നേടിയത് വെറും 23 റണ്‍സ്; എന്നിട്ടും ആയിരമടിച്ച് രാഹുല്‍
Cricket
നേടിയത് വെറും 23 റണ്‍സ്; എന്നിട്ടും ആയിരമടിച്ച് രാഹുല്‍
ഫസീഹ പി.സി.
Friday, 8th May 2026, 8:35 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ 11 ഓവറുകള്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് റണ്‍സെടുത്തിട്ടുണ്ട്. അക്സര്‍ പട്ടേലും അശുതോഷ് ശര്‍മയുമാണ് ക്രീസിലുള്ളത്.

ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ദല്‍ഹിക്ക് ആദ്യം നഷ്ടമായത്. 14 പന്തില്‍ 23 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. നാല് ഫോറുകളാണ് താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്. 164.29 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

കെ.എൽ. രാഹുൽ. Photo: iplt20.com

മത്സരത്തില്‍ വലിയ ഇന്നിങ്സ് പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും രാഹുല്‍ ഒരു നാഴികക്കല്ല് പിന്നിട്ടു. ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനായി 1000 റണ്‍സ് എന്ന മൈല്‍സ്റ്റോണാണ് താരം പിന്നിട്ടത്. മത്സരത്തിനിടെ 16 റണ്‍സ് നേടിയതോടെയാണ് വിക്കറ്റ് കീപ്പര്‍ നേട്ടം സ്വന്തമാക്കിയത്.

നിലവില്‍ രാഹുലിന് ദല്‍ഹി ജേഴ്‌സിയില്‍ 1007 റണ്‍സുണ്ട്. 24 ഇന്നിങ്സുകളില്‍ കളത്തിലിറങ്ങിയാണ് താരത്തിന്റെ ഈ നേട്ടം. ഇതോടെ ടീമിനായി 1000 റണ്‍സ് നേടുന്ന 11ാമത്തെ താരമാകാനും ഓപ്പണര്‍ക്ക് സാധിച്ചു. റിഷബ് പന്ത്, ഡേവിഡ് വാര്‍ണര്‍, വിരേന്ദര്‍ സേവാഗ്, ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, അക്സര്‍ പട്ടേല്‍, ഗൗതം ഗംഭീര്‍, ദിനേശ് കാര്‍ത്തിക്, ജെ.പി.. ഡുമിനി എന്നിവരാണ് മുമ്പ് നേട്ടം സ്വന്തമാക്കിയവര്‍.

പാതും നിസങ്ക. Photo: IndianPremierLeague/x.com

രാഹുലിന് പുറമെ, പാതും നിസങ്കയുടെയും (29 പന്തില്‍ 50) നിതീഷ് റാണയുടെയും (പത്ത് പന്തില്‍ എട്ട്) സമീര്‍ റിസ്വിയുടെയും (ഏഴ് പന്തില്‍ മൂന്ന്) ട്രിസ്റ്റന്‍ സ്റ്റബ്സിന്റെയും (നാല് പന്തില്‍ രണ്ട്) വിക്കറ്റുകള്‍ ദല്‍ഹിക്ക് നഷ്ടമായി.

കൊല്‍ക്കത്തക്കായി അനുകൂല്‍ റോയ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന്‍, കാര്‍ത്തിക് ത്യാഗി, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍

കെ. എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പാതും നിസങ്ക, സമീര്‍ റിസ്വി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, നിതീഷ് റാണ, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, ലുങ്കി എന്‍ഗിഡി, മിച്ചല്‍ സ്റ്റാര്‍ക്ക്, വിപ്രജ് നിഗം, മുകേഷ് കുമാര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ആംഗ്രിഷ് രഘുവംഷി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, റോവ്മാന്‍ പവല്‍, മനീഷ് പാണ്ഡെ, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, അനുകുല്‍ റോയ്, കാര്‍ത്തിക് ത്യാഗി, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: IPL 2026: DC vs KKR: KL Rahul completed 1000 runs for Delhi Capitals in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി