ന്യൂദല്‍ഹി: രാജ്യത്ത് ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയാണെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ ഇന്ത്യക്കു പുതിയ ധനമന്ത്രി വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. അമേരിക്കയെക്കാളും ചൈനയെക്കാളും ഭേദപ്പെട്ട നിലയിലാണ് ഇന്ത്യയെന്ന നിര്‍മലയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായാണ് ട്വീറ്റില്‍ ഇക്കാര്യം പറഞ്ഞു.
‘ഇന്ത്യക്ക് അത്യാവശ്യമായി പുതിയൊരു ധനമന്ത്രിയെ വേണം. ബഹുമാനപ്പെട്ട സ്ത്രീ പറഞ്ഞത് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം അമേരിക്കയെക്കാളും ചൈനയെക്കാളും കൂടുതലാണെന്നാണ്.
പക്ഷേ മാഡം, അമേരിക്കയ്ക്ക് 21 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ ആഭ്യന്തര ഉത്പാദനം. ചൈനയുടേത് 14.8 ലക്ഷം കോടിയും. ഇന്ത്യയുടേതാകട്ടെ, 2.8 ലക്ഷം കോടിയും.’- അദ്ദേഹം ട്വീറ്റ് ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഏറ്റവും മോശം സാഹചര്യത്തില്‍ക്കൂടിയാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പോകുന്നതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. നികുതി വരുമാനം കുറയുകയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ലോകം സാമ്പത്തിക മാന്ദ്യത്തിലാണെങ്കിലും ഇന്ത്യ ഭേദപ്പെട്ട നിലയിലാണെന്നായിരുന്നു ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിര്‍മല അവകാശപ്പെട്ടത്.
‘ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. അമേരിക്കയും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയുള്ളത്.
സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാണ്. ജി.എസ്.ടി നിരക്കുകള്‍ ലളിതമാക്കും. ഇതുസംബന്ധിച്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേരും. ജി.എസ്.ടി റീഫണ്ട് വൈകിക്കില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നികുതി റിട്ടേണ്‍ കൂടുതല്‍ സുതാര്യമാക്കും. സി.എസ്.ആര്‍ ലംഘനം ക്രിമിനല്‍ക്കുറ്റമായി കണക്കാക്കില്ല. സംരംഭകര്‍ക്ക് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉണ്ടാകില്ല. ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം കേന്ദ്രീകൃത രീതിയിലാക്കും.
എല്ലാ ഉത്തരവുകളും നോട്ടീസുകളും ഒരു കേന്ദ്രത്തില്‍ നിന്നായിരിക്കും ഉണ്ടാവുക.’- അവര്‍ പറഞ്ഞു.
രൂപയുടെ മൂല്യമിടിയുന്നതു തുടരുന്നതു മന്ത്രാലയത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ ഓഗസ്റ്റ് 23-ന് രൂപ എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.
10 പൈസയുടെ ഇടിവോടെ 71.91 നിലവാരത്തിലേക്കാണെത്തിയത്. അതിനിടെയാണ് വാര്‍ത്താസമ്മേളനം.
