ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണം; ആശങ്കയകറ്റേണ്ടത് സര്‍ക്കാര്‍
Education
ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണം; ആശങ്കയകറ്റേണ്ടത് സര്‍ക്കാര്‍
ജിതിന്‍ ടി പി
Monday, 3rd June 2019, 5:49 pm

കേരളസംസ്ഥാനത്തെ നവോത്ഥാനകേരളമെന്നും പുരോഗമനകേരളമെന്നും വിശേഷിപ്പിക്കുന്നതില്‍ ഇന്നാട്ടിലെ വിദ്യാഭ്യാസ സംവിധാനം വഹിച്ച പങ്ക് ചെറുതല്ല. സാമൂഹിക നീതിയ്ക്കും പുരോഗമനകാഴ്ചപ്പാടോടെ ജനാധിപത്യം, മതനിരപേക്ഷത, എന്നിവയുടെ വികാസത്തിനുമായി നിലകൊള്ളാന്‍ സമൂഹത്തെ പ്രാപ്തമാക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഏറെ സ്വാധീനിച്ചു. സംസ്ഥാന രൂപീകരണത്തിന് പിന്നാലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരമേറ്റതോടെ വിദ്യാഭ്യാസഘടനയിലും മാറ്റം വന്നു. ഘടനാപരമായ മാറ്റം കാലാനുഗതമായി തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതിന് പിന്നാലെ ഉയര്‍ന്നുവന്ന വിവാദങ്ങളും.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ 14 ശുപാര്‍ശകളില്‍ രണ്ട് ശുപാര്‍ശകള്‍ മാത്രമാണ് പെട്ടെന്ന് നടപ്പാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ഇത് സംബന്ധിച്ച വിവാദങ്ങളോട് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രതികരിച്ചത്. ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂള്‍ സ്ഥലങ്ങളിലെ ഭരണപരമായ ആശയക്കുഴപ്പം പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പ്രൊഫ. സി. രവീന്ദ്രനാഥ്

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്

2009 ലെ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് ഘടനാപരവും അക്കാദമികവുമായ എല്ലാ വശങ്ങളും പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഡോ.എം.എ ഖാദര്‍ ചെയര്‍മാനായി ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളും പരിശോധിച്ചു ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പാക്കാനുതകുന്ന ഘടനാപരമായ മാറ്റങ്ങള്‍ പഠിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കുക എന്നതായിരുന്നു കമ്മീഷന്റെ ചുമതല.

ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. സെക്കണ്ടറി, ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇകളെ ഏകീകരിക്കുക എന്നതാണ് ഇതിലെ പ്രധാന നിര്‍ദ്ദേശം. ഒരു ഭരണസംവിധാനത്തിന് കീഴിലേക്ക് മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളെയും കൊണ്ടുവരിക എന്ന ശുപാര്‍ശ ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ പ്രയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.

ഇതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യുക്കേഷന്‍ (ഡി.ജി.ഇ) എന്ന പുതിയ സംവിധാനം നിലവില്‍ വരികയും ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബുവിനെയാണ് ഡി.ജി.ഇ ആയി നിയമിച്ചത്.

ഹൈസ്‌ക്കൂളും ഹയര്‍സെക്കണ്ടറിയും ഉള്ള സ്‌കൂളിലെ സ്ഥാപന മേധാവി പ്രിന്‍സിപ്പലും, വൈസ് പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്ററുമായിരിക്കും. ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകളും നിര്‍ത്തലാക്കില്ല.

പ്രധാനപ്പെട്ട മാറ്റങ്ങള്‍:-

മൂന്ന് ഡയറക്ടറേറ്റുകള്‍ക്ക് കീഴില്‍ പ്രത്യേകം പ്രവര്‍ത്തിക്കുന്ന പരീക്ഷാവിഭാഗങ്ങളും ഒന്നാക്കി മാറ്റും.

ഒരു പരീക്ഷാ കമ്മിഷണര്‍ക്ക് കീഴിലായിരിക്കും പുതിയ പരീക്ഷാ സംവിധാനം.

ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ സ്‌കൂളിനെ ഒറ്റ യൂണിറ്റാക്കി പ്രിന്‍സിപ്പലിനെ സ്ഥാപന മേധാവിയും ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററെ വൈസ് പ്രിന്‍സിപ്പലുമാക്കും.

ഹൈസ്‌കൂളിലേയും ഹയര്‍സെക്കന്‍ഡറിയിലേയും അനദ്ധ്യാപക ജീവനക്കാരും ഓഫീസും മുഴുവനായി ഒരു സംവിധാനത്തിന്റെ ഭാഗമായി മാറും.

നിലവിലുള്ള എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഘടനയിലും അദ്ധ്യാപക തസ്തികയിലും മാറ്റമുണ്ടാകില്ല.

പ്രിന്‍സിപ്പലിന്റെ ജോലിഭാരത്തില്‍ കുറവുവരുത്തുന്നതിന് അവര്‍ കൈകാര്യം ചെയ്തുപോന്ന ക്ലാസുകള്‍ ജൂനിയര്‍ അദ്ധ്യാപകന് നല്‍കുകയോ അല്ലാത്തിടങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകനെ നിയമിക്കുകയോ ചെയ്യാം.

ഹയര്‍സെക്കന്‍ഡറിയില്‍ നിലവിലുള്ള റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി), പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ ഓഫീസ് സംവിധാനങ്ങള്‍ നിലവിലുള്ള രീതിയില്‍ തുടരും.

ആറ് അധ്യായങ്ങളാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആദ്യഭാഗത്തില്‍ ഉള്ളത്. സമീപനം, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്താവണം, കേരളീയവിദ്യാഭ്യാസത്തിന്റെ ഇന്നലെകള്‍, അവസ്ഥാവിശകലനം, നാളെയുടെ വിദ്യാഭ്യാസം, ശുപാര്‍ശകള്‍ എന്നിങ്ങനെയാണ് ആറ് അധ്യായങ്ങള്‍.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇവിടെ വായിക്കാം

മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസം എന്നാണ് റിപ്പോര്‍ട്ടിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ മികവിനുവേണ്ടിയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം എന്നുപറഞ്ഞ് വലിയ പ്രതീക്ഷ ഉണര്‍ത്തിയിട്ട് സ്‌കൂള്‍ഘടനയിലെ മാറ്റം, ഭരണപരമായ ഏകോപനം, തസ്തിക പുനര്‍നാമകരണം എന്നിങ്ങനെ അധികാരഘടനയും അതിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് പ്രസ്തുത റിപ്പോര്‍ട്ട് ചുരുങ്ങിപ്പോയി എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ഉത്തരവില്‍ ലയിക്കാതെ ഭരണപക്ഷവും പ്രതിപക്ഷവും

പൂര്‍ണമായി സമര്‍പ്പിക്കാത്ത ഒരു റിപ്പോര്‍ട്ട് മന്ത്രിസഭ എങ്ങനെ അംഗീകരിച്ചു എന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച പ്രധാന ചോദ്യം. അധികാരവികേന്ദ്രീകരണത്തിന്റെ കാലത്ത് കേന്ദ്രീകരണത്തെ കുറിച്ചാണ് കമ്മിറ്റി പറയുന്നത്. ഡയറക്ടറേറ്റുകള്‍ ഒരുമിച്ച് ആക്കുന്നത് രാഷ്ട്രീയ താല്പര്യങ്ങള്‍ നടപ്പിലാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

അധ്യാപകരുടെ നിലവാരം വരെ ബാധിക്കുന്ന ഉത്തരവ് നടപ്പാക്കുന്നതുമായി മുന്നോട്ടുപോയാല്‍ നിയമനടപടി സ്വീകരിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

റിപ്പോര്‍ട്ടില്‍ കുറച്ച് ഗുണപരമായ കാര്യങ്ങളും അതിനേക്കാളേറെ പ്രതിലോമകരമായ കാര്യങ്ങളുമുണ്ടെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ അജിത് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗത്തിലാണ് അക്കാദമിക കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുകയെന്ന് ഒന്നാം ഭാഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഒന്നാം ഭാഗ റിപ്പോര്‍ട്ടെന്ന് പറയുന്നത് ഘടനാപരവും ഭരണപരവുമായ കാര്യങ്ങളെക്കുറിച്ചും അധ്യാപക പരിശീലനത്തെക്കുറിച്ചും മോണിറ്ററിംഗും തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. അക്കാദമികമായ കാര്യങ്ങള്‍ രണ്ടാം ഭാഗത്തിലായിരിക്കുമെന്ന് സൂചിപ്പിച്ചിട്ടുമുണ്ട്.’

വി.കെ അജിത് കുമാര്‍

രണ്ടോ, മൂന്നോ മാസം കഴിഞ്ഞാല്‍ രണ്ടാം ഭാഗ റിപ്പോര്‍ട്ടു കൂടി വരും. അതുകൂടി വന്നിട്ട് തീരുമാനം നടപ്പിലാക്കിയാല്‍ മതിയെന്നും അതിന് ശേഷം ഗുണപരമായി ചര്‍ച്ച നടത്തി ഉത്തരവ് പുറപ്പെടുവിക്കാമെന്നും വിദ്യാഭ്യാസമന്ത്രിയോട് പറഞ്ഞിരുന്നതായി അജിത് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ രണ്ട് തവണ ഇത് സംബന്ധിച്ച് അധ്യാപകസംഘടനകള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ ആരോപണം രാഷ്ട്രീയപ്രേരിതം മാത്രമാണെന്നും കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.ജെ ഹരികുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഭരണപരമായുള്ള മാറ്റങ്ങളെ സംബന്ധിച്ചുള്ളതാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം. അതിനനുസരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലാണ് മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അക്കാദമിക തലത്തിലുള്ള റിപ്പോര്‍ട്ട് പിന്നീട് വരും. അത് വരുമ്പോള്‍ അക്കാര്യത്തിലും തീരുമാനമെടുക്കും. ഇതില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കുന്നു എന്നുള്ള ആരോപണങ്ങള്‍ ശരിയല്ല.’ ഹരികുമാര്‍ പറഞ്ഞു.

അതേസമയം ലയനപ്രക്രിയ നടത്തുമ്പോള്‍ ജീവനക്കാരുടെ എണ്ണത്തില്‍ എങ്ങനെ മാറ്റം വരും എന്നതിനൊക്കെ വ്യക്തത വേണമെന്ന് അജിത്കുമാര്‍ പറയുന്നു.

‘ഒരു ചെറിയ ഉദാഹരണം പറയാം. നാളെ സ്‌കൂള്‍ തുറക്കുന്നു, ഹൈസ്‌കൂളിന്റെ മേലധികാരി ഇപ്പോള്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പളാണ്. ഏതെങ്കിലും അധ്യാപകന് ലീവെടുക്കണമെങ്കില്‍ ആരോട് അനുവാദം വാങ്ങണം എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഓരോ തലത്തിലും സൂക്ഷ്മമായി തന്നെ പരിശോധിക്കേണ്ട വിഷയമാണ്. അതെല്ലാം കൃത്യമായി പരിശോധിച്ച ശേഷം ലയനപ്രക്രിയ നടത്തിയാല്‍ മതിയല്ലോ.’ അജിത് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന പല കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കുറെക്കഴിയുമ്പോള്‍ ഹൈസ്‌കൂളില്‍ ബയോളജി പഠിപ്പിക്കുന്ന അധ്യാപകരില്‍ കുറവ് വരികയാണെങ്കില്‍ ഹയര്‍സെക്കണ്ടറിയില്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ തന്നെ ഹൈസ്‌കൂളില്‍ പഠിപ്പിക്കട്ടെ എന്ന് സര്‍ക്കാര്‍ ഉത്തരവ് കൊണ്ടുവരും. ഹയര്‍സെക്കണ്ടറിയിലെ അറബി അധ്യാപകന്‍ ഹൈസ്‌കൂളിലും പഠിപ്പിക്കട്ടെ എന്ന നിര്‍ദ്ദേശം വരുമ്പോള്‍ സ്വാഭാവികമായും പൊതുസമൂഹവും അങ്ങനെ ചിന്തിക്കും. ഇത് വഴി ഹൈസ്‌കൂളിലെ തസ്തികകളൊക്കെ ഇല്ലാതാകും. അഞ്ചോ എട്ടോ വര്‍ഷം കഴിയുമ്പോള്‍ ഹൈസ്‌കൂള്‍ അധ്യാപകരുടെ തസ്തികയില്‍ വലിയ ശതമാനം കുറവ് വരും.’

ഡിപ്പാര്‍ട്ട്‌മെന്റില്‍ ഓഫീസില്‍ ക്ലര്‍ക്കുമാരുടെ ഒഴിവ് വരും. ഹെഡ്മാസ്റ്റര്‍മാരെ വൈസ് പ്രിന്‍സിപ്പളാക്കുന്നതിന് പിന്നിലും വലിയ ക്രമക്കേടുണ്ട്. സെന്‍ട്രല്‍ പാറ്റേണില്‍ വൈസ് പ്രിന്‍സിപ്പളെന്ന് പറയുന്നത് ഹയര്‍സെക്കണ്ടറി അധ്യാപകരാണ്. കേന്ദ്രീയ വിദ്യാലയത്തില്‍ വൈസ് പ്രിന്‍സിപ്പിളാകുന്നത് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരല്ലെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചുകാലം കഴിയുമ്പോള്‍ ഹെഡ്മാസ്റ്ററുടെ പോസ്റ്റില്ലാതാകും. നിലവിലുള്ള തസ്തികകളുടെ എണ്ണത്തില്‍ കുറവ് വരുത്തിക്കൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുടെ തുടര്‍ച്ചയാണിത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അതിന് കൂട്ടനില്‍ക്കുന്നുവെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കേരളത്തിലെ സ്‌കൂളുകളെ സംബന്ധിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് എന്ന നിലയിലാണ് കെ.എസ്.ടി.എ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കാണുന്നതെന്ന് ഹരികുമാര്‍ പറഞ്ഞു. അധികാരവികേന്ദ്രീകരണം എന്നതില്‍ നിന്ന് അധികാരകേന്ദ്രീകരണം എന്ന വിമര്‍ശനം ശരിയല്ലെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കെ.ജെ ഹരികുമാര്‍

‘ഇത് യഥാര്‍ത്ഥത്തില്‍ അധികാരവികേന്ദ്രീകരണം തന്നെയാണ്. കാരണം അധികാരം ഒരു കേന്ദ്രത്തില്‍ ഏകീകരിക്കുകയല്ലല്ലോ. സ്‌കൂള്‍ തലം മുതല്‍ എ.ഇ.ഒ,ഡി.ഇ.ഒ അടക്കമുള്ള മുഴുവന്‍ സംവിധാനവും നിലനില്‍ക്കുകയാണല്ലോ. അതുതന്നെ അധികാരവികേന്ദ്രീകരണമല്ലേ. അഡ്മിനിസ്‌ട്രേറ്റീവ് തലത്തില്‍ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ടാക്കുന്ന ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. അത് പരിഹരിക്കപ്പെടും. അല്ലാതെ അധികാരം എവിടെയും കേന്ദ്രീകരിക്കപ്പെടുന്നില്ല’

തസ്തികകളില്‍ കുറവ് വരുമെന്ന ആരോപണത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ടെങ്കില്‍ അധ്യാപകരുടെ എണ്ണത്തിലും കുറവ് വരും. അല്ലാതെ ഈ ഉത്തരവ് തസ്തികയുടെ എണ്ണം കുറയ്ക്കില്ല. നേരെമറിച്ച് പ്രിന്‍സിപ്പളിന്റെ ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഫലമായി തസ്തിക കൂടാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രീയവിദ്യാലയത്തിന് സമാനമായുള്ള സംവിധാനം ഇവിടെ വരുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹയര്‍സെക്കണ്ടറിയിലും ഹൈസ്‌കൂളിലും രണ്ട് തരത്തിലുള്ള നിയമനം ആണ് നടക്കുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ 9 മുതല്‍ 12 വരെയുള്ള സ്റ്റാന്‍ഡേര്‍ഡുകളില്‍ പി.ജി യോഗ്യതയുള്ള അധ്യാപകരാണ് പഠിപ്പിക്കുന്നത്. ഇവിടെ ഹൈസ്‌കൂള്‍ ഗ്രാജുവേഷനും ഹയര്‍സെക്കണ്ടറിയില്‍ പി.ജിയുമാണ്. ഭാവിയില്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പി.ജി വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദേശം കൊണ്ടുവന്നാല്‍ അത് നടപ്പിലാക്കേണ്ടിവരും. അതുവരെ ഇങ്ങനെ തന്നെ തുടരും. അത് സംസ്ഥാനസര്‍ക്കാരിന്റെ പരിധിയിലുള്ള കാര്യമല്ലല്ലോ.’-ഹരികുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ ധൃതി പിടിച്ച് ഉത്തരവ് പുറത്തിറക്കിയതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥിസംഘടനകളും തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ 3 ന് വൈകീട്ട് എല്ലാ ജില്ലയിലും പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ പ്രധാനപ്പെട്ട ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് അജിത് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ജൂണ്‍- 6 ലെ സ്‌കൂള്‍ പ്രവേശനോത്സവത്തിലെ ജില്ലാ-സംസ്ഥാനതലത്തിലുള്ള ഔദ്യോഗിക പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം അഭിജിത്

സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഇത്തരമൊരു റിപ്പോര്‍ട്ട് എന്നാണ് പറയുന്നത്. എന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഹയര്‍സെക്കണ്ടറി-ഹൈസ്‌കൂള്‍ ഏകീകരണത്തെക്കുറിച്ച് പറയുന്നില്ല. 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നാണ് ഈ നിയമത്തില്‍ പറയുന്നതെന്നും അഭിജിത് പറഞ്ഞു.

‘കേരളത്തിലെ വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വേണ്ടെന്ന് ദേശീയതലത്തിലുള്ള കമ്മിറ്റി തന്നെ പറഞ്ഞിട്ടുള്ളതാണ്. പിന്നെന്തിനാണ് ഇത് നടപ്പിലാക്കുന്നത്. ‘

നിലവില്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എന്ന് പറയുന്നത് പത്താം ക്ലാസാണ്. ഇത് പ്ലസ് ടു തലത്തിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പത്താം ക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസത്തില്‍ ശാസ്ത്രം, ഭാഷാ ചരിത്രം തുടങ്ങിയ എല്ലാ വിഷയങ്ങളുമുണ്ട്. പക്ഷെ പ്ലസ് വണ്‍, പ്ലസ് ടുവിലേക്കെത്തുമ്പോള്‍ അത് പൊതുവിദ്യഭ്യാസമല്ല. പ്രത്യേക വിഷയത്തിലൂന്നിയ പഠനമാണ്. അതുപോലെ വി.എച്ച്.എസ്.ഇ എന്നുപറയുന്നത് തൊഴില്‍ പരിശീലനത്തിന് കൂടി ഉതകുന്ന വിദ്യാഭ്യാസമാണ്. ‘ ഇതെല്ലാം കൂടെ ഒരു ഭരണസംവിധാനത്തിലേക്ക് കൊണ്ടുവരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അഭിജിത് പറഞ്ഞു.

പുകമറ നീക്കേണ്ടത് സര്‍ക്കാര്‍

ഗുണപരമായ ഒരുപാട് കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റീന് സര്‍വീസിന് സമാനമായി കേരള എഡ്യുക്കേഷണല്‍ സര്‍വീസ്, പ്രീസ്‌കൂളിംഗ് സംവിധാനം, പഞ്ചായത്ത് എഡ്യുക്കേഷന്‍ ഓഫീസര്‍ നിയമനം തുടങ്ങിയവയൊക്കെ അതില്‍ ചിലത് മാത്രമാണ്. എന്നാല്‍ പ്രാഥമികമായ വായനയില്‍ത്തന്നെ മനസ്സിലാകുന്നത് റിപ്പോര്‍ട്ട് സ്‌കൂള്‍ ഭരണസംവിധാനത്തെയാണ് പ്രധാനമായി സ്പര്‍ശിക്കുന്നത് എന്നാണ്. അക്കാദമികമായ മാറ്റത്തിന് വിദ്യാഭ്യാസപരമായ ഭരണപരിഷ്‌കാരം തീര്‍ച്ചയായും അനിവാര്യമാണ്. പക്ഷേ, എല്ലാ കുട്ടികളെയും എങ്ങനെ ഒരേപോലെ മികവിലേക്കടുപ്പിക്കാം, എങ്ങനെ വിദ്യാഭ്യാസത്തെ സാമൂഹികാവശ്യങ്ങളുമായി ബന്ധപ്പെടുത്തി കൂടുതല്‍ പ്രയോജനപ്രദമാക്കാം എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കമ്മീഷന്‍ എന്തുമാര്‍ഗങ്ങളിലൂടെയാണ് തങ്ങളുടെ നിരീക്ഷണങ്ങളിലേക്കും നിഗമനങ്ങളിലേക്കും ശുപാര്‍ശകളിലേക്കും എത്തിച്ചേര്‍ന്നത് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല എന്നുള്ളതുകൊണ്ട് തന്നെ പ്രതിപക്ഷം ഉന്നയിക്കുന്ന അപൂര്‍ണ്ണം എന്ന ആരോപണത്തിനും കഴമ്പുണ്ട്. ഇത് ദൂരീകരിക്കാന്‍ ഈ അധ്യയനവര്‍ഷം തന്നെ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയ സര്‍ക്കാരിന് ഭരണഘടനാപരമായി ബാധ്യതയുണ്ട്.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.