ബെയ്‌റാറിയോ: ലോകക്കപ്പ് ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഹോളണ്ട് പ്രീക്വാര്‍ട്ടര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. ഓസ്‌ട്രേലിയയെ 3-2ന് പരാജയപ്പെടുത്തിയാണ് ഡച്ചുകാര്‍ രണ്ടാം ജയം സ്വന്തമാക്കിയത്. ആര്യന്‍ റോബന്‍ (20) റോബിന്‍ വാന്‍പേഴ്‌സ് (58) ഡീ പേ (68) എന്നിവരാണ് ഡച്ചിനായി വലകുലുക്കിയത്. ഓസ്‌ട്രേലിയയ്ക്കായി ടിം കാഹില്‍ (21) മിലെ ജെഡിനക് (54) എന്നിവര്‍ സ്‌കോര്‍ ചെയ്തു.
ആദ്യ കളിയില്‍ ലോകചാമ്പ്യന്മാരായ സ്‌പെയിനിനെ അട്ടിമറിച്ച ഹോളണ്ടിന് ഇതോടെ ആറ് പോയന്റായി. ഇന്ന് തന്നെ നടക്കുന്ന ചിലി-സ്‌പെയിന്‍ മത്സരഫലത്തോടെ ഗ്രൂപ്പില്‍ നിന്ന് ആരൊക്കെ പ്രീക്വാര്‍ട്ടറിലേക്ക് മൂന്നേറുമെന്നത് കൂടുതല്‍ വ്യക്തമാവും. അതേസമയം ആദ്യ കളിയില്‍ ചിലിയോടും പരാജയപ്പെടേണ്ടി വന്ന ഓസീസിന്റെ ടൂര്‍ണമെന്റിലെ പ്രതീക്ഷകള്‍ അവസാനിച്ചു. സ്‌പെയിനിനെ നാണംകെടുത്തിയവരെന്ന പെരുമയുമായെത്തിയ ഹോളണ്ടിനെ ഒട്ടും ഭയക്കാതെയാണ് ഓസീസ് കളി തുടങ്ങിയത്.
ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം പിടിച്ച് നില്‍ക്കാനും അവര്‍ക്ക് സാധിച്ചു. സ്‌പെയിന്‍ മുന്നേറ്റത്തെ പിടിച്ച് കെട്ടിയ ഹോളണ്ട് പ്രതിരോധനിരയെ മറികടന്ന് മുന്നേറാനും ഓസീസ് താരങ്ങള്‍ക്കായി. എന്നാല്‍ ഇരുപതാം മിനിറ്റില്‍ ആര്യന്‍ റോബനിലൂടെ ഹോളണ്ടാണ് ആദ്യം ഗോള്‍ സ്‌കോര്‍ ചെയ്തത്. മധ്യവരക്കടുത്ത് നിന്ന് കിട്ടിയ ബോളുമായി സ്വതസിദ്ധമായ വേഗതയില്‍ ഒറ്റക്കുള്ള റോബന്റെ കുതിപ്പ്.
വേഗത കൊണ്ട് ഓസീസ് പ്രതിരോധ നിര താരത്തെ പിന്നിലാക്കി പെനാല്‍റ്റി ബോക്‌സില്‍ വച്ച റോബന്‍ തൊടുത്ത ഇടം കാലന്‍ ഷോട്ട് ഗോളിയെ കീഴടക്കി ഓസീസ് ഗോള്‍ പോസ്റ്റില്‍. എന്നാല്‍ ഹോളണ്ടിന്റെയും റോബന്റെയും ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. തൊട്ടടുത്ത നിമിഷം തന്നെ ഓസ്‌ട്രേലിയ ഗോള്‍ മടക്കി. ടിം കാഹിലായിരുന്നു ഗോള്‍ സ്‌കോറര്‍.
മധ്യവരക്കടുത്ത് നിന്ന് ഉയര്‍ത്തിയടിച്ച നല്‍കിയ ക്രോസ് ഹോളണ്ട് പെനാല്‍റ്റി ബോക്‌സിലേക്ക്. അവിടെ കാത്ത് നിന്ന് ടിം കാഹില്‍ ബോള്‍ നിലം തൊടുന്നതിന് മുമ്പ് തൊടുത്ത ഇടം കാലന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോള്‍ ലൈന്‍ കടന്നു. ഓസീസിന് സമനില. അമ്പത്തിനാലാം മിനിറ്റില്‍ ഓസീസ് ലീഡ് നേടി. ഓസീസിനനുകൂലമായി കിട്ടിയ പെനാല്‍റ്റി കിക്ക് ഗോളാക്കി ക്യാപ്റ്റന്‍ മിലെ ജഡിനാക്ക് കങ്കാരുക്കള്‍ക്ക് ലീഡ് സമ്മാനിച്ചത്.
അമ്പത്തിയെട്ടാം മിനിറ്റില്‍ വാന്‍പേഴ്‌സിയിലൂടെ ഡച്ചുകാര്‍ ഗോള്‍ മടക്കി. അറുപത്തിയൊമ്പതാം മിനിറ്റില്‍ നൈജല്‍ ഡി ജോങിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ഹോളണ്ട് രണ്ടാം ജയം സ്വന്തമാക്കി. ഡി ജോങ്ങിന്റെ ലോങ് റേഞ്ചര്‍ ഓസീസ് ഗോള്‍ കീപ്പറുടെ കയ്യില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.
