ഈയിടെ ഫിലിമോക്രസി ഫൗണ്ടേഷന്റെ പ്രൊഡക്ഷന്‍ സപ്പോര്‍ട്ടോടെ ഡോണ്‍ പാലത്തറ തന്റെ രണ്ടാമത്തെ ഫീച്ചര്‍ ഫിലിം “വിത്ത്” പൂര്‍ത്തിയാക്കുകയുണ്ടായി. ഈ സിനിമ പൂര്‍ത്തിയാക്കിയത് 6 ലക്ഷം രൂപയുടെ കൊച്ചു ബജറ്റിലാണ് എന്നതുമാത്രമല്ല; അതില്‍ ഒരു ചെറിയ പ്രൊമോഷണല്‍ ബജറ്റുകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് നമ്മെ ശരിക്കും ഒന്ന് ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
പല കാരണങ്ങള്‍ കൊണ്ടും ഈ സിനിമക്ക് കേരളത്തിലെ സ്വതന്ത്ര സിനിമകളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു ചൂണ്ടുപലകയാവാന്‍ കഴിയുമെന്നു തോന്നുന്നു. മുമ്പേ കണക്കാക്കിയ ബജറ്റിനുളളില്‍ തന്നെ സിനിമ തീര്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് ഒരു കാരണം.
15 ദിവസത്തെ ഷൂട്ടിംഗ് കണക്കാക്കിയിരുന്നത് 11 ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കാന്‍ കഴിഞ്ഞു. വളരെ ചെറിയ ഒരു ക്രൂവും, ചുറ്റുവട്ടത്തുള്ള വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗവും മൂലം ചിലവുകള്‍ കാര്യമായി കുറക്കാന്‍ കഴിഞ്ഞു.
ഫിലിമോക്രസി ഫൗണ്ടേഷന്‍ ലഭ്യമാക്കിയ വളരെ പരിമിതമായ നിര്‍മ്മാണ സാമഗ്രികളും സുഹൃത്തുക്കളില്‍ നിന്നും കടമെടുത്ത ചില ഉപകരണങ്ങളും മാത്രം ഉപയോഗിച്ചാണ് ഷൂട്ടിംഗ് തീര്‍ത്തത്. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കില്‍ കൂടിയും പ്രത്യക്ഷത്തില്‍ യാതൊരു വിട്ടുവീഴ്ചകളും പ്രകടമാകാത്ത ഫലപ്രാപ്തികൊണ്ടുകൂടിയും ആണ് ഈ സിനിമ നമ്മെ ശരിക്കും അതിശയിപ്പിക്കുന്നത്.
ആവശ്യത്തിന് പണമിറക്കാന്‍ ഒരു നിര്‍മ്മാതാവ് ഇല്ലാത്ത അവസ്ഥയിലും സ്വന്തം വിഭവങ്ങള്‍ അങ്ങേയറ്റം പരിമിതമായ ഒരവസ്ഥയിലും, എല്ലാ പ്രതിബന്ധങ്ങള്‍ക്കുമപ്പുറം സ്വന്തം സിനിമ ചെയ്‌തേ മതിയാകൂ എന്ന ഒരു പ്രതിസന്ധിയില്‍ ഡോണിനെപ്പോലെ ഒരു യുവ സംവിധായകന്റെ ഫോക്കസും ഉത്സാഹവും നമുക്ക് ചുറ്റുമുള്ള സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാന്‍ ഉതകും എന്ന് പ്രത്യാശിക്കുന്നു.
ഡോണ്‍ പാലത്തറ
• താങ്കളുടെ ആദ്യത്തെ രണ്ടു സിനിമകള്‍ ശവവും വിത്തും ചെറിയ ബജറ്റില്‍ ചെയ്ത സിനിമകളാണ്. താങ്കള്‍ എങ്ങിനെയാണ് സിനിമയെ സമീപിക്കുന്നത്? സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍ തന്നെ ബജറ്റ് പരിധി
പരിഗണിക്കുമോ? ചെറിയ ബജറ്റില്‍ സിനിമ ചെയ്യുക എന്നത് സിനിമയോടുള്ള സമീപനം തന്നെയാണോ?
ഡോണ്‍: എന്റെ ഭാവനയില്‍ ഉണ്ടായിരുന്ന ആദ്യ സിനിമ വാസ്തവത്തില്‍ ഒരു വലിയ ബജറ്റ് സിനിമയായിരുന്നു. ചെയ്യുന്ന ഓരോ സിനിമയും ഒരു പ്രത്യേക ബജറ്റിനുളളില്‍ തന്നെ ചെയ്യണമെന്ന ഒരു ഉദ്ദേശവും എനിക്കില്ല.
ആ ഒരു സന്ദര്‍ഭത്തില്‍, ലക്ഷ്യമിട്ട ബജറ്റിന്റെ ചെറിയ ഒരു ഭാഗം മാത്രമേ ഞങ്ങള്‍ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞുള്ളൂ. ഒന്നുകില്‍ മുഴുവന്‍ പണവും ഉണ്ടാക്കാന്‍ കഴിയും വരെ കാത്തിരിക്കുക അല്ലെങ്കില്‍ ഉള്ള പണം കൊണ്ട് ചെയ്യാവുന്ന മറ്റേതെങ്കിലും ഒരു സിനിമ ചെയ്യുക എന്നീ രണ്ടു കാര്യങ്ങളാണ് ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത്.
അങ്ങിനെയാണ് ശവം സംഭവിക്കുന്നത്. സ്‌ക്രിപ്റ്റ് എഴുതുന്ന ഘട്ടത്തില്‍ ബജറ്റിനെ കുറിച്ചുള്ള ചിന്തകള്‍ക്ക് ഒരു പരിധിയൊക്കെയുണ്ട്. എന്നെ സംബന്ധിച്ചേടത്തോളം, സ്‌ക്രിപ്റ്റിനു ശേഷമാണ് ബജറ്റ് ഒക്കെ വരുന്നത്, പക്ഷെ ഒരു ഏകദേശ ധാരണയൊക്കെ ഉണ്ടാകും.
ചെറിയ ബജറ്റില്‍ മാത്രമേ സിനിമ ചെയ്യൂ എന്ന നിര്‍ബന്ധബുദ്ധിയൊക്കെ ഉണ്ടാകുന്നത്, അത്രയേ കയ്യിലുളളൂ എന്ന അവസ്ഥയിലാണ്. വിത്ത്, ശവം ഈ രണ്ടു സിനിമകളും തീരെ ചെറിയ ബജറ്റില്‍ തന്നെ തീര്‍ക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
സ്വന്തം സാഹചര്യങ്ങള്‍ക്കും പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട് തന്നെ, നമുക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമ ചെയ്യുക എന്നത് തന്നെയായിരുന്നു പ്രധാനം. ക്രൂവിനും അഭിനേതാക്കള്‍ക്കുമൊക്കെ വേണ്ടത്ര പ്രതിഫലം നല്‍കാന്‍ കഴിയാഞ്ഞതുകൊണ്ട്, വിത്തിന്റെ നിര്‍മ്മാണത്തില്‍ കുറച്ചു കൂടി പൈസ
ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു.
നമ്മള്‍ തന്നെ നിര്‍മ്മാതാവും സംവിധായകനും ആവുന്ന ഒരവസ്ഥയിലാണ് ഇതിനൊക്കെ ഒരു ആദര്‍ശ തലം വന്നു ചേരുന്നത്. അപ്പോള്‍ ഉള്ള പൈസ എവിടെ എന്തിന് ചെലവാക്കണം എന്ന ഒരു ചിന്ത ഉണ്ടാവും. ഈ രണ്ടു സിനിമകളുടെയും കാര്യത്തില്‍, നല്ലതോ മോശമോ ആണെങ്കിലും, ഞാന്‍ തന്നെയായിരുന്നു പണം കൈകാര്യം ചെയ്തതും.
അതുകൊണ്ടുതന്നെ ഓരോ രൂപയും എവിടെ ചെലവഴിക്കണമെന്ന ഉത്തരവാദിത്വവും എന്റെമേലായിരുന്നു. വേറെ ഒരു പ്രൊഡ്യൂസര്‍ ഉണ്ടായിരുന്നെങ്കില്‍, വാസ്തവത്തില്‍ അതിനാണ് എന്റെ മുന്‍ഗണന, സംവിധായകന്റെ ജോലി സംവിധാനം മാത്രമായി ഒതുങ്ങും. അപ്പോള്‍ ക്രിയേറ്റീവ് ആയ കാര്യങ്ങള്‍
ഒഴിച്ച് മറ്റു തീരുമാനങ്ങള്‍ എടുക്കേണ്ട ബാധ്യത ഒരു പരിധിവരെയെങ്കിലും
ഒഴിവാകും.
അങ്ങിനെയൊക്കെ ആണെങ്കില്‍ പോലും വിരുദ്ധ താല്‍പര്യങ്ങളുളള ഒരു പ്രൊഡ്യൂസറുമായി സിനിമ ചെയ്യാന്‍ കഴിയുകയുമില്ല.
• ഈ രണ്ടു സിനിമകളുടെയും ബജറ്റ് എത്രയായിരുന്നു?
ശവത്തിന്റേത് 7 ലക്ഷവും വിത്തിന്റേത് 6 ലക്ഷവും.
• വിത്തിന്റെ കാര്യത്തില്‍ കുറെക്കൂടി പണം ഉണ്ടായിരുന്നെങ്കില്‍ എന്ന് പറഞ്ഞു. ആ പരിമിതികള്‍ സിനിമയുടെ സര്‍ഗാത്മകതയെ എങ്ങിനെയെങ്കിലും ബാധിച്ചുവോ?
തീര്‍ച്ചയായും. നാട്ടില്‍ തന്നെയുള്ള ഒരു വെല്‍ഡര്‍ ഉണ്ടാക്കിയ ട്രാക്കും ഡോളിയുമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. കുറച്ചുകൂടെ ബജറ്റ് ഉണ്ടായിരുന്നെങ്കില്‍ ക്യാമറാ ചലനങ്ങള്‍ കുറെക്കൂടി നന്നാവുമായിരുന്നു.
സൂം ലെന്‍സുകള്‍ക്കു പകരം ബ്‌ളോക്ക് ലെന്‍സുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ദ്യശ്യങ്ങള്‍ക്ക് കുറേക്കൂടി മിഴിവുണ്ടാകുമായിരുന്നു. ഇടക്കുണ്ടായ ഒരു പവര്‍ ബ്രേക്ക് ഡൗണ്‍ മൂലം സുപ്രധാനമായ ഒരു
സീനിനെ അത് ബാധിച്ചു. ശബ്ദരഹിത ജനറേറ്റര്‍ ഉണ്ടായിരുന്നെങ്കില്‍
ഇത്രയും ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു.
കുറച്ചു കൂടെ മെച്ചപ്പെട്ട ബജറ്റുണ്ടായിരുന്നെങ്കില്‍ ഫോളി ചെയ്യാമായിരുന്നു. അതായത്, ബജറ്റ്
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരുപാട് കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
• ബജറ്റ് പരാധീനതകള്‍ പലപ്പോഴും ഫിലിംമേക്കറെ വല്ലാത്ത ഒരു അസ്ഥിരതയിലേക്ക് തളളിയിടുന്നുണ്ട്. തീരെ ചെറിയ ബജറ്റില്‍ രണ്ടു സിനിമകള്‍ ചെയ്തതിനു ശേഷം, തിരിഞ്ഞു നോക്കുമ്പോള്‍, അതില്‍ നല്ലതായ/കൊള്ളാവുന്ന എന്തെങ്കിലും ഉണ്ടെന്ന് തോന്നിയിരുന്നോ? അതായത് പ്രൊജക്ടിനെ പുതിയ ഒരു കാഴ്ചപ്പാടില്‍ കാണാന്‍ നിര്‍ബന്ധിതമാകുന്നത് പോലെ. പ്രൊജക്ടിന്റെ അനിവാര്യതകള്‍ എന്തൊക്കെയാണെന്ന ചോദ്യങ്ങളിലേക്ക് സ്വയം നിര്‍ബന്ധിതനാവുന്ന പോലെ. ചെറിയ ബജറ്റില്‍ സിനിമ ചെയ്യുന്ന അവസ്ഥയില്‍, അപര്യാപ്തതകള്‍ക്കുപരി അതിന് ചില പ്രാപ്തികള്‍ കൂടി ഉണ്ടെന്ന് തോന്നിയിരുന്നോ?
മെച്ചപ്പെട്ട ഒരു ബജറ്റുണ്ടായിരുന്നെങ്കില്‍ ഈ സിനിമകള്‍ തീര്‍ത്തും വ്യത്യസ്തങ്ങളാവുമായിരുന്നു. ശവം ബ്‌ളാക്ക് ആന്റ് വൈറ്റില്‍ ഷൂട്ട് ചെയ്തതിന്റെ പ്രധാന കാരണം തന്നെ ബജറ്റ് പരിമിതികളായിരുന്നു. ലഭ്യമായ വിഭവങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ഒരു രീതിയാണ് അത്. ആ അര്‍ത്ഥത്തില്‍, എനിക്ക് തോന്നുന്നത് ബജറ്റ് പരിമിതികള്‍ ഞങ്ങളെ പ്രത്യേക രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും
ഓരോ പ്രശ്‌നത്തിനും അതിന്റേതായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു എന്നാണ്.
അത് ആത്മവിശ്വാസത്തിന്റെയും കൂടി കാര്യമാണ്. ഞങ്ങളുടെ കയ്യിലുള്ള പരിമിതമായ വിഭവങ്ങള്‍ വെച്ച് ചില ഷോട്ടുകള്‍ സാധ്യമാണോ എന്ന സംശയം തന്നെ പലര്‍ക്കുമുണ്ടായിരുന്നു. നിര്‍വ്വഹണത്തെ സംബന്ധിച്ച കൃത്യമായ ധാരണകളും നിര്‍ണായകമായിരുന്നു. ഇതിനേക്കാളുമൊക്കെ വലിയ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ അങ്ങേയറ്റത്തെ ഫലപ്രാപ്തി ഉണ്ടാക്കാന്‍ മാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ മികച്ച ബജറ്റില്‍ എന്ത് ചെയ്യാമായിരുന്നു എന്നതിന് പകരം കയ്യിലുള്ള
വിഭവങ്ങള്‍ വെച്ച് എന്ത് ചെയ്യാന്‍ കഴിയും എന്നതിലാണ് നമ്മള്‍ ഫോക്കസ് ചെയ്യേണ്ടത്.
• പരിമിതമായ വിഭവങ്ങള്‍ തന്നെയാണ് ഉള്ളതെന്ന് ഉറപ്പായ സാഹചര്യത്തില്‍ എങ്ങിനെയാണ് പ്രീ-പ്രൊഡക്ഷന്‍ പ്‌ളാന്‍ ചെയ്തത്? എങ്ങിനെയാണ് ഫലപ്രദമായ ഒരു പ്രീ-പ്രൊഡക്ഷന്‍ കൊണ്ട് അവസാന രൂപയുടെയും മൂല്യം ഉപയോഗപ്പെടുത്തുന്നത്?
പ്രീ-പ്രൊഡക്ഷന്‍ പ്രധാനം തന്നെയാണ്. എന്റെ ഗ്രാമത്തില്‍ തന്നെ ഷൂട്ട് ചെയ്തതുകൊണ്ട് അവിടുത്തെ ലോക്കല്‍ വിഭവങ്ങള്‍ കുറെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു. ക്രിയേറ്റീവ് തലത്തില്‍, പ്രത്യേകിച്ചും ഷൂട്ടിംഗ് കുറച്ചു ദിവസങ്ങള്‍ മാത്രമായതുകൊണ്ട്, സെറ്റില്‍ എന്താണ്
ചെയ്യേണ്ടത് എന്ന് വളരെ കൃത്യമായി തന്നെ നിശ്ചയമുണ്ടായിരുന്നു.
അതേസമയം, മുന്‍കൂട്ടി കാണാന്‍ കഴിയാത്ത പലതിനെയും ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം കുറച്ചൊക്കെ അയവും ഉള്ള രീതിയായിരുന്നു ഞങ്ങളുടേത്.
• ഈ രണ്ടു പ്രൊജക്ടുകളിലും വളരെ ചെറിയ ക്രൂവിനെയാണ് ഉപയോഗിച്ചിരിക്കുന്നത്. എങ്ങിനെയാണ് ക്രൂവിന്റെ വലിപ്പം തീരുമാനിക്കുന്നത്?
പ്രത്യേകിച്ചും വിത്തിന് വലിയൊരു ക്രൂവിന്റെ ആവശ്യമുണ്ടായിരുന്നില്ല. എനിക്ക് തോന്നുന്നത്, ഒരു സിനിമയില്‍ നമ്മള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന അന്തരീക്ഷം ആ സിനിമയുടെ സെറ്റ് മാനേജ്
ചെയ്യുന്നതിലും പ്രതിഫലിക്കും എന്നാണ്.
ശവത്തില്‍ ഞങ്ങളുടേത് ഒരുജോളി സെറ്റായിരുന്നു. ആ സിനിമയിലും അത് പ്രതിഫലിക്കുന്നുണ്ടെന്നു
തോന്നുന്നു.
• DOP -യുമായുളള പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഒന്നു വിശദീകരിക്കാമോ?
സുബലും (DOP) ഞാനും ഒരുമിച്ചാണ് ഷോട്ടുകള്‍ പ്‌ളാന്‍ ചെയ്തത്. ഞങ്ങള്‍ ഒരുമിച്ച് ചില സിനിമകള്‍ കണ്ടു. എന്താണ് ചെയ്‌തെടുക്കേണ്ടത് എന്നതിനെക്കുറിച്ച് നീണ്ട സംവാദങ്ങളും ഉണ്ടായി. ഷൂട്ടിനു മുമ്പേ തന്നെ ഞങ്ങള്‍ ഓരോ ലൊക്കേഷനിലും പോവുകയും ഷോട്ടുകളെ കുറിച്ച് ഒരു
ഏകദേശ ധാരണ ഉണ്ടാക്കുകയും ചെയ്തു.
ചില കാര്യങ്ങളിലൊക്കെ വിയോജിപ്പുകളും ഉണ്ടായിരുന്നു, പക്ഷെ അങ്ങിനെ ചില ആശയക്കുഴപ്പങ്ങളൊക്കെ അങ്ങിനെയൊരു പ്രക്രിയയുടെ ഭാഗവുമാണ്.
• ഭക്ഷണം, താമസം, യാത്ര എന്നീ കാര്യങ്ങളില്‍ ഏതൊക്കെ രീതിയിലുള്ള ചിലവു ചുരുക്കല്‍ നടപടികളാണ് സ്വീകരിച്ചത്?
യാത്ര പരമാവധി കുറയ്ക്കുക എന്നത് പ്രധാനമായിരുന്നു. ഒറ്റയായ ലൊക്കേഷനുകളൊക്കെ ആദ്യം തീര്‍ക്കാന്‍ ശ്രമിച്ചു. സംഗതികള്‍ എളുപ്പമാക്കാന്‍, മിക്കവാറും ദിവസങ്ങളിലെ ഭക്ഷണം ഒരേ സ്ഥലത്തു
നിന്നും തന്നെ ഓര്‍ഡര്‍ ചെയ്തു.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്നെ എന്റെ സ്വന്തം വാഹനങ്ങളും ലഭ്യമായിരുന്നു. ബന്ധുക്കളുടെയും മറ്റും വീടുകളില്‍ ആണ് മിക്കവാറും താമസം ശരിയാക്കിയിരുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം ഒരു വിട്ടുവീഴ്ചയും പറ്റില്ല. നല്ലഭക്ഷണം കൊടുത്താല്‍ തന്നെ ക്രൂവിന്റെ ഭാഗത്തു നിന്നും നല്ല സഹകരണം ഉണ്ടാവും.
• അഭിനേതാക്കളുമായി ഡോണ്‍ ഇടപെടുന്ന രീതി ഒന്ന് വിശദീകരിക്കാമോ, ഒപ്പം അതിലെ വെല്ലുവിളികളെ കുറിച്ചും?
അത് അതിസൂക്ഷ്മമായ ഒരു പ്രക്രിയയാണെന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ സംഭാവനകള്‍ അമൂല്യമാണ്. അവര്‍ എനിക്ക് ചെയ്തു തരുന്ന ഒരു ഉപകാരമായാണ് ഞാന്‍ അതിനെ കാണുന്നത്. ചിലപ്പോഴൊക്കെ, ഒരു അഭിനേതാവ് ശരിയായ ഒരു മാനസികാവസ്ഥയില്‍ ആയിരിക്കണമെന്നില്ല, അപ്പോഴൊക്കെ നമുക്ക് ചെയ്യാവുന്ന ഒരേ ഒരു കാര്യം, അവരെ ശരിയായ അവസ്ഥയില്‍ എത്താന്‍ സഹായിക്കുക എന്നതാണ്.
മുമ്പ് പറഞ്ഞതുപോലെ, ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയും അവിടെ അവരില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്ന കാര്യത്തില്‍ നല്ല തെളിച്ചമുണ്ടായിരിക്കുകയും ചെയ്യുന്നത് ഒരുപാട് ഗുണം ചെയ്യും.
ഭാഗ്യവശാല്‍ ഈ രണ്ടു സിനിമകളിലും അഭിനേതാക്കള്‍ വളരെ സഹിഷ്ണുത ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ എനിക്കു വേണ്ടത്ര ടേക്കുകള്‍ നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു.
• നേരത്തെ കണക്കുകൂട്ടിയ സമയപരിധിക്കുള്ളില്‍ തന്നെ ഷൂട്ടിംഗ് തീര്‍ക്കാന്‍ കഴിഞ്ഞോ? എങ്ങിനെയാണ് അതിനു കഴിഞ്ഞത്?
പ്‌ളാനിങ്. തുടക്കത്തില്‍ ഷൂട്ട് കുറച്ചു പതുക്കെയായിരിക്കും എന്നെനിക്കറിയാം. അഭിനേതാക്കളും ക്രൂവുമെല്ലാം സിനിമയുമായി ഒന്ന് അഡ്ജസ്റ്റ് ആവാന്‍ സമയമെടുക്കും. ഒരിക്കല്‍ അവര്‍ അതിലേക്ക് എത്തിയാല്‍, പിന്നെ ആശങ്കയുടെ ഒന്നും കാര്യമില്ല.
• പോസ്റ്റ് പ്രൊഡക്ഷനിലെ വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു? അതിനെയൊക്കെ എങ്ങിനെയാണ് തരണം ചെയ്തത്?
പ്രധാന വെല്ലുവിളി സാമ്പത്തികം തന്നെയായിരുന്നു. ഇത്തവണയും ശരിയായ പങ്കാളികളെ കണ്ടെത്തുക എന്നതും എളുപ്പമായിരുന്നില്ല. ഭാഗ്യവശാല്‍, ഒരുപാട് അഭ്യുദയകാംക്ഷികളും ഫിലിമോക്രസിയിലെ പരിചയക്കാരുമെല്ലാം സിനിമ പൂര്‍ത്തിയാക്കാന്‍ എന്നെ സഹായിച്ചു.
നന്നായി ചെയ്ത ഒരു ദൃശ്യത്തെ നശിപ്പിക്കാന്‍ മോശം ശബ്ദം കൊണ്ടാവും. അതുകൊണ്ടുതന്നെ ശബ്ദവുമായി ബന്ധപ്പെട്ട ജോലികള്‍ അത്ര എളുപ്പമായിരുന്നില്ല. സൗണ്ട് ഡിസൈനില്‍ ഒരുപാട് മനനവും
പുനര്‍ക്രമീകരണങ്ങളും വേണ്ടിവന്നു.
ക്യാമറാ ജെര്‍കുകളും അനാവശ്യമായ പ്രതിഫലനങ്ങളും ഒക്കെ ശരിയാക്കേണ്ടിവന്നു. ഞാന്‍ മുമ്പ് കരുതിയതുപോലെ അത്ര എളുപ്പമായിരുന്നില്ല ശരിയായ കളര്‍ടോണില്‍
എത്തിച്ചേരുക എന്നത്. വിജയേട്ടന്റെ (വിജയകുമാര്‍ സി.വി, കളറിസ്റ്റ്) സാങ്കേതിക ജ്ഞാനം ഒരു അനുഗ്രഹമായി.
• താങ്കളുടെ രണ്ടാമത്തെ സിനിമ വിത്തിന് ഫിലിമോക്രസിയുടെപ്രൊഡക്ഷന്‍ സപ്പോര്‍ട്ട് ലഭിച്ചു. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അതെത്രമാത്രം സഹായകരമായി? ഏതെല്ലാം മേഖലകളിലാണ് അടിയന്തിരമായി ഫിലിമോക്രസി തങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തേണ്ടത്?
പ്രൊഡക്ഷന്‍ ചിലവുകള്‍ കാര്യമായി തന്നെ കുറച്ചുകൊണ്ടുവരാന്‍ ഫിലിമോക്രസിയുടെ പിന്തുണ മൂലം കഴിഞ്ഞു. ഫിലിമോക്രസിയുടെ ആവിര്‍ഭാവം ശരിയായ സമയത്ത് തന്നെയായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ ഒരുപാട് സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ ഉണ്ടായി വരുന്നുണ്ട്.
അവരുടെയൊക്കെ പ്രധാന വെല്ലുവിളി സാമ്പത്തികം തന്നെയാണ്. ഫിലിമോക്രസി എന്നെ സഹായിച്ച മറ്റൊരു മേഖല ചില ക്രൂ അംഗങ്ങളെ കണ്ടെത്താനും കൂടിയാണ്. കൂടുതല്‍ പേര്‍ ഈ മുന്നേറ്റത്തില്‍
പങ്കുചേരുകയും കൂടുതല്‍ ഉപകരണങ്ങള്‍ സമാഹരിക്കുകയും ചെയ്യുന്നതോടെ സ്വതന്ത്ര സിനിമയുടെ ഒരു സുവര്‍ണ്ണ കാലഘട്ടം തന്നെ കേരളത്തില്‍ രൂപപ്പെടുത്താന്‍ ഫിലിമോക്രസിക്ക് സാധ്യമാവും.
• മാതൃകാപരമായ ഒരു സ്വതന്ത്ര സിനിമാവേദിയെ സംബന്ധിച്ച താങ്കളുടെ സങ്കല്‍പങ്ങളും പ്രതീക്ഷകളും എന്താണ്? എന്തൊക്കെയായിരിക്കണം അത് പ്രാപ്യമാക്കേണ്ടത്?
ഇപ്പോള്‍ ഏറ്റവും ദുര്‍ബലമായ മേഖല വിതരണമാണ്. ഒരു സ്വതന്ത്ര സിനിമ നിര്‍മ്മിച്ച ശേഷം അത് പ്രദര്‍ശിപ്പിക്കാനോ അതില്‍നിന്നും ഒരു പ്രതിഫലം ലഭിക്കാനോ ഉള്ള ഒരു വേദിയും ഇവിടെ നമുക്കില്ല. ഫിലിം ഫെസ്റ്റിവലുകള്‍ പോലെയുള്ള അന്താരാഷ്ട്ര വേദികളും content acquisition-ഉം
ഒക്കെയുണ്ട്.
വാണിജ്യസിനിമയ്ക്ക് തീയേറ്ററുകളും കാണികളും ഒക്കെ ലഭിക്കുന്നു. ഒഴുക്കിനെതിരെ നീങ്ങുന്ന ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഞങ്ങള്‍ ഉണ്ടാക്കുന്ന സിനിമകളെല്ലാം ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല. പകരം, നമ്മള്‍ വിതരണത്തിനുള്ള മറ്റു സംവിധാനങ്ങള്‍
വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു.
അങ്ങിനെ സ്വതന്ത്ര സിനിമകള്‍ നിര്‍മ്മിക്കാനും പ്രദര്‍ശിപ്പിക്കാനും ഒക്കെയുള്ള സ്ഥായിയായ ഒരു
സംവിധാനം ഉണ്ടായി വരുകയാണെങ്കില്‍ അത് തന്നെയായിരിക്കും ഏറ്റവും
അഭികാമ്യം.
• സ്വതന്ത്ര സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു ഉദ്യമം എന്ന നിലയില്‍ ഡോണ്‍ സിനിമാ വണ്ടിയുമായി കേരളത്തിലാകെ രണ്ടു തവണ സഞ്ചരിച്ചിരുന്നു. മാത്രവുമല്ല, ഒരിക്കല്‍ താങ്കള്‍ അത് ഡോക്യുമെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം സിനിമകള്‍ കാണാനെത്തുന്ന ആസ്വാദകരെ കുറിച്ചുള്ള താങ്കളുടെ അനുഭവങ്ങള്‍ എന്തായിരുന്നു?
കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളും ഇത്തരം സിനിമകള്‍ ശീലിച്ചിട്ടുളളവരല്ല. അവരെ സംബന്ധിച്ചിടത്തോളം കല എന്നത് രാഷ്ട്രീയവും ധാര്‍മ്മികവും ആയ വ്യക്തമായ സന്ദേശങ്ങള്‍ ഉള്ളതായിരിക്കണം. ആത്മാവിഷ്‌കാരം ഒക്കെ മോശമാണെന്ന് കരുതുന്നവരാണ്.
അങ്ങിനെയല്ലാത്തത് കുറെ ചെറുപ്പക്കാര്‍ മാത്രമായിരിക്കും. വ്യത്യസ്തങ്ങളായ സിനിമകളോട് പരിഗണനയും ആദരവും ഉണ്ട് അവര്‍ക്ക്. ക്ഷേ, നമ്മള്‍ അത്തരത്തിലുള്ള സിനിമകള്‍ ഉണ്ടാക്കിക്കൊണ്ടേയിരുന്നില്ലെങ്കില്‍ അവരും മറ്റുള്ളവരുടെ പാതയിലേക്ക് വീണുപോകും.