സ്‌പെയിനെന്ന സോക്കറിലെ നവയുഗരാജാക്കന്മാരുടെ നെഞ്ചിലേക്ക് യോഹാന്‍ ക്രൈഫിന്റെ പിന്‍തലമുറക്കാര്‍ നിറയൊഴിച്ചത് അഞ്ച് തവണ. കഴിഞ്ഞ ലോകക്കപ്പ് ഫൈനലില്‍ സ്‌പെയിനില്‍ നിന്നേറ്റ തോല്‍വിയുടെ കറകള്‍ അവിസ്മരണീയമായ ജയത്തോടെ ഡച്ച് പട മായിച്ച് കളഞ്ഞു. കാത്തുകാത്തിരുന്ന് ഒടുവില്‍ കണക്ക് തീര്‍ക്കാന്‍ അവസരം ഒത്തുവന്നപ്പോള്‍ വാങ്ങിയതിന്റെ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് റോബനും കൂട്ടരും മടക്കി നല്‍കി. ...

മാച്ച് റിവ്യൂ / വിബീഷ് വിക്രം
![]()
[]സാല്‍വദോര്‍: നാല് വര്‍ഷം മുമ്പേറ്റ പരാജയത്തിന്റെ കനലുകള്‍ മനസ്സില്‍ കെടാതെ സൂക്ഷിച്ച ഡച്ച് പടയ്ക്ക് ഒടുവില്‍ മധുരപ്രതികാരം. കഴിഞ്ഞ ലോകക്കപ്പ് ഫൈനലില്‍ സ്‌പെയിനില്‍ നിന്നേറ്റ തോല്‍വിയുടെ കറകള്‍ അവിസ്മരണീയമായ ജയത്തോടെ ഡച്ച് പട മായിച്ച് കളഞ്ഞു. കാത്തുകാത്തിരുന്ന് ഒടുവില്‍ കണക്ക് തീര്‍ക്കാന്‍ അവസരം ഒത്തുവന്നപ്പോള്‍ വാങ്ങിയതിന്റെ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് റോബനും കൂട്ടരും മടക്കി നല്‍കി. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ലോകചാമ്പ്യന്‍മാരെ തകകര്‍ത്തെറിഞ്ഞ ഹോളണ്ടിന് മിന്നും ജയം.
സ്‌പെയിനെന്ന സോക്കറിലെ നവയുഗരാജാക്കന്മാരുടെ നെഞ്ചിലേക്ക് യോഹാന്‍ ക്രൈഫിന്റെ പിന്‍തലമുറക്കാര്‍ നിറയൊഴിച്ചത് അഞ്ച് തവണ. ക്യാപ്റ്റന്‍ വാന്‍ പേഴ്‌സിയും സൂപ്പര്‍ താരം ആരിയന്‍ റോബനും നേടിയ ഇരട്ടഗോളുകളുടെ മികവിലാണ് ഹോളണ്ട് സ്‌പെയിനെ നാണംകെടുത്തിയത്. മറ്റൊരു ഗോള്‍ പ്രതിരോധ നിരക്കാരന്‍ സ്‌റ്റെഫാന്‍ ഡി വ്രിജിന്റെ വകയായിരുന്നു. സ്‌പെയിന്റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ സാബി അലാന്‍സോയാണ് നേടിയത്. ജയത്തോടെ ഗ്രൂപ്പില്‍ ഹോളണ്ടിന് മൂന്ന് പോയന്റായി.
ഫൈനലിന് മുമ്പുള്ള ഫൈനലെന്ന വിശേഷിക്കപ്പെട്ട മത്സരത്തിന്റെ ആദ്യ പകുതി ഏറെക്കുറെ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. അല്‍പ്പം മേധാവിത്വം സ്‌പെയിനായിരുന്നു എന്ന് വേണമെങ്കിലും പറയാം. ഇരുപത്തിയേഴാം മിനിറ്റില്‍ ലീഡ് നേടാനും അവര്‍ക്ക് സാധിച്ചു. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ലോകചാമ്പ്യന്‍മാരുടെ ഗോള്‍. പന്തുമായി പെനാല്‍റ്റി ബോക്‌സില്‍ കടന്ന ഡിയാഗോ കോസ്റ്റ പൊടുന്നനെ വീണു. റഫറി സ്‌പെയിനിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുക്കാനെത്തിയത് സാവി ഫെര്‍ണാണ്ടസ്. വലത്തോട്ട് ചാടിയ ഡച്ച് ഗോളി വോംമിന്റെ കൈകള്‍ക്കടിയിലൂടെ പന്ത് വലിയിലേക്ക്. സ്‌പെയിന്‍-1, ഹോളണ്ട്-0.
ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഹോളണ്ട് ഗോള്‍ മടക്കി. നാല്‍പ്പത്തിനാലാം മിനിറ്റില്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡണിഞ്ഞ വാന്‍പേഴ്‌സി നേടിയ ഗോള്‍ ഈ ലോകക്കപ്പില്‍ ഇത് വരെ പിറന്നതില്‍ ഏറ്റവും മികച്ചതാണെന്ന് നിസ്സംശയം പറയാം. മധ്യവരയുടെ ഇടത്തേ മൂലയില്‍ നിന്ന് സ്‌നൈഡര്‍ ഉയര്‍ത്തിയടിച്ച പന്ത് സ്‌പെയിനിന്റെ പെനാല്‍റ്റി ബോക്‌സിലേക്ക്. അതിവേഗം കൊണ്ട് സെര്‍ജിയേ റാമോസിനെ പിന്നിലാക്കിയ വാന്‍പേഴ്‌സി താഴേക്ക് വരുന്ന പന്തില്‍ ഒരു ജിംനാസ്റ്റിക്കിന്റെ മെയ് വഴക്കത്തോടെ പറന്ന് തലവച്ചു. മുന്നിലേക്ക കയറിയ സ്പാനിഷ് ഗോള്‍കീപ്പര്‍ ഇക്കര്‍ കസീയസ് നിസ്സഹായതയോടെ നോക്കി നില്‍ക്കെ പന്ത് നെറ്റിനെ ചുംബിച്ചു. സ്‌പെയിന്‍-1, ഹോളണ്ട്-1
രണ്ടാം പകുതിയില്‍ സ്‌പെയിന്‍ ചിത്രത്തിലേ ഇല്ലായിരുന്നു. നിരന്തരം ആക്രമണം അഴിച്ച് വിട്ട ഡച്ച് പട പേര്‌കേട്ട സ്പാനിഷ് പ്രതിരോധത്തില്‍ പഴുതുകള്‍ തേടിക്കൊണ്ടേയിരുന്നു. അമ്പത്തിമൂന്നാം മിനിറ്റില്‍ ആര്യന്‍ റോബനിലൂടെ അവര്‍ ഫലം കണ്ടു. പെനാല്‍റ്റി ബോക്‌സിലേക്ക് താഴ്ന്നിറങ്ങിയ പന്ത് ഉയര്‍ന്ന് ചാടി ഇടത്തേ കാല് കൊണ്ട് റോബന്‍ തന്റെ വരുതിയിലാക്കി. ഒന്നുവെട്ടിത്തിരഞ്ഞ് ഇടം കാല്‌കൊണ്ട് തന്നെ റോബനുതിര്‍ത്ത വെടിയുണ്ട കസീയസിനെ മറികടന്ന് സ്പാനിഷ് വലയില്‍.സ്‌പെയിന്‍-1, ഹോളണ്ട്-2
വലത്തേ മൂലയില്‍ കോര്‍ണര്‍ കിക്കിന് സമീപത്ത് നിന്നുള്ള ഫ്രീകിക്കില്‍ നിന്നായിരുന്നു ഡച്ചുകാരുടെ മൂന്നാം ഗോള്‍. സ്‌നൈഡറെടുത്ത കിക്ക് ഇടത്തേ ഗോള്‍പോസ്റ്റിന് ചാരെ താഴ്ന്നിരങ്ങുമ്പോള്‍ ഓടിയെത്തിയ പ്രതിരോധനിരക്കാരന്‍ ഡി വ്രിജിന്‍ തലവച്ചു. രാജ്യത്തിനായി പത്താമത്തെതവണ മാത്രം ബൂട്ടുകെട്ടിയിറങ്ങുന്ന താരത്തിന്റെ ആദ്യ രാജ്യാന്തര ഗോള്‍. സ്‌പെയിന്‍-1, ഹോളണ്ട്-3
കസീയസിന് പിണഞ്ഞ അബദ്ധത്തില്‍ നിന്നായിരുന്നു നാലാം ഗോളിന്റെ പിറവി. ജോഡി ആല്‍ബ നല്‍കിയ മൈനസ് പാസ് കാല്‍കൊണ്ട് തട്ടിയ സ്പാനിഷ് കീപ്പറുടെ കണക്കു കൂട്ടല്‍ തെറ്റി. പന്ത് അല്‍പ്പം മുന്നോട്ട് നീങ്ങി. ഓടിയെത്തിയ വാന്‍പെയ്‌സി പന്ത് റാഞ്ചിയെടുത്ത് തടയാനെത്തിയ പീക്കെയുയും മറികടന്ന് ഗോള്‍പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. സ്‌പെയിന്‍-1, ഹോളണ്ട്-4
മത്സരത്തിന്റെ എണ്‍പതാം മിനിറ്റിലായിരുന്നു ഡച്ചുകാരുടെ അഞ്ചാം ഗോള്‍. മധ്യവരക്ക് ഇ്പ്പുറത്ത നിന്ന് ലഭിച്ച പന്തുമായി റോബന്റെ ഒറ്റക്കുള്ള കുതിപ്പ്. ഒരു സ്പ്രിന്ററുടെ വേഗതയോടെയുള്ള ഡച്ച് താരത്തിന്റെ കുതിപ്പില്‍ സെര്‍ജിയോ റാമോസ് പിന്നിലായി. പെനാല്‍റ്റി ബോക്‌സില്‍ നിന്നും ഒന്ന് വെട്ടിത്തിരിഞ്ഞ് ഇടം കാല്‍ കൊണ്ട് റോബനുതിര്‍ത്ത് ഷോട്ട് നെറ്റില്‍ വിശ്രമിച്ചു. സ്‌പെയിന്‍-1, ഹോളണ്ട്-5.

