ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ഏകദിന മത്സരങ്ങള്‍ക്കൊരുങ്ങുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. അഞ്ച് ടി-20കളും ഈ പര്യടനത്തിന്റെ ഭാഗമാണ്. ഏകദിന പരമ്പരയാണ് ആദ്യം.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 27ന് നടക്കുന്ന പോരാട്ടത്തോടെയാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗ്രീന്‍ഫീല്‍ഡിലേക്ക് ഒരു ഏകദിന മത്സരമെത്തുന്നത്.

​ഗ്രീൻഫീൽഡ് സ്റ്റേഡിയം

2023 ജനുവരി 15ലാണ് ഇന്ത്യ ഇതിന് മുമ്പ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏകദിനം കളിച്ചത്. ഇന്ത്യയുടെ ഏകദിന ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ട മത്സരത്തിന് കൂടിയാണ് അന്ന് ഗ്രീന്‍ഫീല്‍ഡ് സാക്ഷ്യം വഹിച്ചത്.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരമായിരുന്നു അത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ആധികാരിക വിജയം നേടിയ ആതിഥേയര്‍ ഇതിനോടകം പരമ്പര സ്വന്തമാക്കിയിരുന്നു.

മുഖം രക്ഷിക്കാനൊരു വിജയം, ഡെഡ് റബ്ബര്‍ മത്സരത്തിനിറങ്ങുന്ന ലങ്കന്‍ ലയണ്‍സിന്റെ മനസിലുണ്ടായിരുന്നത് ഈയൊരു ചിന്ത മാത്രമായിരുന്നിരിക്കണം. എന്നാല്‍ അവര്‍ക്ക് കാലം കാത്തുവെച്ചത് മറ്റൊരു വിധിയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു. ശുഭ്മന്‍ ഗില്ലിനെ ഒപ്പം കൂട്ടി ആദ്യ വിക്കറ്റില്‍ 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് പടുത്തുയര്‍ത്തിയത്. ക്യാപ്റ്റനെ മടക്കി ചമീക കരുണരത്‌നെയാണ് കൂട്ടുകെട്ട് പൊളിച്ചത്. 49 പന്തില്‍ 42 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.

മൂന്നാം നമ്പറില്‍ വിരാട് കോഹ്‌ലിയത്തിയതോടെ ലങ്കയുടെ പ്രതീക്ഷകള്‍ പതിയെ അസ്തമിക്കാന്‍ ആരംഭിച്ചു. ഒരു വശത്ത് നിന്ന് കിങ് കോഹ്‌ലിയും മറുവശത്ത് നിന്ന് പ്രിന്‍സ് ഗില്ലും ആളിക്കത്തിയതോടെ പന്തെടുത്തവര്‍ക്കെല്ലാം തല്ലുകൊണ്ടു. ഇതോടെ രണ്ടാം വിക്കറ്റില്‍ പിറന്നത് 131 റണ്‍സിന്റെ കൂട്ടുകെട്ടാണ്.

​ഗില്ലിന്റെ സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന വിരാട്. Photo: BCCI

97 പന്തില്‍ 116 റണ്‍സ് നേടിയ ഗില്ലിനെ മടക്കി കാസുന്‍ രജിതയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഗില്‍ പുറത്തായെങ്കിലും വിരാട് ലങ്കന്‍ ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ചുകൊണ്ടിരുന്നു.

ശ്രേയസ് അയ്യര്‍ (32 പന്തില്‍ 38), കെ.എല്‍. രാഹുല്‍ (ആറ് പന്തില്‍ ഏഴ്), സൂര്യകുമാര്‍ യാദവ് (നാല് പന്തില്‍ നാല്) എന്നിവര്‍ വന്ന് പോയെങ്കിലും ക്രീസില്‍ ഉറച്ചുനിന്ന വിരാട് സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ കാത്തു.

50 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റില്‍ 390ന് ഇന്നിങ്‌സ് അവസാനിപ്പിച്ചപ്പോള്‍ 110 പന്തില്‍ പുറത്താകാതെ 166 റണ്‍സുമായാണ് വിരാട് കരുത്തുകാട്ടിയത്. 13 ഫോറും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

വിരാട് കോഹ്ലി

ശ്രീലങ്കയ്ക്കായി കാസുന്‍ രജിതയും ലാഹിരു കുമാരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ചമീക കരുണരത്‌നെ ഒരു വിക്കറ്റും സ്വന്തമാക്കി.

ബാറ്റിങ്ങില്‍ വിരാട് തന്റെ റോള്‍ ഗംഭീരമാക്കിയപ്പോള്‍ ബൗളിങ്ങില്‍ ആ ചുമതല വിരാടിന്റെ സ്വന്തം സിറാജിനുള്ളതായിരുന്നു. പത്ത് ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയാണ് സിറാജ് തിളങ്ങിയത്.

നാല് പന്തില്‍ ഒറ്റ റണ്‍ മാത്രമെടുത്ത ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെ വീഴ്ത്തിക്കൊണ്ടായിരുന്നു സിറാജ് വേട്ടയാരംഭിച്ചത്. ശേഷം നുവാനിന്ദു ഫെര്‍ണാണ്ടോ (27 പന്തില്‍ 19), ചരിത് അസലങ്ക (നാല് പന്തില്‍ ഒന്ന്), സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക (ഏഴ് പന്തില്‍ ഒന്ന്) എന്നിവരെയും സിറാജ് പുറത്താക്കി.

മുഹമ്മദ് സിറാജ്. Photo: BCCI

ചമീര കരുണരതനെയുടെ റണ്‍ഔട്ടായിരുന്നു സിറാജിന്റെ സ്‌പെല്ലിലെ ഏറ്റവും മികച്ച നിമിഷത്തിലൊന്ന്. ഇന്നിങ്‌സിലെ 12ാം ഓവറിലെ നാലാം പന്തില്‍ സിറാജെറിഞ്ഞ പന്ത് ഡിഫന്‍ഡ് ചെയ്യാനായിരുന്നു കരുണരത്‌നെയുടെ ശ്രമം. പിച്ചിന് നടുവിലുണ്ടായിരുന്ന സിറാജിന്റെ കൈകളിലേക്ക് തന്നെ പന്തെത്തി.

മുഹമ്മദ് സിറാജ് എന്ന ക്രിക്കറ്ററുടെ പ്രസന്‍സ് ഓഫ് മൈന്‍ഡ് ലങ്കന്‍ ടീം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഒട്ടും കാത്തുനില്‍ക്കാതെ ബാറ്ററുടെ വിക്കറ്റിന് നേരെയെറിഞ്ഞ സിറാജ് റണ്‍ ഔട്ട് നേടിയെടുക്കുകയായിരുന്നു.

മത്സരത്തില്‍ സിറാജിന് പുറമെ കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലങ്കയുടെ പോരാട്ടം 73ലൊതുങ്ങി.

മത്സരത്തില്‍ 317 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു അന്ന് ഗ്രീന്‍ഫീല്‍ഡില്‍ കുറിക്കപ്പെട്ടത്.

ഇന്ന് അതേ സ്റ്റേഡിയത്തില്‍ വീണ്ടും ഏകദിനം കളിക്കാനിറങ്ങുമ്പോള്‍ വിജയത്തോടെ പരമ്പര ആരംഭിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്.

 

Content highlight: India will Face West Indies at Greenfield in series opener