ നേടി തുടങ്ങിയപ്പോള്‍ അവരായിരുന്നുവെന്ന് പറയാം. അവര്‍ തുടര്‍ച്ചയായി കപ്പുയര്‍ത്തിയിരുന്നു. പക്ഷേ മുംബൈ ചാമ്പ്യന്മാരായി തുടങ്ങിയപ്പോള്‍ അവര്‍ ഇടവിട്ട് ജയിച്ച കൊണ്ടിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിന് അവര്‍ നല്‍കിയ സംഭാവന പരിഗണിക്കുമ്പോള്‍ മുംബൈയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. അവര്‍ ടീമിനെ വളര്‍ത്തുന്നതിനൊപ്പം തന്നെ വലിയ ലക്ഷ്യത്തിലേക്കും സംഭാവന ചെയ്തു.

ചെന്നൈ തങ്ങളാണ് മികച്ചവരെന്ന് പറയുമെന്ന് എനിക്ക് അറിയാം. അത് ന്യായമാണ്. പക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റിന് നിരവധി യുവതാരങ്ങളെ സംഭാവന ചെയ്തതിനാല്‍ മുംബൈയ്ക്ക് നേരിയ മുന്‍തൂക്കമുണ്ട്,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

2021 ഐ.പി.എൽ ട്രോഫിയുമായി സി.എസ്.കെയും 2019 ഐ.പി.എൽ ട്രോഫിയുമായി എം.ഐയും.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ കപ്പ് നേടിയ രണ്ട് ടീമുകളാണ് ചെന്നൈയും മുംബൈയും. ഇരുവര്‍ക്കും അഞ്ച് കിരീടങ്ങളാണുളളത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ചെന്നൈ ജേതാക്കളായത്. മുംബൈ 2013, 2015, 2017, 2019, 2020 എന്നീ വര്‍ഷങ്ങളിലും കപ്പുയര്‍ത്തി.

 

Content Highlight: Irfan Pathan selects Mumbai Indians as best franchise in IPL over Chennai Super Kings

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി