ഭക്ഷണം നന്നായി കഴിക്കുകയും ആരോഗ്യത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരാളാണ് താനെന്ന് നടൻ സിദ്ദീഖ്. എന്നാൽ മെലിഞ്ഞിരിക്കുന്നതോ തടിച്ചിരിക്കുന്നതോ അല്ല ആരോഗ്യത്തിന്റെ അളവുകോലെന്നും അസുഖങ്ങളില്ലാതെ കംഫർട്ടബിളായി ജീവിക്കാൻ കഴിയുന്നതാണ് യഥാർഥ ആരോഗ്യനിലയെന്നും അദ്ദേഹം പറയുന്നു. തന്റെ പുതിയ ചിത്രമായ ആരം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗാലറി വിഷൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഭക്ഷണം നന്നായിട്ട് കഴിക്കണം. ഹെൽത്ത് നോക്കുന്ന ഒരാൾ തന്നെയാണ് ഞാൻ. ഹെൽത്ത് എന്ന് പറയുന്നത് നമ്മൾ മെലിഞ്ഞിരിക്കുന്നതോ തടിച്ചിരിക്കുന്നതോ ഒന്നുമല്ല. നമ്മൾ ഹെൽത്തി ആയിരിക്കുക എന്ന് പറയുന്നത് അസുഖങ്ങൾ ഒന്നുമില്ലാതെ നമ്മൾ കംഫർട്ടബിൾ ആയിരിക്കുക എന്നുള്ളതാണ്,’ സിദ്ദീഖ് പറഞ്ഞു.

സിദ്ദീഖ്.Photo. Screen Grab/ Youtube

ശാരീരികമായി മെലിഞ്ഞിരിക്കുന്നവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്ന് സിദ്ദീഖ് പറഞ്ഞു. മമ്മൂട്ടിയെ പരിശീലിപ്പിക്കാൻ എത്തിയ ഒരു ട്രെയിനറുടെ ആരോഗ്യസ്ഥിതിയാണ് അദ്ദേഹം ഉദാഹരണമായി പറഞ്ഞത്.

‘ഏതോ ഒരു സെറ്റിൽ, ഏതാണ് സെറ്റ് എന്ന് ഓർമ്മയില്ല, മമ്മൂക്കയെ ട്രെയിൻ ചെയ്യിക്കാൻ വന്ന ഒരു ട്രെയിനറുണ്ടായിരുന്നു. നല്ല മെലിഞ്ഞിട്ടുള്ള ഒരു പയ്യനാണ്. വലിയ മസിലൊന്നുമില്ല  മെലിഞ്ഞിട്ടുള്ള ഒരാൾ. നന്നായി ട്രെയിൻ ചെയ്യിപ്പിക്കും. പക്ഷേ അവന് കൊളസ്ട്രോൾ ഏതാണ്ട് 5637 അങ്ങനെ ഏതോ ഉണ്ടായിരുന്നു,’ നടൻ പറഞ്ഞു.

യോഗയും വ്യായാമവും മാത്രം ആരോഗ്യത്തിന്റെ ഉറപ്പായ മാനദണ്ഡങ്ങളായി കാണാനാകില്ലെന്നും സിദ്ദീഖ് പറയുന്നു.

‘ബിജു മേനോന്റെ ഭാര്യ സംയുക്ത വർമ്മയെ യോഗ പഠിപ്പിച്ച യോഗ മാസ്റ്റർ ഏതാണ്ട് 38 വയസ്സിൽ മരിച്ചുപോയി. അപ്പോൾ ഇതൊന്നുമല്ല ഹെൽത്ത് എന്ന് പറയുന്നത്,’ താരം കൂട്ടിച്ചേർത്തു.

ആരോഗ്യത്തെക്കുറിച്ച് ഓരോരുത്തർക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാമെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു. യോഗ ചെയ്യുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്കൊപ്പം, ശരീരത്തിന്റെ ചലനങ്ങളെക്കുറിച്ച് ഓർത്തോപീഡിക് സർജൻമാർക്ക് മറ്റൊരു നിലപാടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു.

‘ചിലർ ചോദിച്ചാൽ പറയും യോഗ ചെയ്യണമെന്ന്. യോഗ ചെയ്യാതിരുന്നാൽ ആരോഗ്യമുണ്ടാകില്ല എന്നൊക്കെ പറയും. നേരെമറിച്ച് ഒരു ഓർത്തോപീഡിക് സർജനോട് ചോദിച്ചാൽ പറയും, നമ്മുടെ കഴുത്തൊന്നും അങ്ങനെ വളക്കാൻ പാടുള്ളതല്ലെന്ന്,’ സിദ്ദീഖ് പറഞ്ഞു.

നവാഗത സംവിധായകനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആരം. ക്രൈം ത്രില്ലർ, സൈക്കോളജിക്കൽ ഡ്രാമ, ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് എന്നിവ കോർത്തിണക്കി ഒരുക്കുന്ന ചിത്രം ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ്പാണ് നിർമിച്ചിരിക്കുന്നത്.

സിദ്ദീഖ്.Photo. Screen Grab/ Youtube

വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പിനൊപ്പം അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നുണ്ട്.  ചിത്രം സെപ്തംബർ 25ന് തിയേറ്ററുകളിലെത്തും.

Content Highlight: Siddique opens up about his perspective on health