ലഖ്നൗ: ഉത്തര്‍പ്രദേശിലെ മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയിലെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നതിനുള്ള കോടതിയുടെ ഇടക്കാല സ്റ്റേ നീട്ടി. ഉത്തര്‍ പ്രദേശിലെ റാംപൂരിലുള്ള മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയിലെ 40 കെട്ടിടങ്ങളില്‍ 38 എണ്ണവും ഇടിച്ചുനിരത്തുന്ന നടപടിക്കുള്ള സ്റ്റേ ഈ മാസം 10 വരെയാണ് മൊറാദാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ കോടതി നീട്ടിയത്.
കെട്ടിടം പൊളിക്കലുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്നലെ (ഓഗസ്റ്റ് മൂന്ന്, തിങ്കള്‍) പരിഗണിച്ചിരുന്നു. നേരത്തെ കഴിഞ്ഞ മാസം 27നും കെട്ടിടം പൊളിക്കുന്നതിനെതിനെതിരെ കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് വരെയായിരുന്നു സ്റ്റേ. ഇന്നലെ കേസ് പരിഗണിച്ച കോടതി ഈ സ്‌റ്റേ 10 വരെ നീട്ടുകയായിരുന്നു.
കേസില്‍ ഇന്നലെ ഇരു പക്ഷത്തിന്റെയും വാദം കേട്ട ഡിവിഷണല്‍ കമ്മീഷണര്‍ ആഞ്ജനേയ കുമാര്‍ സിങ് അടുത്ത വാദം കേള്‍ക്കുന്ന ഓഗസ്റ്റ് 10 വരെ ഇടക്കാല സ്‌റ്റേ നീട്ടുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സര്‍വകലാശാലയിലെ 40ല്‍ 38 കെട്ടിടങ്ങളും 15 ദിവസത്തിനകം പൊളിച്ച് നീക്കാന്‍ കഴിഞ്ഞ മാസം 15ന് റാംപൂര്‍ വികസന അതോറിറ്റി (ആര്‍.ഡി.എ) ഉത്തരവിട്ടിരുന്നു. 1973ലെ ഉത്തര്‍പ്രദേശ് നഗരാസൂത്രണ വികസന നിയമം അംഗീകരിക്കുന്ന പ്ലാന്‍ ഇല്ലാതെയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്ന് ആരോപിച്ചായിരുന്നു ആര്‍.ഡി.എയുടെ നടപടി. ഇതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കെട്ടിടം പൊളിക്കാനുള്ള നടപടി കോടതി കഴിഞ്ഞ മാസം 27ന് സ്‌റ്റേ ചെയ്തത്.
കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇടക്കാല സ്റ്റേയെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയയാണ്. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിയായ സമാജ് വാദി പാര്‍ട്ടി അടക്കമുള്ളവരും യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
ഈ വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടി എം.പിമാരും എം.എല്‍.എമാരും ധര്‍ണ നടത്തിയിരുന്നു. സര്‍വകലാശാലക്കെതിരെ വിവേചന പരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടിരുന്നു.
ജൗഹര്‍ സര്‍വകലാശാലയ്ക്കെതിരെ ഈ വിവേചനവും ദ്രോഹവും എന്തിനാണെന്ന് അഖിലേഷ് ചോദിച്ചിരുന്നു. യു.പി സര്‍ക്കാരിന് ഭരണപരമായ ഉത്തരവിറക്കി മറ്റ് പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ക്രമപ്പെടുത്താന്‍ സാധിക്കുന്നുണ്ട്. അത് ജൗഹര്‍ സര്‍വകലാശാലയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് ചെയ്യാന്‍ പറ്റാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
സര്‍വകലാശാലയ്ക്കെതിരായ നടപടി യോഗിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പാരമ്യമാണെന്ന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ വ്യാജ സര്‍വകലാശാലകള്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാരാണ് ജൗഹര്‍ സര്‍വകലാശാലയിലെ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ഉത്തരവിട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
യു.ജി.സി പട്ടിക പ്രകാരം അലിഗഢ്, പ്രയാഗ്രാജ്, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയ്‌ക്കെതിരെ നടപടിയെടുക്കാതെ, കൃത്യമായി സ്ഥാപിതമായ ഒരു സര്‍വകലാശാലയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ലക്ഷ്യം വെയ്ക്കുന്നതില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ആസാദ് അഭിപ്രായപ്പെട്ടിരുന്നു.
2006ലാണ് മുഹമ്മദ് അലി ജൗഹര്‍ യൂണിവേഴ്സിറ്റിസ്ഥാപിതമായത്. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ സ്വപ്ന പദ്ധതിയായിരുന്നു സര്‍വകലാശാല. എന്നാല്‍ സമീപകാലത്തായി ഭൂമി കൈയേറ്റം, ലീസ് നിയമ ലംഘനം തുടങ്ങിയ ഒട്ടനവധി നിയമപ്രശ്നങ്ങളും വിവാദങ്ങളും സര്‍വകലാശാലക്കെതിരെ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് കെട്ടിടങ്ങള്‍ പൊളിക്കാന്‍ ആര്‍.ഡി.എ ഉത്തരവിട്ടത്.
Content Highlight: Interim stay extended on demolition of Jauhar University in UP
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.