ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് പകരം 33കാരനായ സാരാന്‍ഷ് ജെയ്‌നിനെ ഉള്‍പ്പെടുത്തിയ തീരുമാനത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയെങ്കിലും സാരാന്‍ഷിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ചോപ്ര തുറന്നുപറഞ്ഞു.
ആകാശ് ചോപ്ര. Photo: AakshChopra/facebook.om
അഭിമന്യു ഈശ്വരനും ആവശ്യത്തിന് അവസരങ്ങള്‍ ലഭിക്കാതിരുന്നത് അനീതിയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന താരങ്ങള്‍ക്ക് ടീമിലേക്ക് വിളിയെത്താറുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യം മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
സാരാന്‍ഷ് ജെയ്ന്‍. Photo; BCCI Domestic/x.com
‘സാരാന്‍ഷ് കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ശ്രീലങ്കന്‍ ടീം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അവരുടെ നിരയില്‍ ഒരു ഇടംകയ്യന്‍ ബാറ്റര്‍ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. നിങ്ങള്‍ക്ക് ഇതിനകം തന്നെ നാല് സ്പിന്നര്‍മാരുണ്ട്, അദ്ദേഹം നാലാമനാണ്. അതിനാല്‍ സാരാന്‍ഷിന് അവസരം ലഭിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്.
ഇത് മുന്‍പും സംഭവിച്ചിട്ടുണ്ട്. ആവശ്യത്തിന് അവസരങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ അഭിമന്യു ഈശ്വരന്റെ കാര്യത്തിലും അത് അനീതിയായിരുന്നു. അത് ഒരു ആശങ്കയും വെല്ലുവിളിയുമാണ്.
ആഭ്യന്തര തലത്തിലെ പ്രകടനങ്ങള്‍ക്ക് ശേഷം നമ്മള്‍ കളിക്കാരെ മുന്നോട്ട് കൊണ്ടുവരാറുണ്ട്, എന്നാല്‍ പലപ്പോഴും വാതിലുകള്‍ പൂര്‍ണമായി തുറക്കപ്പെടാറില്ല. ചിലപ്പോള്‍ ഇത് ശുദ്ധ നിര്‍ഭാഗ്യമാണ്. എങ്കിലും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നതില്‍ മാത്രമായി നിങ്ങള്‍ക്ക് സന്തോഷിക്കാം,’ മുന്‍ താരം പറഞ്ഞു.
സാരാന്‍ഷ് ജെയ്ന്‍. Photo; BCCI Domestic/x.com
വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റില്ലായിരുന്നെങ്കില്‍ സാരന്‍ഷിന് ടീമിലേക്ക് വിളി വരുമായിരുന്നില്ലെന്നും, എങ്കിലും വരാനിരിക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള പരിഗണനാ പട്ടികയില്‍ ഇടംപിടിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സാരാന്‍ഷിന്റെ കാഴ്ചപ്പാടില്‍ നോക്കുകയാണെങ്കില്‍, വാഷിങ്ടണ്‍ ഫിറ്റായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പേര് വരുമായിരുന്നില്ല. കൂടാതെ, അവിടുത്തെ സാഹചര്യങ്ങള്‍ കാരണം ന്യൂസിലന്‍ഡിലേക്ക് ഒരു അധിക സ്പിന്നറെ കൊണ്ടുപോകാനും കഴിയില്ല.
ആ അര്‍ത്ഥത്തില്‍, അദ്ദേഹം ഇപ്പോള്‍ പരിഗണനാ പട്ടികയിലുണ്ട്. എങ്കിലും അദ്ദേഹത്തിന് ഒരു ടെസ്റ്റ് അരങ്ങേറ്റം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഈ പരമ്പരയില്‍ അത് സംഭവിക്കുമെന്ന് ഞാന്‍ കാണുന്നില്ല,’ ചോപ്ര പറഞ്ഞു.
2025-26 രഞ്ജി ട്രോഫി സീസണില്‍ 7 മത്സരങ്ങളില്‍ നിന്ന് 57.55 ശരാശരിയില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ചുറിയും അടക്കം 518 റണ്‍സും, 20.43 ശരാശരിയില്‍ 30 വിക്കറ്റുകളും വീഴ്ത്തിയ മികവിലാണ് സാരാന്‍ഷ് ജെയിന്‍ ടീമിലെത്തിയത്.