ലോകകപ്പുകളില്‍ 16ല്‍ 15 വിജയം; തുല്യരുടെ പോരാട്ടമല്ല, ഇത് ഇന്ത്യയുടെ ഡോമിനേഷന്‍
T20 world cup
ലോകകപ്പുകളില്‍ 16ല്‍ 15 വിജയം; തുല്യരുടെ പോരാട്ടമല്ല, ഇത് ഇന്ത്യയുടെ ഡോമിനേഷന്‍
ആദര്‍ശ് എം.കെ.
Sunday, 15th February 2026, 1:32 pm

 

2026 ടി-20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്നത്. ഈ പോരാട്ടത്തില്‍ വിജയിക്കുന്ന ടീമിന് സൂപ്പര്‍ 8ന് യോഗ്യത നേടാനും സാധിക്കും. മത്സരത്തില്‍ മഴഭീഷണി നേരിടുന്ന സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കുകയും ഇരുവരും പോയിന്റ് പങ്കുവെക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഒന്നിച്ച് സൂപ്പര്‍ 8 പ്രവേശനം സാധ്യമാവുകയും ചെയ്യും.

സൂര്യകുമാർ യാദവും സല്‍മാന്‌‍ അലി ആഘയും. Photo: ACC

 

ലോകകപ്പുകളുടെ ചരിത്രമെടുത്ത് പരിശോധിക്കുമ്പോള്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഡോമിനേഷന്‍ കാണാനാകും. കേവലം ടി-20 ലോകകപ്പില്‍ മാത്രമല്ല, ഏകദിന ലോകകപ്പിലും കാര്യങ്ങളങ്ങനെ തന്നെ.

ഐ.സി.സി ലിമിറ്റഡ് ഓവര്‍ ലോകകപ്പുകളില്‍ 16 തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15ലും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഏകദിന ലോകകപ്പില്‍ കളിച്ച എട്ടില്‍ എട്ട് മത്സരത്തിലും വിജയിച്ചപ്പോള്‍ ടി-20 ലോകകപ്പില്‍ എട്ടില്‍ ഏഴിലും ഇന്ത്യ വിജയം സ്വന്തമാക്കി.

2022 ലോകകപ്പില്‍ പാകിസ്ഥാനെതിരായ വിജയം വിരാട് കോഹ്ലിയെ എടുത്തുയർത്തി ആഘോഷിക്കുന്ന രോഹിത് ശർമ. Photo: BCCI

2021 ടി-20 ലോകകപ്പിലാണ് പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിച്ചത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു മെന്‍ ഇന്‍ ഗ്രീനിന്റെ വിജയം. ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസവും ചേര്‍ന്ന് ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.

വിജയത്തിന് പിന്നാലെ ബാബറും റിസ്വാനും. Photo: ICC

ഐ.സി.സി ലിമിറ്റഡ് ഓവര്‍ ലോകകപ്പുകളില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം വിജയം നേടുന്ന ടീമുകളുടെ ലിസ്റ്റിലും ഇന്ത്യ തന്നെയാണ് ഒന്നാമത്.

ഐ.സി.സി ലോകകപ്പുകളില്‍ (ഏകദിനം, ടി-20) ഒരു ടീമിനെതിരെ ഏറ്റവുമധികം വിജയം

(ടീം – എതിരാളികള്‍ – ആകെ മത്സരം – വിജയം എന്നീ ക്രമത്തില്‍)

ഇന്ത്യ – പാകിസ്ഥാന്‍ – 16 – 15

ഓസ്‌ട്രേലിയ – ശ്രീലങ്ക – 15 – 13

പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 17 – 13

ഇംഗ്ലണ്ട് – ശ്രീലങ്ക – 18 – 11

ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ – 18 – 11

ഓസ്‌ട്രേലിയ – ഇന്ത്യ – 20 – 11

കൊളംബോയില്‍ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ ഐ.സി.സി ലോകകപ്പുകളില്‍ തങ്ങളുടെ 16ാം വിജയം നേടുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

 

Content Highlight: IND vs PAK: India won 15 out of 16 matches against Pakistan in ICC World Cups

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.