ഇന്ന് ഞാന്‍ ഇവിടെ എത്തിനില്‍ക്കാന്‍ ഏറ്റവും വലിയ കാരണം; മനസ് തുറന്ന് ശുഭ്മന്‍ ഗില്‍
Cricket
ഇന്ന് ഞാന്‍ ഇവിടെ എത്തിനില്‍ക്കാന്‍ ഏറ്റവും വലിയ കാരണം; മനസ് തുറന്ന് ശുഭ്മന്‍ ഗില്‍
ശ്രീരാഗ് പാറക്കല്‍
Sunday, 2nd August 2026, 7:27 pm

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തന്റെ അച്ഛന്റെ ആഗ്രഹത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സംസാരിച്ചിരുന്നു. താന്‍ ക്രിക്കറ്റ് കളിക്കുന്നത് കാണുന്നതായിരുന്നു അച്ഛന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നാണ് ഗില്‍ പറഞ്ഞത്. ക്രിക്കറ്റിനോടുള്ള അച്ഛന്റെ സ്‌നേഹവും അടങ്ങാത്ത ആവേശവുമാണ് ഇന്ന് താന്‍ ഇവിടെ എത്തിനില്‍ക്കാന്‍ ഏറ്റവും വലിയ കാരണമെന്നും ഗില്‍ പറഞ്ഞു.

‘എന്റെ അച്ഛന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് കാണുകയെന്നതായിരുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ സമീപപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വന്ന് സൗജന്യമായി പരിശീലനം നടത്താന്‍ കഴിയുന്ന ഒരു ക്രിക്കറ്റ് അക്കാദമിയും ഞങ്ങള്‍ നടത്തുന്നുണ്ട്. അച്ഛന് കുറച്ച് ഒഴിവുസമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം അക്കാദമിയില്‍ പോയി കുട്ടികള്‍ കളിക്കുന്നത് കാണാറുണ്ട്.

‘വാ, ഈ കുട്ടി ബാറ്റ് ചെയ്യുന്നത് ഒന്ന് നോക്ക്,’ അല്ലെങ്കില്‍ ‘ആ കുട്ടിയുടെ ഫീല്‍ഡിങ് കണ്ടോ, എത്ര മികച്ച ഫീല്‍ഡറാണ്,’ എന്നൊക്കെയാണ് അദ്ദേഹം എന്നോട് പറയാറുള്ളത്. ആ കുട്ടിക്ക് ആറ് വയസോ ഏഴ് വയസോ മാത്രമേ പ്രായമുള്ളൂവെങ്കിലും അച്ഛന്‍ അവരുടെ കഴിവ് ശ്രദ്ധിച്ച് പറയുമായിരുന്നു. ക്രിക്കറ്റിനോടുള്ള അച്ഛന്റെ ആ സ്‌നേഹവും അടങ്ങാത്ത ആവേശവുമാണ് ഇന്ന് ഞാന്‍ ഇവിടെ എത്തിനില്‍ക്കാന്‍ ഏറ്റവും വലിയ കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ശുഭ്മന്‍ ഗില്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ് ശുഭ്മന്‍ ഗില്‍. ഇന്ത്യയ്ക്ക് വേണ്ടി 41 ടെസ്റ്റ് മത്സരങ്ങളിലെ 74 ഇന്നിങ്‌സില്‍ നിന്ന് 2969 റണ്‍സാണ് ഗില്‍ നേടിയത്. 269 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ ഗില്ലിനുണ്ട്. 11 സെഞ്ച്വറിയും എട്ട് അര്‍ധസെഞ്ച്വറിയും താരം നേടി.

ഏകദിനത്തില്‍ 67 മത്സരത്തിലെ 66 ഇന്നിങ്‌സില്‍ നിന്ന് 3379 റണ്‍സാണ് ഗില്ലിന്റെ പക്കലുള്ളത്. 208 റണ്‍സിന്റെ ടോപ് സ്‌കോറും താരം രേഖപ്പെടുത്തി. ഒമ്പത് സെഞ്ച്വറിയും 20 അര്‍ധസെഞ്ച്വറിയും താരത്തിനുണ്ട്. ടി-20യില്‍ 36 മത്സരങ്ങളില്‍ നിന്ന് 869 റണ്‍സാണ് ഗില്ലിനുള്ളത്. 126* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉണ്ടെങ്കിലും മോശം ഫോര്‍മാറ്റില്‍ നിറം മങ്ങിയതോടെ താരത്തെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു.

Content Highlight: Indian Captain Shubhman Gill Talking About His Father

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ