അവന്‍ അഫ്ഗാനെതിരെ സെഞ്ച്വറി നേടും; സൂപ്പര്‍ താരത്തെ കുറിച്ച് സദഗോപന്‍ രമേശ്
Cricket
അവന്‍ അഫ്ഗാനെതിരെ സെഞ്ച്വറി നേടും; സൂപ്പര്‍ താരത്തെ കുറിച്ച് സദഗോപന്‍ രമേശ്
ഫസീഹ പി.സി.
Saturday, 13th June 2026, 12:27 pm

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ന് ധര്‍മശാലയിലാണ് ആദ്യ ഏകദിനം മത്സരം അരങ്ങേറുക.

ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി സൂപ്പര്‍ താരം രോഹിത് ശര്‍മയെ കുറിച്ച് വമ്പന്‍ പ്രവചനം നടത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. ഏകദിന പരമ്പരയിലെ ഏറ്റവും വലിയ ആകര്‍ഷണം രോഹിത്താണെന്ന് അദ്ദേഹം പറഞ്ഞു.

പരമ്പരയില്‍ രോഹിത് ഒരു സെഞ്ച്വറിയെങ്കിലും നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു സദഗോപന്‍ രമേശ്.

‘വിരാട് കോഹ്‌ലി കളിക്കാത്ത സാഹചര്യത്തില്‍, രോഹിത് ശര്‍മ പരമ്പരയില്‍ കളിക്കുന്നത് അവരുടെ കളി കാണാനെത്തുന്ന ആരാധകര്‍ക്ക് വലിയ ആശ്വാസമാകും. ഈ ഏകദിന പരമ്പരയിലെ വലിയ ആകര്‍ഷണം അവന്‍ തന്നെയാണ്.

ധര്‍മശാലയില്‍ മിഡ്‌ വിക്കറ്റിന് മുകളിലൂടെയുള്ള രോഹിത്തിന്റെ അതിശക്തമായ പുള്‍ ഷോട്ടുകള്‍ ഞാന്‍ ഇപ്പോള്‍ തന്നെ മനസില്‍ കാണുന്നുണ്ട്. ഈ പരമ്പരയില്‍ അവന്‍ കുറഞ്ഞത് ഒരു സെഞ്ച്വറിയെങ്കിലും നേടുമെന്നാണ് എനിക്ക് തോന്നുന്നത്,’ സദഗോപന്‍ രമേശ് പറഞ്ഞു.

ഇതിനൊപ്പം പരമ്പരയില്‍ മൂന്നാം നമ്പറില്‍ വിരാട് കോഹ്‌ലിയുടെ പകരക്കാരന്‍ ആരായിരിക്കുമെന്നതിനെയും കുറിച്ചും അദ്ദേഹം സംസാരിച്ചു. മൂന്നാം നമ്പറില്‍ ഇന്ത്യ യശസ്വി ജെയ്സ്വാളിനെ പരീക്ഷിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അവന്‍ പ്രധാനമായും ഓപ്പണറായാണ് ഇറങ്ങാറുള്ളത്. അതുകൊണ്ടുതന്നെ അവന്‍ ബെഞ്ചില്‍ സമയം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.

മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനെ ഇന്ത്യ ഇതിനകം പരിഗണിച്ചു തുടങ്ങിയതെന്ന് വ്യക്തമാണ്. മറ്റൊരു ഫോര്‍മാറ്റിലാണ് അവന്‍ ഇതുവരെ ഈ നമ്പറില്‍ ഇറങ്ങിയത്. എങ്കിലും ഇന്ത്യ മൂന്നാം നമ്പറില്‍ കിഷനെ തന്നെയായിരിക്കും പിന്തുണക്കുക എന്നാണ് താന്‍ കരുതുന്നതെന്നും സദഗോപന്‍ രമേശ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Ind vs Afg: Sadagopan Ramesh predicts Rohit Sharma score atleast one century in ODI series against Afghanisthan

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി