ഇന്ത്യൻ വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ജുറെലിന് മൂന്ന് ഫോർമാറ്റുകളിലും മികച്ച രീതിയിൽ കളിക്കാൻ സാധിക്കുമെന്നാണ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
‘അദ്ദേഹത്തിന് നല്ല ധൈര്യമുണ്ട്. അതിനാലാണ് എല്ലാ ഫോർമാറ്റുകളിലും മികച്ച രീതിയിൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നത്. അദ്ദേഹത്തിന്റെ അച്ചടക്കവും വളരെ മികച്ചതാണ്. ധ്രുവ് ജുറെലിനെ നോക്കിയാൽ അദ്ദേഹം വളരെ ശാന്തനായ വ്യക്തിയാണെന്ന് മനസിലാവും. സമ്മർദമോ പ്രതീക്ഷകളോ തന്നെ ബാധിക്കില്ലെന്നും അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും തന്റെ മനസിനെ അനുവദിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്,’ ആകാശ് ചോപ്ര പറഞ്ഞു.
ശ്രീലങ്കക്കെതിരെയുള്ള അവസാന ടെസ്റ്റിൽ സെഞ്ച്വറി നേടി തിളങ്ങാൻ ജുറെലിന് സാധിച്ചിരുന്നു. ലങ്കക്കെതിരെ ജുറെൽ 177 പന്തിൽ പുറത്താവാതെ 115 റൺസാണ് സ്വന്തമാക്കിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്രനേട്ടവും താരം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കൻ മണ്ണിൽ ഏഴാം നമ്പറിൽ ഇറങ്ങി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ജുറെൽ.
സ്റ്റാർ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ എട്ടാം പൊസിഷനിൽ കളത്തിലിറങ്ങി ലങ്കൻ മണ്ണിൽ സെഞ്ച്വറി നേടിയിരുന്നു.
20107ൽ പല്ലെകെലെയിലായിരുന്നു ഹർദിക്കിനെ സെഞ്ച്വറി നേട്ടം. 108 റൺസായിരുന്നു താരം അടിച്ചെടുത്തത്. ലങ്കൻ മണ്ണിൽ ടെസ്റ്റിൽ ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണ് ജുറെൽ നേടിയത്.

അതേസമയം വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇനി മുന്നിലുള്ള എല്ലാ മത്സരങ്ങളും ഇന്ത്യയ്ക്ക് നിർമായകമാണ്. ന്യൂസിലാൻഡിനെതിരെ നവംബർ 19നാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ആരംഭിക്കുന്നത്.
രണ്ടാം ടെസ്റ്റ് നവംബർ 27നും ആരംഭിക്കും. ന്യൂസിലാൻഡിനെതിരായ പരമ്പര കഴിഞ്ഞാൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ പര്യടനമാണ് ഉള്ളത്.
Content Highlight: Former Indian player Aakash Chopra praises Indian wicketkeeper Dhruv Jurel
