കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആറുവിക്കറ്റിന് ശ്രീലങ്കയെ തോല്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ 3-1 ന് ഇന്ത്യ മുന്നിലെത്തി.[]

ഇന്ത്യയുടെ 400 ാം ഏകദിന ജയം കൂടിയായിരുന്നു ഇത്. 13 ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയും (119 പന്തില്‍ പുറത്താകാതെ 128) അര്‍ധ സെഞ്ചുറി നേടിയ സുരേഷ് റെയ്‌നയുമാണ് (51 പന്തില്‍ പുറത്താകാതെ 58) ലങ്ക മുന്നോട്ടുവെച്ച 252 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നു ജയിക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

ഓപ്പണര്‍ ഗൗതം ഗംഭീര്‍ ആദ്യ ഓവറില്‍ പുറത്തായതും രോഹിത് ശര്‍മ (4), മനോജ് തിവാരി (21) എന്നിവര്‍ നിരാശപ്പെടുത്തിയതും ഇന്ത്യക്കു തിരിച്ചടിയായിരുന്നു. എന്നാല്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് (29 പന്തില്‍ 34) റണ്‍സെടുത്ത് ഇന്ത്യയ്ക്ക് താങ്ങായി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എടുത്തു. അര്‍ധ സെഞ്ച്വറി(51) നേടിയ ഉപുല്‍ തരംഗയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

ദില്‍ഷന്‍(42), തിരിമനൈ(47) എന്നിവര്‍ തരംഗയ്ക്ക് ശക്തമായ പിന്തുണ നല്‍കി. അവസാന ഓവറില്‍ തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ലങ്കയുടെ സ്‌കോര്‍ 251ല്‍ ഒതുക്കി. പാര്‍ട്ട് ടൈം ബൗളര്‍ മനോജ് തിവാരി 61 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. ആര്‍. അശ്വിന്‍ രണ്ടു വിക്കറ്റുമെടുത്തു.