ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ദീര്‍ഘകാലമായുള്ള എതിരാളിയും ബി.ജെ.പി നേതാവുമായ ബിജോയ് മോഹപത്രക്ക് പട്ക്കുര നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പില്‍ തോല്‍വി. ബി.ജെ.ഡി സ്ഥാനാര്‍ത്ഥി സാവിത്രി അഗര്‍വല്ലയാണ് വിജയിച്ചത്.

17,920 വോട്ടുകള്‍ക്കാണ് ബിജോയ് മോഹപത്രയെ സാവിത്രി അഗര്‍വല്ല പരാജയപ്പെടുത്തിയത്. സാവിത്രി അഗര്‍വല്ല 95,162 വോട്ടുകള്‍ നേടിയപ്പോള്‍ ബിജോയ് മോഹപത്രക്ക് 77,507 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയന്ത് മൊഹന്തിക്ക് 2104 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു. ഈ വിജയത്തോടെ ബി.ജെ.ഡിക്ക് 147 അംഗ നിയമസഭയില്‍ 113 അംഗങ്ങളായി.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബി.ജെ.ഡി സ്ഥാനാര്‍ത്ഥി പ്രകാശ് അഗര്‍വല്ല അന്തരിച്ചതിനെ തുടര്‍ന്നാണ് പട്കുരയിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്. പ്രകാശ് അഗര്‍വല്ലയുടെ ഭാര്യയാണ് ഇപ്പോള്‍ വിജയിച്ച സാവിത്രി അഗര്‍വല്ല.