ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിലൂടെ വീണ്ടും പ്രേക്ഷകരുടെ കൈയടി നേടുകയാണ് നിവിന്‍ പോളി. സര്‍വം മായയും ബെത്‌ലഹേമും മലയാള സിനിമയിലുണ്ടാക്കിയ ഓളം ചെറുതല്ല. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് ബെത്‌ലഹേം മുന്നേറുമ്പോള്‍ തന്റെ വരാനിരിക്കുന്ന സിനിമകളിലും ഏറെ പ്രതീക്ഷയിലാണ് താരം.
ഇപ്പോഴിതാ, അധികം വൈകാതെ തന്നെ ഒരു കിടിലന്‍ ആക്ഷന്‍ സിനിമ ചെയ്യണമെന്ന ആഗ്രഹം തുറന്നുപറയുകയാണ് നിവിന്‍ പോളി. എന്നാല്‍ ഉടനൊന്നും അത് നടക്കാന്‍ സാധ്യതയില്ലെന്ന് കൂടി താരം പറഞ്ഞുവെക്കുന്നുണ്ട്.
‘കിടുക്കാച്ചി ആക്ഷന്‍ പടം ചെയ്യണമെന്നുണ്ട്. ഇനി പെട്ടെന്നൊന്നും നടക്കുമെന്ന് തോന്നുന്നില്ല. കുറച്ചുകഴിയുമ്പോള്‍ ഈ ചിരി മടുത്തുതുടങ്ങുമല്ലോ, അപ്പോള്‍ ആലോചിക്കാം,” എന്നാണ് എഫ്.ടി.ക്യു വിത്ത് രേഖാമോനോന്‍ പരിപാടിയില്‍ നിവിന്‍ പോളി പറയുന്നത്.

നിവിൻ പോളി. Photo. Screen grab/ Youtube
ആക്ഷന്‍ സിനിമ ചെയ്യുമ്പോള്‍ താന്‍ നേരിടുന്ന മറ്റൊരു പ്രശ്നത്തെക്കുറിച്ചും നിവിന്‍ സംസാരിച്ചു. ലെഫ്റ്റ് ഹാന്‍ഡറായതിനാല്‍ ഫൈറ്റ് പരിശീലനത്തിനിടെ പലപ്പോഴും ഫൈറ്റേഴ്സും മാസ്റ്റേഴ്സും റിഹേഴ്സല്‍ ചെയ്യുന്നത് റൈറ്റ് ഹാന്‍ഡ് വെച്ചായിരിക്കുമെന്നാണ് താരം പറയുന്നത്.
‘ലെഫ്റ്റ് ഹാന്‍ഡറായതുകൊണ്ട് ഫൈറ്റേഴ്സും മാസ്റ്റേഴ്സും റിഹേഴ്സല്‍ ചെയ്യുന്നത് മൊത്തം റൈറ്റ് വെച്ചിട്ടാണ്. ഞാന്‍ റൈറ്റ് അല്ല, ലെഫ്റ്റാണ് എന്ന് പറയും. എല്ലാ പ്രോപ്പര്‍ട്ടീസും റൈറ്റ് ആയിരുന്നു. പിന്നീട് അതെല്ലാം മാറ്റേണ്ടി വരും. ഒരുവിധം എല്ലാവരും റൈറ്റ് ആണല്ലോ. പിന്നെ അവര്‍ ചോദിക്കും, റൈറ്റ് വെച്ച് അടിച്ചുനോക്കിയാലോ എന്ന്. ഇല്ല, കൈയ്ക്ക് പാങ്ങ് കിട്ടില്ലെന്ന് പറയും,’ നിവിന്‍ പറഞ്ഞു.
വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും നിവിന്‍ പോളി അഭിമുഖത്തില്‍ സംസാരിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മിക്കുന്ന ചിത്രമാണ് അടുത്തത്. റാഷിദാണ് സംവിധാനം. ‘ലവ് ആക്ഷന്‍ ഡ്രാമ’ പോലെ ഔട്ട് ആന്‍ഡ് ഔട്ട് കോമഡി ചിത്രമായിരിക്കും അതെന്നും നിവിന്‍ വ്യക്തമാക്കി.
അല്‍ഫോണ്‍സ് പുത്രനൊപ്പമുള്ള ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ എഴുത്ത് ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. തിരക്കഥ പൂര്‍ണമായും തയ്യാറായതിന് ശേഷം മാത്രമേ സിനിമയിലേക്ക് കടക്കൂവെന്നും താരം പറഞ്ഞു.

‘അല്‍ഫോണ്‍സിനൊപ്പമുള്ള ഒരു പടം വരും. ആ സിനിമ എഴുത്തിന്റെ ഫൈനല്‍ സ്റ്റേജിലാണ്. എഴുത്ത് പക്കയായിട്ട് പടം തുടങ്ങാമെന്ന് തീരുമാനിച്ചതാണ്. ഏത് പടമാണെങ്കിലും ധൃതി പിടിച്ചിട്ട് കാര്യമില്ല. സ്‌ക്രിപ്റ്റില്‍ ഹാപ്പിയാകാതെ എത്ര പണം മുടക്കിയിട്ടും കാര്യമില്ല,’ നിവിന്‍ പറഞ്ഞു.
സ്‌ക്രിപ്റ്റ് തിരുത്തുന്നത് സിനിമയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള ഘട്ടങ്ങളിലൊന്നാണെന്നും നിവിന്‍ പറയുന്നു.
‘സ്‌ക്രിപ്റ്റ് കറക്ഷന്‍ എന്നത് കുറച്ച് ഡിഫിക്കല്‍ട്ട് പാര്‍ട്ടാണ്. കോംപ്ലിക്കേറ്റഡാണ്. സ്‌ക്രിപ്റ്റില്‍ ഹാപ്പിയാകുന്ന സിനിമകളേ ഇനി ചെയ്യൂവെന്ന് തീരുമാനിച്ചിട്ടുണ്ട്,’ താരം പറഞ്ഞു.
Content Highlight: I’d love to do a action film says actor Nivin pauly
