കീം വിവാദം; നീതി തേടുന്ന കേരള സിലബസ് വിദ്യാർത്ഥികൾ
Deep Report
കീം വിവാദം; നീതി തേടുന്ന കേരള സിലബസ് വിദ്യാർത്ഥികൾ
ജിൻസി വി ഡേവിഡ്
Sunday, 13th July 2025, 3:27 pm
പ്രവേശന പരീക്ഷ നടത്തുമ്പോൾ പിന്നെ എന്തിനാണ് അതിലേക്ക് പ്ലസ് ടു മാർക്ക് കൂടി ചേർക്കുന്നതെന്നും പ്രവേശന പരീക്ഷയിലെ സ്കോർ മാത്രം അടിസ്ഥാനപ്പെടുത്തി റാങ്ക് പട്ടിക തയാറാക്കിയാൽ പ്രശ്നം തീരില്ലേ എന്ന ചോദ്യം ഉയരാറുണ്ട്. ഒരു വിദ്യാർത്ഥിയുടെ കഴിവ് എൻട്രൻസ് പരീക്ഷയിലെ ഏതാനും മണിക്കൂറുകളിലെ പ്രകടനത്തിൽ മാത്രം ഒതുങ്ങുന്നില്ല. പ്ലസ് ടു തലത്തിൽ രണ്ട് വർഷം പഠിച്ച വിഷയങ്ങളിലെ അറിവും സ്ഥിരമായ അക്കാദമിക പ്രകടനവും ഒരു വിദ്യാർത്ഥിയുടെ യഥാർത്ഥ പഠന നിലവാരത്തെയും കഴിവിനെയും പ്രതിഫലിപ്പിക്കുന്നു.

സംസ്ഥാനത്തെ എഞ്ചിനീയറിങ്, മെഡിക്കൽ, ആർക്കിടെക്ചർ പ്രവേശനത്തിനായുള്ള കീം (കേരള എഞ്ചിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ) പരീക്ഷയുമായി ബന്ധപ്പെട്ട് ഇപ്പോൾ വലിയ വിവാദമാണ് നടക്കുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പ്, മാർക്ക് ഏകീകരണത്തിനുള്ള (normalization) ഫോർമുലയിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയിരുന്നു.

മാർക്ക് വിതരണത്തിൽ കേരള സിലബസിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ നേരിടുന്ന അസമത്വം ഇല്ലാതാക്കാനായിരുന്നു പുതിയ മാനദണ്ഡം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയശേഷം, വെയിറ്റേജ് മാനദണ്ഡങ്ങള്‍ മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.എസ്.ഇ വിദ്യാർത്ഥികൾ ഹരജി നൽകി.

Private University Bill to be introduced in Legislative Session: Higher Education Minister

ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ആർ. ബിന്ദു

പിന്നാലെ ഹൈഹക്കോടതിയുടെ സിംഗിൾ ബെഞ്ച് പഴയ മാനദണ്ഡ പ്രകാരം വീണ്ടും റാങ്ക് പട്ടിക പുറത്തുവിടണമെന്ന് ഉത്തരവിട്ടു. സർക്കാർ, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും കാര്യമുണ്ടായില്ല.

മറ്റൊരു കോടതി പരീക്ഷണത്തിന് കൂടി നിൽക്കാതെ സർക്കാർ കോടതി നിർദേശപ്രകാരമുള്ള പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.

കോടതി വിധിയോടെ റാങ്കിലിടം നേടിയ 67,505 വിദ്യാർഥികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ആദ്യ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കിലെത്തിയ കേരള സിലബസിലെ വിദ്യാർത്ഥി അഞ്ചാം റാങ്കിലേക്ക് തള്ളപ്പെട്ടിരുന്നു. പിന്നാലെ കീം വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ കേരള സിലബസ് വിദ്യാർത്ഥികൾ തീരുമാനിച്ചിരിക്കുകയാണ്. കീം റാങ്ക് പട്ടിക തിരുത്തിയതോടെ പലരുടെയും റാങ്ക് വലിയ രീതിയിൽ ഇടിഞ്ഞിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.

ക്ലാസ്‌റൂമിൽ മികച്ച മാർക്ക് വാങ്ങിയ ഒരു കുട്ടിക്ക് കോച്ചിങ് ക്ലാസിൽ പോകാൻ സാധിക്കില്ലെന്ന ഒരു കാരണം കൊണ്ട് എൻട്രൻസിൽ മുന്നേറാൻ കഴിയാതെ വരുന്നത് അനീതിയാണ്

റാങ്ക് പട്ടികയിൽ ആദ്യത്തെ 3000ത്തിലെങ്കിലും വന്നാലേ സംസ്ഥാനത്തെ മെച്ചപ്പെട്ട കോളജുകളിൽ പ്രവേശനം ലഭിക്കൂ. പ്രധാന ബ്രാഞ്ചുകളിലാണെങ്കിൽ ഇതും പോരാ. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെ തന്നെ കെ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ രണ്ട് ഗവ. കോളജുകളും മൂന്ന് എയ്‌ഡഡ് കോളജുകളുമാണുള്ളത്. 35,000 മുതൽ 1,50,000 രൂപ വരെയാണ് സ്വാശ്രയ കോളജ് ഫീസ്. പഴയ രീതി പിന്തുടർന്ന് റാങ്ക് നിർണയിക്കുമ്പോൾ കേരള സിലബസിലെ വിദ്യാർത്ഥികൾ വലിയ അനീതിയാണ് നേരിടുന്നത്.

ഏതാനും വർഷങ്ങളായി കേരള സിലബസ് വിദ്യാർഥികൾ സ്കോർ സമീകരണത്തിലൂടെ പിറകിലാവുന്നുണ്ടെങ്കിലും ഇത്രയേറെ അത് വ്യക്തമായിരുന്നില്ല. ഇക്കുറി പുതിയ ഫോർമുല പ്രകാരം വിവേചനമില്ലാത്ത സ്കോറും പഴയ ഫോർമുലവച്ച് സമീകരിച്ച സ്കോറും പുറത്ത് വന്നതോടെ ഓരോ വിദ്യാർഥിക്കും സമീകരണപ്രക്രിയയിലൂടെ തങ്ങൾ എത്രമാത്രം പിറകോട്ട് പോകുന്നുവെന്ന് തിരിച്ചറിയുന്ന അവസ്ഥയുണ്ടായി.

വിവിധ പരീക്ഷാ ബോർഡുകൾക്ക് കീഴിൽ വ്യത്യസ്ത നിലവാരത്തിലുള്ള പരീക്ഷകളാണ് നടക്കുക.

കേരള സിലബസിലെ സയൻസ് പരീക്ഷയിൽ ഡബിൾ വാല്യൂവേഷൻ ഉണ്ടാകും. പത്ത് ശതമാനം വ്യത്യാസം വന്നാൽ മൂന്നാമതും മൂല്യനിർണയം നടത്തും. ഇത്തരത്തിൽ 1200 ൽ 1200 മാർക്കും വാങ്ങി വിജയിച്ച ഒരു കേരള സിലബസ് വിദ്യാർത്ഥിക്ക് മൂല്യനിർണയത്തിൽ ഉള്ള അനീതി കൊണ്ട് മാത്രം, തനിക്ക് ലഭിക്കേണ്ട റാങ്ക് നഷ്ടപ്പെടുന്നത് ആലോചിച്ചുനോക്കൂ.

 

Government suffers setback in KEAM; High Court upholds cancellation of results

 

എന്ത് അടിസ്ഥാനത്തിലാണ് കീം പരീക്ഷയുടെ റാങ്ക് പട്ടിക തയാറാക്കുക?

KEAM പരീക്ഷയിൽ എൻജിനീയറിങ്, മെഡിക്കൽ, ആർക്കിടെക്ചർ എന്നീ കോഴ്സുകൾക്ക് വെവ്വേറെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

എഞ്ചിനിയറിങ് വിദ്യാർത്ഥികൾക്ക് കീം എൻട്രൻസ് പരീക്ഷയിലെ പേപ്പർ വണ്ണിൽ ഫിസിക്സ് & കെമിസ്ട്രിക്ക് ലഭിച്ച മാർക്കും പേപ്പർ 2 ആയ മാത്തമാറ്റിക്സിൽ ലഭിച്ച മാർക്കും പ്ലസ് ടു പരീക്ഷയിൽ (അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ) വിദ്യാർത്ഥികൾക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി (അല്ലെങ്കിൽ ബയോടെക്നോളജി/കമ്പ്യൂട്ടർ സയൻസ്/ബയോളജി) എന്നീ വിഷയങ്ങളിൽ ലഭിക്കുന്ന മാർക്കും കൂട്ടിയാണ് കീം എഞ്ചിനിയറിങ് പരീക്ഷയുടെ മാർക്ക് കണക്കാക്കുക. ഈ രണ്ട് ഘടകങ്ങൾക്കും 50:50 എന്ന അനുപാതത്തിൽ പ്രാധാന്യം നൽകിയാണ് കീം എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

മെഡിക്കൽ

മെഡിക്കൽ പ്രവേശനത്തിനായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (MCI) യുടെയും കേന്ദ്ര സർക്കാരിന്റെയും നിർദേശപ്രകാരം രാജ്യത്തെ എല്ലാ മെഡിക്കൽ, ഡെൻ്റൽ കോളേജുകളിലേക്കുമുള്ള പ്രവേശനത്തിന് ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (NEET-UG) നിർബന്ധമാക്കിയിട്ടുണ്ട്.

അതിനാൽ, കേരളത്തിലെ മെഡിക്കൽ സീറ്റുകളിലേക്കും കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസിന് NEET സ്കോർ ഉപയോഗിക്കണം. സി.ഇ.ഇ നേരിട്ട് മെഡിക്കൽ എൻട്രൻസ് പരീക്ഷ നടത്തുന്നതിന് പകരം, NEETൽ യോഗ്യത നേടുന്ന വിദ്യാർത്ഥികളുടെ സ്കോർ ശേഖരിച്ച്, അവരുടെ സംസ്ഥാന റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും, അതിൻ്റെ അടിസ്ഥാനത്തിൽ അലോട്ട്‌മെൻ്റ് നടത്തുകയുമാണ് ചെയ്യുന്നത്. KEAM പോർട്ടൽ ഇതിനുള്ള അപേക്ഷകളും കൗൺസിലിങ്ങും ഏകോപിപ്പിക്കാൻ ഉപയോഗിക്കുന്നു.

ആർക്കിടെക്ചർ

ആർക്കിടെക്ചർ കൗൺസിൽ ഓഫ് ഇന്ത്യ (Council of Architecture – CoA) നടത്തുന്ന എൻ.എ.ടി.എ (National Aptitude Test in Architecture) എന്ന പരീക്ഷയിലെ മാർക്കും വിദ്യാർത്ഥികളുടെ പ്ലസ് ടു മാർക്കും പരിഗണിച്ച്, ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കി കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻ അലോട്ട്‌മെൻ്റ് നടത്തുന്നു.

 

Revised KEAM results published

 

ഓരോ ബോർഡിനും അവരുടേതായ സിലബസ്, ചോദ്യപേപ്പർ പാറ്റേൺ, മൂല്യനിർണ്ണയ രീതികൾ, മാർക്ക് നൽകുന്നതിലെ ഉദാരത എന്നിവയിൽ വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരു ബോർഡിൽ 90% മാർക്ക് നേടുന്നത് മറ്റൊരു ബോർഡിൽ 95% മാർക്ക് നേടുന്നതിന് തുല്യമായ അക്കാദമിക നിലവാരത്തെ ആയിരിക്കാം സൂചിപ്പിക്കുന്നത്.

എന്താണ് കീം പരീക്ഷയിൽ സ്റ്റാന്റഡൈസേഷൻ അല്ലെങ്കിൽ മാർക്ക് ഏകീകരണം

കീം പരീക്ഷയിലെ സ്റ്റാന്റഡൈസേഷൻ അല്ലെങ്കിൽ മാർക്ക് ഏകീകരണം എന്നത് വിവിധ വിദ്യാഭ്യാസ ബോർഡുകളിൽ (കേരള സ്റ്റേറ്റ് സിലബസ്, CBSE, ICSE, തുടങ്ങിയവ) നിന്ന് പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്കുകളെ താരതമ്യം ചെയ്യുന്നതിനും തുല്യമാക്കുന്നതിനും ഉപയോഗിക്കുന്ന ഒരു പ്രക്രിയയാണ്. ഇതിനെ നോർമലൈസേഷൻ എന്നും പറയാറുണ്ട്. ചുരുക്കത്തിൽ കീം പരീക്ഷ എഴുതുന്ന കുട്ടികളുടെ വിവിധ ബോർഡുകളിൽ നിന്നുള്ള പ്ലസ് ടു മാർക്കുകളെ ഒരു പൊതു മാനദണ്ഡത്തിലേക്ക് കൊണ്ടുവരുന്ന പ്രക്രിയയാണിത്.

 

കീം പരീക്ഷയിൽ മാർക്ക് ഏകീകരണത്തിന്റെ ആവശ്യകത

കേരള, സി.ബി.എസ്.ഇ, ഐ.സി.എ സ്.ഇ, മറ്റ് സംസ്ഥാന ബോർഡുകൾ തുടങ്ങിയ വിവിധ പരീക്ഷാ ബോർഡുകൾക്ക് കീഴിൽ പ്ലസ് ടു പഠനം കഴിഞ്ഞ വിദ്യാർഥികളാണ് കീം പരീക്ഷ എഴുതുന്നത്. ഇവർക്ക് വ്യത്യസ്ത നിലവാരത്തിലുള്ള പരീക്ഷയാണ് പ്ലസ് ടു യോഗ്യത നേടാൻ വേണ്ടി എഴുതേണ്ടി വരിക.

ഓരോ ബോർഡിനും അവരുടേതായ സിലബസ്, ചോദ്യപേപ്പർ പാറ്റേൺ, മൂല്യനിർണ്ണയ രീതികൾ, മാർക്ക് നൽകുന്നതിലെ ഉദാരത എന്നിവയിൽ വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരു ബോർഡിൽ 90% മാർക്ക് നേടുന്നത് മറ്റൊരു ബോർഡിൽ 95% മാർക്ക് നേടുന്നതിന് തുല്യമായ അക്കാദമിക നിലവാരത്തെ ആയിരിക്കാം സൂചിപ്പിക്കുന്നത്. ബോർഡുകൾ നടത്തുന്ന പരീക്ഷയുടെ നിലവാരവുമായി ബന്ധപ്പെട്ടതാണ് മാർക്കുകളിൽ സംഭവിക്കുന്ന അന്തരം. അതുകൊണ്ടുതന്നെ വ്യത്യസ്ത ബോർഡുകളിലെ മാർക്ക് ഒരേരീതിയിൽ പരിഗണിക്കുന്നതിൽ നീതിയില്ല.

ഇത് പരിഹരിക്കാൻ സ്വീകരിക്കുന്ന മാതൃകയാണ് മാർക്കുകളുടെ സ്റ്റാന്റഡൈസേഷൻ അഥവാ ഏകീകരണം. സ്റ്റാന്റഡൈസേഷന് വ്യത്യസ്ത മാതൃകകൾ സ്വീകരിച്ചുവരുന്നുണ്ട്. കേരളത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി ശുപാർശ ചെയ്ത പ്രകാരമുള്ള സ്റ്റാന്റഡൈസേഷൻ മാതൃകയാണ് പിന്തുടർന്നുവരുന്നത്.

 

നിലവിലുള്ള സ്റ്റാന്റഡൈസേഷൻ?

2011ൽ വിദഗ്‌ധ സമിതി തയാറാക്കിയ ഗണിത ഫോർമുലയിലാണ് കേരളത്തിൽ സ്റ്റാന്റഡൈസേഷൻ നടപ്പാക്കുന്നത്. അതായത് 2011ൽ കീം റാങ്ക് പട്ടിക തയ്യാറാക്കുന്നതിൽ കേരള സർക്കാർ ഒരു പ്രധാനപ്പെട്ട മാറ്റം കൊണ്ടുവന്നു. അതുവരെ എൻട്രൻസ് പരീക്ഷാ മാർക്ക് മാത്രം അടിസ്ഥാനമാക്കിയിരുന്ന റാങ്കിങ് രീതി മാറ്റി, പ്ലസ് ടു മാർക്കുകൾക്കും തുല്യ പ്രാധാന്യം നൽകി.

ഇതിന് അടിസ്ഥാനമായി വർത്തിക്കുന്നത് ഗ്ലോബൽ മീൻ, സ്റ്റാൻഡേഡ് ഡീവിയേഷൻ എന്നീ രണ്ട് മാനകങ്ങളാണ്. പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളിൽ ഓരോന്നിലും എല്ലാ പരീക്ഷാബോർഡുകളിലെയും പാസായ വിദ്യാർഥികൾ നേടിയ മാർക്കുകളുടെ ശരാശരിയാണ് ഇവിടെ ‘ഗ്ലോബൽ മീൻ’ ആയി പരിഗണിക്കുന്നത്. കേരളത്തിൽ ഇതിനായി പരിഗണിച്ചുവരുന്നത് കഴിഞ്ഞ പത്ത് വർഷത്തെ മാർക്കുകളാണ്. ഇതിനായി മൂന്ന് വിഷയങ്ങളുടെയും വിദ്യാർഥികളുടെ മാർക്ക് ബന്ധപ്പെട്ട ബോർഡുകളിൽ നിന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ ശേഖരിക്കും.

 All human beings who have not lost their humanity should raise their voices together to put an end to the genocide being perpetrated by Israel in Palestine: Pinarayi Vijayan

കേരള മുഖ്യമന്ത്രി പിണറായി വിജയൻ

 

 

ഒരു ബോർഡിലെ വിദ്യാർഥികൾക്ക് മൂന്ന് വിഷയങ്ങളിലും കിട്ടിയ മാർക്കുകൾ ശരാശരിയിൽ നിന്ന് എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന കണക്കാണ് സ്റ്റാൻഡേഡ് ഡീവിയേഷൻ. സർക്കാർ നിയോഗിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധരടങ്ങിയ സ്റ്റാന്റഡൈസേഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഓരോ ബോർഡുകളുടെയും വിഷയം തിരിച്ച് ഗ്ലോബൽ മീനും സ്റ്റാന്റേഡ് ഡീവിയേഷനും നിർണയിക്കുന്നത്.

സ്റ്റാന്റേഡ് ഡീവിയേഷൻ പ്രകാരം ഓരോ ബോർഡിലെയും മാർക്കുകൾ ശരാശരിയിൽ നിന്ന് കൂടുതൽ വ്യത്യാസപ്പെട്ടിരിക്കുന്നോ ആ ബോർഡിലുള്ള കുട്ടികൾക്ക് മാർക്ക് കുറയുകയും വ്യത്യാസം കുറവുള്ളവർക്ക് മാർക്ക് നഷ്ടം ഒഴിവാകുകയോ നേട്ടമുണ്ടാവുകയോ ചെയ്യുന്ന രീതിയിലാണ് നിലവിലുള്ള ഫോർമുലയുടെ ഘടന. ഈ ഘടനയുടെ അനന്തരഫലമായിരുന്നു കേരള സിലബസിലുള്ള വിദ്യാർഥികൾക്ക് 2021 മുതൽ മാർക്ക് കുറയുന്ന പ്രവണത.

എന്താണ് പ്രശനം?

14 വർഷം പിന്നിട്ടിട്ടും ഇതിൽ പുനപരിശോധന സർക്കാർ നടത്തിയിരുന്നില്ല. 2021ൽ എൻജിനീയറിങ് സ്റ്റാന്റഡൈസേഷൻ പുർത്തിയാക്കിയപ്പോൾ കേരള സിലബസിലുള്ള കുട്ടികൾക്ക് നഷ്ടപ്പെട്ടത് 44.87 മാർക്ക് വരെയാണ്. 2024ൽ ഇത് 29.02 മാർക്ക് വരെയായിരുന്നു. 2024ൽ പ്ലസ് ടു മൂന്ന് വിഷയങ്ങളിലും നൂറ് ശതമാനം മാർക്കും പ്രവേശന പരീക്ഷയിൽ ഏറ്റവും ഉയർന്ന നോർമലൈസ് ചെയ്ത സ്കോറും ലഭിച്ചവർക്ക് ഒന്നാം റാങ്ക് ലഭിക്കേണ്ടതാണ്.

എന്നാൽ, കേരള സിലബസിൽ പഠിച്ച വിദ്യാർഥി എന്ന കാരണത്താൽ മാത്രം സ്റ്റാന്റഡൈസേഷനിൽ മാർക്ക് കുറഞ്ഞ് വിദ്യാർഥി ഒന്നാം റാങ്കിൽ നിന്നും അഞ്ചാം റാങ്കിലേക്ക് തള്ളപ്പെട്ടു. ഇത്തവണത്തെ കീം റാങ്ക് ലിസ്റ്റിൽ ആദ്യ 100 ൽ 43 കേരള സിലബസ് വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പഴയ രീതി തുടർന്നുള്ള റാങ്ക് ലിസ്റ്റ് പുറത്തു വിട്ടതോടെ അത് 25ൽ താഴെയായി. എന്നാൽ, സി.ബി.എസ്.ഇ പോലുള്ള കേന്ദ്ര ബോർഡുകൾക്ക് കീഴിൽ പഠിച്ച കുട്ടികൾക്ക് മാർക്ക് കൂടുന്ന പ്രവണതയുമുണ്ടായി. 2024ൽ സി.ബി.എ സ്.ഇ വിദ്യാർഥികൾക്ക് 7.01 മാർക്ക് വരെ കൂടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 

രാജസ്ഥാനിലെ കോട്ട കോച്ചിങ് സെന്റർ

 

നിലവിലെ കീം വിവാദത്തിന് കാരണം

സ്റ്റാന്റഡൈസേഷൻ പ്രക്രിയക്ക് പുറമെ മൂന്ന് വിഷയങ്ങളുടെയും പ്ലസ് ടു മാർക്ക് പരിഗണിച്ചിരുന്നത് 1:1:1 എന്ന അനുപാതത്തിലായിരുന്നു. 300ൽ പരിഗണിക്കുന്ന പ്ലസ് ടു മാർക്കിൽ കണക്കും ഫിസിക്സും കെമിസ്ട്രിയും 100 വീതം മാർക്കിൽ പരിഗണിക്കുന്നതാണ് നിലവിലെ രീതി. ഇതിൽ മാറ്റം വരുത്തി 5:3:2 എന്ന അനുപാതത്തിലേക്ക് കൊണ്ടുവന്നതാണ് ഹൈക്കോടതി റദ്ദാക്കിയതും റാങ്ക് പട്ടിക ഒന്നടങ്കം വീണ്ടും പ്രസദ്ധീകരിക്കുന്നതിനും വഴിവെച്ചത്. ഈ അനുപാതപ്രകാരം കണക്കിലെ മാർക്ക് 100ന് പകരം 150ലും ഫിസിക്സിന്റേത് 90ലും കെമിസ്ട്രിയുടേത് 60ലും ആണ് പരിഗണിക്കുന്നത്.

പ്രോസ്പെക്ടസിലെ പരിഷ്കരണം റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിൽ ഹൈക്കോടതി പരീക്ഷക്ക് ശേഷം അടിസ്ഥാന രേഖയായ പ്രോസ്പെക്ടസ് മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു.

വിഷയത്തിൽ സർക്കാരിനെതിരെയും വിമർശനം ഉയരുന്നുണ്ട്. 2024ലെ ഫലം പുറത്തുവന്നപ്പോൾ പരാതി ശക്തമായതോടെ 2024 നവംബർ മൂന്നിന് പ്രവേശന പരീക്ഷാ കമ്മീഷണർ സ്റ്റാന്റഡൈസേഷൻ പുനപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാറിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് മുഖ്യമന്ത്രിതലത്തിൽ ഒരു യോഗം വിളിക്കുന്നത് 2025 മാർച്ച് നാലിനാണെന്ന് വിമർശകർ പറയുന്നു.

 

റിവ്യൂ കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറങ്ങുന്നത് ഏപ്രിൽ ഒമ്പതിന്. കമ്മിറ്റി റിപ്പോർട്ട് നൽകുന്നത് ജൂൺ രണ്ടിന്. എന്നാൽ, അടിസ്ഥാന രേഖയായ പ്രോസ്പെക്ടസിന് 2025 ഫെബ്രുവരി 19ന് സർക്കാർ അംഗീകാരം നൽകി ഉത്തരവിറക്കുകയും ചെയ്തു. പ്രോസ്പെക്ടസിൽ ഗവൺമെന്റിന് ആവശ്യമെന്ന് തോന്നുന്ന മാറ്റങ്ങൾ, കൂട്ടിച്ചേർക്കൽ, ഒഴിവാക്കൽ എന്നിവക്ക് വിധേയമാണെന്ന് 1.6 നമ്പർ പ്രകാരമുള്ള വ്യവസ്ഥ പ്രോസ്പെക്ടസിൽ തന്നെ ഉൾപ്പെടുത്തിയതിൻ്റെ ബലത്തിലാണ് സർക്കാർ ഭേദഗതി നടപ്പാക്കിയതെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

എന്തുകൊണ്ട് കീം പരീക്ഷയിൽ പ്ലസ് ടു മാർക്ക് കൂടി പരിഗണിക്കുന്നു

പ്രവേശന പരീക്ഷ നടത്തുമ്പോൾ പിന്നെ എന്തിനാണ് അതിലേക്ക് പ്ലസ് ടു മാർക്ക് കൂടി ചേർക്കുന്നതെന്നും പ്രവേശന പരീക്ഷയിലെ സ്കോർ മാത്രം അടിസ്ഥാനപ്പെടുത്തി റാങ്ക് പട്ടിക തയാറാക്കിയാൽ പ്രശ്നം തീരില്ലേ എന്ന ചോദ്യം ഉയരാറുണ്ട്. ഒരു വിദ്യാർത്ഥിയുടെ കഴിവ് എൻട്രൻസ് പരീക്ഷയിലെ ഏതാനും മണിക്കൂറുകളിലെ പ്രകടനത്തിൽ മാത്രം ഒതുങ്ങുന്നില്ല. പ്ലസ് ടു തലത്തിൽ രണ്ട് വർഷം പഠിച്ച വിഷയങ്ങളിലെ അറിവും സ്ഥിരമായ അക്കാദമിക പ്രകടനവും ഒരു വിദ്യാർത്ഥിയുടെ യഥാർത്ഥ പഠന നിലവാരത്തെയും കഴിവിനെയും പ്രതിഫലിപ്പിക്കുന്നു.

എൻട്രൻസ് പരീക്ഷാ മാർക്ക് മാത്രം പരിഗണിച്ചിരുന്നപ്പോൾ, കോച്ചിങ് സെന്ററുകൾക്ക് വലിയ പ്രാധാന്യം കൈവന്നിരുന്നു. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു പരിമിതിയായിരുന്നു. വലിയ പണം നൽകി കോച്ചിങ് സെന്ററുകളിൽ പോകാൻ അവർക്ക് പലപ്പോഴും സാധിച്ചെന്ന് വരില്ല.

ഉദാഹരണത്തിന് നിങ്ങൾ മാസം ഒരു ലക്ഷത്തോളം വരുമാനമുള്ള ആളാണെന്ന് കരുതുക. നിങ്ങളുടെ കുട്ടിയെ ഏതെങ്കിലും എൻട്രൻസ് കോച്ചിങ്ങ് സെൻ്ററിൽ ചേർത്ത് പ്ലസ് ടു പഠനത്തിന് ഒരു പ്രാധാന്യവും കൊടുക്കാതെ ആ പരീക്ഷക്ക് വേണ്ടി മാത്രമുള്ള പഠനത്തിനു ചേർക്കാം. അതേസമയവും കൂലിപ്പണിയെടുത്ത് ജീവിക്കുന്ന രക്ഷിതാക്കളുടെ മക്കൾക്ക് അത് സാധ്യമാവുമോ? നിങ്ങളുടെ മക്കളെക്കാൾ ബുദ്ധികുറഞ്ഞവരാണോ അവർ?

സ്വാഭാവികമായും അവർക്ക് ആ കടമ്പ ദുഷ്ക്കരമാവും. പ്ലസ്ടു പഠനം എന്നത് എൻട്രൻസ് പഠനത്തിനുള്ള കോച്ചിങ്ങ് അല്ല. എൻട്രൻസിനുള്ള ചോദ്യോത്തരങ്ങളല്ല അവിടെ പഠിക്കേണ്ടത്. ശാസ്ത്രത്ത സമഗ്രമായി കണ്ടുള്ള പഠനമാണത്. ലാബിലെ പരീക്ഷണ നിരീക്ഷണങ്ങളുണ്ട്. ഇതെല്ലാം പഠനത്തിൻ്റെ ഭാഗമാണ്.

മത്സര പരീക്ഷയ്ക്ക് വേണ്ടിയുള്ള കോച്ചിങ് പഠനങ്ങൾ അല്ലല്ലോ പ്ലസ് ടുവിൽ പഠിപ്പിക്കുക അതിനാൽ തന്നെ കോച്ചിങ് ലഭിക്കാത്തതുകൊണ്ട് മാത്രം മിടുക്കരായ പല വിദ്യാർത്ഥികൾക്കും നല്ല റാങ്ക് നേടാൻ സാധിക്കാതെ വന്നു. ഇത് അവർക്ക് മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് നയിച്ചു.

മാത്രമല്ല ഇത്തരം മത്സര പരീക്ഷകൾക്ക് പിന്നിലൂടെ വലിയ കോച്ചിങ് സെന്ററുകളുടെ ആധിപത്യം ഉണ്ടാകുന്നു. ഇത്തരം കോച്ചിങ് സെന്ററുകൾ വിദ്യാർത്ഥികളിൽ സമ്മർദം സൃഷിക്കുകയും ചെയ്യും. രാജസ്ഥാനിലെ കോട്ട കോച്ചിങ് സെന്ററിൽ 2024 ലിൽ മാത്രം വിദ്യാർത്ഥികളുടെ 17 ആത്മഹത്യ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2023 ൽ ഇത് 26 ആയിരുന്നു.

ക്ലാസ്‌റൂമിൽ മികച്ച മാർക്ക് വാങ്ങിയ ഒരു കുട്ടിക്ക് കോച്ചിങ് ക്ലാസിൽ പോകാൻ സാധിക്കില്ലെന്ന ഒരു കാരണം കൊണ്ട് എൻട്രൻസിൽ മുന്നേറാൻ കഴിയാതെ വരുന്നത് അനീതിയാണ്.

അതിനാൽ പ്ലസ് ടു മാർക്ക് കൂടി പരിഗണിക്കുന്നതിലൂടെ, സ്കൂൾ പഠനത്തിനും അദ്ധ്യാപകർക്കും കൂടുതൽ പ്രാധാന്യം ലഭിക്കും. കൂടാതെ കോച്ചിങ് ഇല്ലാതെയും മികച്ച അക്കാദമിക പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനുള്ള സാധ്യത ഇത് വർധിപ്പിക്കുന്നു.
തമിഴ്‌നാട്ടിൽ പ്രവേശന പരീക്ഷ പൂർണമായും ഒഴിവാക്കി പ്ലസ് ടു മാർക്ക് ഏകീകരണത്തിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.

 

Content Highlight: KEAM controversy; Kerala syllabus students seeking justice

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം