പ്രീ സീസണ്‍ സന്നാഹ മത്സരങ്ങളുടെ ഭാഗമായി ബാഴ്‌സലോണ എസ്.സിയെ നേരിടാനൊരുങ്ങി ഇന്റര്‍ മയാമി. മെസി നേരത്തെ പന്തുതട്ടിയ സ്പാനിഷ് ടീം ബാഴ്‌സലോണയല്ല, ഇക്വഡോര്‍ ടീമായ ബാഴ്‌സലോണ എസ്.സിയാണ് എതിരാളികള്‍.
ഫെബ്രുവരി എട്ടിന് ഇക്വഡോറിലെ എസ്റ്റാഡിയോ ബാന്‍കോ പിച്ചിച്ചയില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് മത്സരം.
ലയണല്‍ മെസിയും ലൂയീസ് സുവാരസും അടക്കമുള്ള താരങ്ങള്‍ ഇന്റര്‍ മയാമിക്കായി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേജര്‍ ലീഗ് സോക്കറിലെ ടോപ്പ് ടീമുമായി കൊമ്പുകോര്‍ക്കുന്നത് ബാഴ്‌സലോണ എസ്.സിയെ സംബന്ധിച്ച് ഏറെ ഗുണകരവുമാണ്.
അത്‌ലറ്റിക്കോ നാഷണലിനെതിരായ മത്സരത്തോടെയാണ് ഇന്റര്‍ മയാമി പ്രീ സീസണ്‍ ഫ്രണ്ട്‌ലി മത്സരങ്ങള്‍ ആരംഭിച്ചത്. ഇന്ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് മയാമി വിജയിച്ചിരുന്നു.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മയാമിയുടെ വിജയം. 25ാം മിനിട്ടില്‍ ജുവാന്‍ മാനുവല്‍ റെന്‍ജിഫോയിലൂടെ അത്‌ലറ്റിക്കോ നാഷണല്‍ മുമ്പിലെത്തി. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ അനുവദിക്കാതെ പിടിച്ചുനിര്‍ത്താനും ടീമിന് സാധിച്ചു.
മത്സരത്തിന്റെ 54ാം മിനിട്ടില്‍ ലൂയീസ് സുവാരസാണ് മയാമിക്കായി ആദ്യ ഗോള്‍ കണ്ടെത്തിയത്. ശേഷം രണ്ടാം പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെയാണ് അത്‌ലറ്റിക്കോ നാഷണല്‍ പരാജയമേറ്റുവാങ്ങിയത്.