2018 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയത്തിന് ഇന്ന് എട്ട് വയസ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പാകിസ്ഥാനുയര്‍ത്തിയ 238 റണ്‍സിന്റെ വിജയലക്ഷ്യം ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും സെഞ്ച്വറികളുടെ കരുത്തില്‍ മറികടന്നാണ് ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ വിജയം നേടിയത്.
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇതേദിവസം, സൂപ്പര്‍ ഫോറില്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ഷോയ്ബ് മാലിക്കിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 237ലെത്തി.
90 പന്തില്‍ 78 റണ്‍സാണ് മാലിക് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. രണ്ട് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
സര്‍ഫറാസ് അഹമ്മദ് (66 പന്തില്‍ 44), ഫഖര്‍ സമാന്‍ (44 പന്തില്‍ 31), ആസിഫ് അലി (21 പന്തില്‍ 30) എന്നിവരാണ് പാകിസ്ഥാനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മിസ്റ്റര്‍ ഐ.സി.സി ശിഖര്‍ ധവാനും ഹിറ്റ്മാന്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. തൊട്ടുമുമ്പുള്ള വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തങ്ങളെ പരാജയപ്പെടുത്തിയതിന്റെ ‘സകല ദേഷ്യവും’ ഒരിക്കല്‍ക്കൂടി തീര്‍ക്കുന്നതുപോലെയായിരുന്നു ഇരുവരുടെയും ബാറ്റിങ്.

ഒരു വശത്ത് നിന്ന് രോഹിത്തും മറുവശത്ത് നിന്ന് ഗബ്ബറും പേരുകേട്ട പാക് ബൗളിങ് നിരയെ തല്ലിയൊതുക്കാന്‍ ആരംഭിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.
ഒന്നാം വിക്കറ്റില്‍ 210 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി, ഇന്ത്യയെ വിജയത്തിന് തൊട്ടരികിലെത്തിച്ച ശേഷമാണ് ആദ്യ വിക്കറ്റായി ശിഖര്‍ ധവാന്‍ പുറത്തായത്. റണ്‍ ഔട്ടായാണ് താരം മടങ്ങിയത്.
16 ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 100 പന്തില്‍ 114 റണ്‍സുമായാണ് ധവാന്‍ കളം വിട്ടത്.
പിന്നാലെയെത്തിയ അംബാട്ടി റായിഡുവിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ രോഹിത് 63 പന്തും ഒമ്പത് വിക്കറ്റും ശേഷിക്കെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
119 പന്ത് നേരിട്ട ക്യാപ്റ്റന്‍ രോഹിത് പുറത്താകാതെ 111 റണ്‍സ് നേടി. നാല് സിക്‌സറും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
റായിഡു 18 പന്തില്‍ 12 റണ്‍സ് നേടിയും പുറത്താകാതെ നിന്നു.
തുടര്‍ന്ന്, ടൂര്‍ണമെന്റില്‍ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ, ബംഗ്ലാദേശിനെ തകര്‍ത്ത് കിരീടവും ചൂടിയിരുന്നു.
Content highlight: 8 years of India’s iconic victory over Pakistan in 2018 Asia Cup
