ഇന്ത്യയ്ക്ക് തിരിച്ചടി; അയര്‍ലന്‍ഡ് പരമ്പരയില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്
Cricket
ഇന്ത്യയ്ക്ക് തിരിച്ചടി; അയര്‍ലന്‍ഡ് പരമ്പരയില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്
ഫസീഹ പി.സി.
Sunday, 21st June 2026, 6:10 pm

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം അയര്‍ലാന്‍ഡിനെതിരെയുള്ള ടി – 20 പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ജൂണ്‍ 26 മുതലാണ് രണ്ട് മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത്. ജൂണ്‍ 28നാണ് രണ്ടാം മത്സരം.

ഈ പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. കാല്പാദത്തിനേറ്റ പരിക്കാണ് താരത്തിന് വിനയായത്.

ഐ.പി.എല്‍ 2026ന്റെ അവസാന ഘട്ടത്തിലാണ് വരുണിന് പരിക്കേറ്റത്. നിലവില്‍ ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സസില്‍ (സി. ഒ. ഇ) റീഹാബിലിറ്റേഷനിലാണ് താരം. പരിക്ക് മാറാനുള്ള ചികിത്സ തുടരുന്നതിനാലാണ് പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയത്.

ഇന്ത്യക്ക് വേണ്ടി വരുണ്‍ 45 ടി – 20 മത്സരങ്ങളാണ് കളിച്ചത്. 73 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ താരത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്.

അതേസമയം, ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ പരമ്പരയാണിത്. വൈസ് ക്യാപ്റ്റനായി തിലക് വര്‍മയും കൂടെയുണ്ട്. അതിനാല്‍ തന്നെ ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടാണ് ഈ പരമ്പരയെ വീക്ഷിക്കുന്നത്.

അയര്‍ലാന്‍ഡ്, ടി-20 പരമ്പരക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Content Highlight: Ind vs Ire: Varun Chakravarthy ruled out of Ireland T20I

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.