2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇതിഹാസ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഉൾപ്പെടണമെന്ന ചർച്ചകൾ സജീവമായി തുടരുന്നതിനിടെ, ഇരുവരും ടീമിന്റെ ഭാഗമാകണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന.

ഇരുവരും ടീമിന്റെ ഭാഗമായാൽ ഇന്ത്യയ്ക്ക് ഐ.സി.സി കിരീടം നേടാനുള്ള സാധ്യത 90 ശതമാനമാണെന്നും റെയ്‌ന പറഞ്ഞു. റെഡിഫ് ഡോട്ട് കോം വഴി സംസാരിക്കുകയായിരുന്നു മുൻ സി.എസ്.കെ താരം കൂടെയായ സുരേഷ് റെയ്‌ന.

‘നമുക്ക് സ്വന്തം നാട്ടിൽ ഒരു റൺ മെഷീനുണ്ട്. ഐ.പി.എല്ലിലും രാജ്യത്തിനായും നിരവധി കിരീടങ്ങൾ നേടിയ മികച്ചൊരു ക്യാപ്റ്റനുമുണ്ട്. രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെയും പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവർക്കൊപ്പം ഞാൻ നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇത്തവണ ദക്ഷിണാഫ്രിക്കയിലും സിംബാബ്‌വെയിലുമാണ് ലോകകപ്പ് നടക്കുന്നത്. ഇരുവരും ടീമിലുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പ് നേടാൻ 90 ശതമാനം സാധ്യതയുണ്ടെന്നാണ് ഞാൻ കരുതുന്നത്,’ റെയ്‌ന അഭിപ്രായപ്പെട്ടു.

2024 ൽ ടി-20 വേൾഡ് കപ്പുമായി രോഹിത് ശർമയും വിരാട് കോഹ്‌ലിയും

പ്രായത്തെച്ചൊല്ലി, പ്രത്യേകിച്ച് രോഹിത്തിന്റെ കാര്യത്തിൽ, ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇരുവരുടെയും അനുഭവസമ്പത്ത് പരിഗണിച്ച് 2027 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്നും റെയ്‌ന കൂട്ടിച്ചേർത്തു.

അടുത്ത ഏകദിന ലോകകപ്പ് 2027 ഒക്ടോബർ-നവംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് നടക്കുക. ലോകകപ്പ് നടക്കുമ്പോൾ രോഹിത് ശർമയ്ക്ക് 40 വയസും വിരാട് കോഹ്‌ലിക്ക് 39 വയസുമായിരിക്കും.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ 110 പന്തില്‍ 138 റണ്‍സ് നേടിയ രോഹിത് നിലവില്‍ മികച്ച ഫോമിലാണ്. അതേസമയം, ഈ വര്‍ഷം ഏകദിനത്തില്‍ കോഹ്‌ലിയും മികച്ച സ്ഥിരതയാണ് കാഴ്ചവെച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് 64 ശരാശരിയില്‍ 384 റണ്‍സാണ് താരം നേടിയത്. 106.67 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്തും രോഹിത് മൂന്നാം സ്ഥാനത്തുമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കോഹ്‌ലി 1,795 റണ്‍സും രോഹിത് 1,575 റണ്‍സുമാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് അടിച്ചു കയറ്റിയത്. മൊത്തം ഏകദിന റണ്‍സിലും ഇന്ത്യന്‍ താരങ്ങളില്‍ കോഹ്‌ലി രണ്ടാമതും രോഹിത് മൂന്നാമതുമാണ്. കോഹ്‌ലി 14,941 റണ്‍സും രോഹിത് 11,895 റണ്‍സുമാണ് നേടിയിട്ടുള്ളത്.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇരുവരും. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ റോ-കോ കൂട്ടുകെട്ടില്‍ നല്ലൊരു മത്സരം പിറവിയെടുക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.

സെപ്റ്റംബര്‍ 27 ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ 3 ന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ് ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാള്‍, നമന്‍ ധീര്‍.

 

Content Highlight: Suresh Raina said if Virat and Rohith are part of the game there will be a 90 percentage to win the match