ഇന്ത്യയുടെ ആദിമചരിത്രം തിരുത്തുന്ന കീഴടിയെ കേന്ദ്രം എന്തിന് ഭയപ്പെടുന്നു?
DEEP REPORTING
ഇന്ത്യയുടെ ആദിമചരിത്രം തിരുത്തുന്ന കീഴടിയെ കേന്ദ്രം എന്തിന് ഭയപ്പെടുന്നു?
ജിൻസി വി ഡേവിഡ്
Friday, 13th June 2025, 8:24 am
ഒരു നഗര-നാഗരിക സംസ്കാരത്തെ നിർവചിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് അവിടെനിന്നും ലഭിച്ച ചുട്ടെടുത്ത ഇഷ്ടികകളുടെ അസ്തിത്വം. ഇവിടെ കീഴടിയിൽ 10 മുതൽ 15 മീറ്റർ വരെ നീളത്തിൽ തുടർച്ചയായി നിർമ്മിച്ച മതിലുകൾ ഞങ്ങൾ കണ്ടെത്തി. തമിഴ്‌നാട്ടിലെ മറ്റൊരു സ്ഥലത്തും ഇത്രയും നീളമുള്ള മതിലുകൾ ഞങ്ങൾ കണ്ടെത്തിയിട്ടില്ല. സിന്ധുനദീതട സംസ്‌കാര പ്രദേശം ഒഴികെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റൊരു സ്ഥലത്തും ഇത്രയും പുരാതന നാഗരികതയുടെ അടയാളങ്ങൾ നമ്മൾ ഇതുവരെ കണ്ടെത്തിയിരുന്നില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്..

ഹാരപ്പൻ സംസ്കാരത്തെക്കുറിച്ച് നമ്മൾ സ്കൂളിൽ പഠിച്ചിട്ടുണ്ട്. സമാനമായൊരു സംസ്കാരം ദക്ഷിണേന്ത്യയിലും ഉണ്ടായിരുന്നോ? അതിനുള്ള ശക്തമായ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണിപ്പോൾ. തമിഴ്‌നാട്ടിൽ നിന്നും. എന്നാൽ ഈ കണ്ടെത്തലുകളക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താനോ ഉത്ഖനനം നടത്താനോ കേന്ദ്ര സർക്കാർ വിസമ്മതിക്കുന്നു. എന്തുകൊണ്ട്? ഹരപ്പയോട് സമാനമായൊരു സംസ്കാരം ദക്ഷിണേന്ത്യയിൽ കണ്ടെടുത്തതിൽ കേന്ദ്രം ഇത്രയധികം ഭയപ്പെടുന്നതെന്തിന്?

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, അതായത് ഇന്നത്തെ ഇന്ത്യയിലും പാകിസ്ഥാനിലുമായി സിന്ധു നദീതടങ്ങളിൽ ബി.സി 3300 ൽ സ്ഥാപിതമായി ബി.സി 2600 കളിൽ അഭിവൃദ്ധി പ്രാപിച്ച് ബി.സി 1900 ആയപ്പോഴേക്കും ക്ഷയിച്ച ഒരു വെങ്കലയുഗ സംസ്കാരമാണ് സിന്ധൂ നദീ തടസംസ്കാരം. ഹാരപ്പൻ സംസ്കാരം എന്നും ഇതറിയപ്പെടുന്നു. പ്രാചീന ഈജിപ്ത്, മെസൊപ്പൊട്ടേമിയ എന്നിവയോടൊപ്പം വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ, ദക്ഷിണേഷ്യ എന്നിവയുൾപ്പെടുന്ന പ്രദേശങ്ങളിൽ ആവിർഭവിച്ച മൂന്ന് ആദ്യകാല സംസ്കാരങ്ങളിലൊന്നായരുന്നു ഇത്.

ഇതെല്ലാം നമുക്കറിയാം. അപ്പോൾ പിന്നെന്തിനാണ് വീണ്ടും പറയുന്നത് എന്നാണോ?

കാരണമുണ്ട്. തമിഴ്‍നാട്ടിലെ കീഴടിയിൽ ഹാരപ്പൻ സംസ്കാരത്തോട് സാമ്യമുള്ള സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടത്തിയിരിക്കുന്നു. എന്നാൽ തുടർന്ന് ഉത്ഖനനം നടത്താനോ നിലവിൽ കണ്ടെത്തിയ വസ്തുതകളുടെ റിപ്പോർട്ടുകൾ അംഗീകരിക്കാനോ കേന്ദ്ര സർക്കാർ തയാറാകുന്നില്ല എന്നതാണ് പ്രശ്നം. അതിനെക്കുറിച്ച് വിശദമായി പറയുന്നതിന് മുന്നേ സിന്ധൂ നദീ തട സംസ്കരത്തെക്കുറിച്ച് തീവ്ര ഹിന്ദുത്വ വാദികൾ മുന്നോട്ടുവെക്കുന്ന സിദ്ധാന്തത്തെക്കുറിച്ചും ഒന്ന് പറയാം.

കീഴടി ഉദ്ഘനനത്തിൽ കണ്ടെത്തിയ ഇഷ്ടിക

സിന്ധു നദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ ആരാണെന്ന കൃത്യമായ കണ്ടെത്തലുകൾ ഇതുവരെയും ഉണ്ടായിട്ടില്ലെങ്കിലും അത് ഇന്ത്യയിലെ ആദിമ നിവാസികളെന്ന് അറിയപ്പെടുന്ന ദ്രാവിഡരാണെന്നാണ് പൊതുവെ പറയപ്പെടുന്നത്.

എന്നാൽ സിന്ധൂ നദീതട സംസ്കാരത്തിന്റെ ഉത്ഭവം ഇപ്പോൾ ഭൂമിക്കടിയിലൂടെ ഒഴുകുന്നുവെന്ന് ഹിന്ദുത്വവാദികൾ പറയുന്ന, പുരാതന ഐതീഹങ്ങളിൽ മാത്രം പരാമർശിക്കപ്പെട്ടിട്ടുള്ള സരസ്വതി നദിയുടെ തീരത്താണെന്നും ഈ സംസ്കാരത്തിലെ ജനങ്ങൾ ഹിന്ദുക്കളായിരുന്നെന്നുമാണ് തീവ്ര ഹിന്ദുത്വവാദികളുടെ വാദം. അതിനവർ മുന്നോട്ടുവെക്കുന്ന തെളിവുകൾ ഹാരപ്പൻ സംസ്കാരത്തിലെ ജനത പശുപതിയെന്ന മഹാദേവനെയും കാളയെയും ആരാധിച്ചിരുന്നു എന്നായിരുന്നു.

കൂടാതെ ആര്യന്മാർ ഇന്ത്യയിലേക്ക് അധിനിവേശം ചെയ്തവരല്ലെന്നും അവരുടേതാണ് സിന്ധൂനദീതട സംസ്കാരം എന്നും ഇവർ വാദിക്കുന്നു.

സിന്ധു നദീതട സംസ്കാരത്തിൽ കണ്ടെടുത്ത ഇഷ്ടിക

ആര്യന്മാർ ഇന്ത്യയിലെ തദ്ദേശീയരാണെന്ന് ആർ‌.എസ്‌.എസ് തലവൻ എം. എസ് ഗോൾവാൾക്കർ വാദിച്ചിരുന്നു. 2008ൽ സരസ്വതി നദിയുടെ ഉത്ഭവത്തെക്കുറിച്ച് ചർച്ച ചെയ്യാനായി ഇന്ത്യാ ഇന്റർനാഷണൽ സെന്ററിന്റെ ഹാളുകളിൽ ഇന്ത്യൻ പ്രത്യയശാസ്ത്രത്തിലെ പണ്ഡിതന്മാർ ഒത്തുകൂടി.

പുരാതന സിന്ധു നദീ തട സംസ്കാരം സിന്ധു നദിയുടെ തീരത്തല്ല, സരസ്വതി നദിയുടെ തീരത്താണ് വികസിച്ചതെന്ന് ഈ സമ്മേളനം ഒരു സിദ്ധാന്തം മുന്നോട്ടുവച്ചുവെന്ന് ദി ഔട്ട് ലുക്ക് റിപ്പോർട്ട് ചെയ്തു. നിലവിലുള്ള ഹിന്ദു നാഗരികതയുടെ മുന്നോടിയായി കാണപ്പെടുന്ന വേദ സംസ്കാരത്തിന് ജന്മം നൽകിയത് ഈ ജനവിഭാഗമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

 

ഇന്ത്യയുടെ പുരാതന നാഗരികതയിലേക്കുള്ള ചരിത്രപരമായ പുതിയ കണ്ടെത്തൽ തമിഴ്നാട്ടിൽ നിന്നും ലഭിച്ചിരിക്കുകയാണ്

ഏറ്റവും പ്രധാനമായി, വ്യാപകമായി അംഗീകരിക്കപ്പെട്ട ആര്യൻ അധിനിവേശ സിദ്ധാന്തത്തെ പൊളിച്ചെഴുതാൻ അവർ ശ്രമിച്ചു. അതിനെ സാങ്കൽപ്പികമെന്ന് വിളിക്കുകയും ഇന്ത്യയിലേക്ക് വൻതോതിലുള്ള ജനങ്ങളുടെ കുടിയേറ്റം എന്ന ആശയത്തെ തള്ളിക്കളയുകയും ചെയ്തു. 1940കളിൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ വില്യം മോർട്ടിമർ വീലർ മുന്നോട്ടുവച്ച ആര്യൻ അധിനിവേശ സിദ്ധാന്തത്തിൽ, വെളുത്ത നിറമുള്ള ആര്യന്മാർ വടക്ക് നിന്ന് അതായത് മധ്യേഷ്യയിൽ നിന്നും വന്ന് പുരാതന ഇന്ത്യയെ ആക്രമിച്ച് കീഴടക്കിയവരാണ്. ഇന്തോ-യൂറോപ്യൻ ഭാഷ സംസാരിക്കുന്ന നാടോടികളായ ഒരു കൂട്ടം ജനങ്ങളായിരുന്നു അവർ. ബി.സി 1200ഓടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് അവർ കുടിയേറുകയും അന്ന് അവിടെയുണ്ടായിരുന്ന ദ്രാവിഡ സമൂഹത്തെ ആക്രമിച്ചെന്നും പറയപ്പെടുന്നു.

സിന്ധു നദീതട സംസ്കാരം

1900ഓടെ സിന്ധൂനദീ തട സംസ്കാരം ക്ഷയിക്കാൻ തുടങ്ങി, ക്രമേണ ആര്യന്മാർ അത് മാറ്റിസ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ആര്യന്മാർ വളർത്തു കുതിരകൾ, സംസ്കൃത ഭാഷ, പുതിയ ആരാധനാക്രമങ്ങൾ, സംസ്കാരം എന്നിവ അവതരിപ്പിച്ചു. ഇത് വേദ നാഗരികത സ്ഥാപിച്ചുവെന്ന് കരുതപ്പെടുന്നു.

 

കീഴടിയിൽ ഇഷ്ടിക ചുവരുകൾ, മേൽക്കൂരയിലെ ഓടുകൾ, മൺപാത്രങ്ങൾ, വിവിധ ഉപകരണങ്ങൾ, മാലകൾ, എന്നിവയുൾപ്പെടെ വിവിധ ഘടനകളും പുരാവസ്തുക്കളും കണ്ടെത്തിയുട്ടുണ്ട്. കേവലം ഒരു ജനവാസ കേന്ദ്രം എന്നതിൽ ഉപരിയായി ഇതൊരു ചെറു നഗരം തന്നെയായിരുന്നുവെന്ന് ഇവ സൂചിപ്പിക്കുന്നു

എന്നാൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആര്യൻ കുടിയേറ്റത്തെ നിരാകരിക്കുന്ന, അവർ ഹാരപ്പൻ തദ്ദേശീയരാണെന്ന വാദമാണ് മുന്നോട്ട് വെക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി ഹിന്ദുക്കൾ ഉപഭൂഖണ്ഡത്തിൽ താമസിച്ചിരുന്നു എന്ന വിശ്വാസം പ്രത്യയശാസ്ത്രപരമായി ബി.ജെ.പിയും അതിന്റെ മാതൃസംഘടനയായ ആർ.എസ്എസും പങ്കിടുന്നു. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും വിദേശികളാണെന്നും അവർ വാദിക്കുന്നുണ്ട്.

തങ്ങളുടെ വാദം ശരിയാണെന്ന് കാണിക്കാനായി 12,000 വർഷത്തെ ഇന്ത്യൻ സംസ്കാരത്തിന്റെ പരിണാമത്തെ കുറിച്ച് പഠിക്കുന്നതിനായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം മുതിർന്ന വേദ പണ്ഡിതൻ കെ.എൻ. ദീക്ഷിതിന്റെ നേതൃത്വത്തിൽ 16 അംഗ സമിതിയെ നിയമിച്ചു. മുൻകാല സാംസ്കാരിക വ്യാഖ്യാനങ്ങൾക്ക് പകരം ഈ പഠനത്തിലെ കണ്ടെത്തലുകൾ സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും.

കീഴടി ഉദ്ഘനനത്തിൽ കണ്ടെത്തിയ വസ്തുക്കൾ

പന്ത്രണ്ടാം ക്ലാസ് ചരിത്ര പാഠ്യപദ്ധതിയിൽ രാഖിഗർഹി ഡി.എൻ.എ കണ്ടെത്തലുകൾ ഉൾപ്പെടുത്തണമെന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) ഇതിനകം നിർദേശിച്ചട്ടുണ്ടെന്ന് ദി ഔട്ട് ലൂക്ക് റിപ്പോർട്ട് ചെയ്തു.

ഇതിനിടയിലാണ് തമിഴ്‌നാട്ടിൽ നിന്നും ചരിത്രപരമായ വസ്തുതകൾ പുറത്ത് വരുന്നത്.

 

ഇന്ത്യയുടെ പുരാതന നാഗരികതയിലേക്കുള്ള ചരിത്രപരമായ പുതിയ കണ്ടെത്തൽ തമിഴ്നാട്ടിൽ നിന്നും ലഭിച്ചിരിക്കുകയാണ്. മധുര, ശിവഗംഗ ജില്ലകളുടെ അതിർത്തിയിലുള്ള ഒരു ചെറിയ ഗ്രാമമാണു കീഴടി. ഇവിടെ നടന്ന പര്യവേക്ഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇന്ത്യയുടെ പഴയ ചരിത്രത്തെ തന്നെ മാറ്റുന്നതാണ്. സിന്ധു നദീതട നാഗരികതയുമായി ദ്രാവിഡ സംസ്കാരത്തിനുള്ള ബന്ധം വ്യക്തമാകുന്ന തെളിവുകളാണ് കീഴടിയിൽ നിന്ന് ലഭിക്കുന്നത്. ഇന്ത്യയുടെ ആദിമ ചരിത്രത്തെപ്പറ്റിയുള്ള ധാരണയെത്തെന്നെ മാറ്റുന്ന നിഗമനങ്ങളാണിവ.

അമർനാഥ് രാമകൃഷ്ണ

തമിഴിൽ കീളടി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എ.എസ്.ഐ ) തമിഴ്നാട് ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റും (ടി.എൻ.എ.ഡി) നടത്തിയ ഖനനത്തിൽ റേഡിയോ കാർബൺ ഡേറ്റിങ് വഴി ബി.സി ആറാം നൂറ്റാണ്ടിലെ ജനവാസകേന്ദ്രമാണ് കീഴടി എന്ന് കണ്ടെത്തിയിരുന്നു.

സിന്ധുനദീതട സംസ്‌കാര പ്രദേശം ഒഴികെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റൊരു സ്ഥലത്തും ഇത്രയും പുരാതന നാഗരികതയുടെ അടയാളങ്ങൾ നമ്മൾ ഇതുവരെ കണ്ടെത്തിയിരുന്നില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്

ഈ സാംസ്കാരിക നിക്ഷേപങ്ങൾ ബി.സി ആറാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിൽ ആണുണ്ടായതെന്ന് കൃത്യമായി കണക്കാക്കാമെന്ന് തമിഴ്നാട് പുരാവസ്തു വകുപ്പ് പിന്നീട് പ്രസ്താവിച്ചിരുന്നു. പുരാതന സംഘകാല സാംസ്കാരിക ചരിത്രചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായി ഇത് കണക്കാക്കുന്നു. മധുരയിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെ വൈഗ നദിക്കരയിലാണ് കീഴടി ഗ്രാമം.

പുരാവസ്തു ഗവേഷകനായ അമർനാഥ് രാമകൃഷ്ണയുടെ കീഴിലുള്ള ഒരു പുരാവസ്തു സർവേസംഘം 2013-14ൽ തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ വൈഗ നദീതടത്തിലെ 293 സ്ഥലങ്ങളിൽ പര്യവേക്ഷണം നടത്തിയിരുന്നു. പിന്നാലെ 2015ൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ പുരാവസ്തു ഗവേഷകരുടെ ഒരു സംഘം തെക്കൻ തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള കീഴടിയിലെ പള്ളിച്ചന്തൈ തിടലിലിലെ ഒരു തെങ്ങിൻ തോട്ടത്തിൽ ഉത്ഖനനം ആരംഭിച്ചു. തുടർന്നുള്ള രണ്ട് വർഷത്തിനുള്ളിൽ, പുരാവസ്തു ഗവേഷകർ 5,500ലധികം പുരാവസ്തുക്കൾ കണ്ടെത്തി.

കീഴടിയിലെ ഉദ്ഘനനത്തിൻ്റെ ആദ്യ മൂന്ന് ഘട്ടങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് നടത്തിയത്. എന്നാൽ കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് പിന്നീട് അത് നിർത്തി വെച്ചു.

കീഴടചരിതം സൈന്ദവ കാലഘട്ടത്തേക്കു പോലും എത്തിച്ചേരുമെന്ന് പലരും വാദിച്ചതിനാലാണ് കേന്ദ്രഗവണ്മെൻ്റ് പരിശോധന നിർത്തിവെച്ചതെന്ന് നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ തമിഴ്‌നാട് ഒരു പൊതുതാത്പര്യ ഹരജി ഫയൽ ചെയ്തു. തുടർന്ന് പ്രാദേശികമായി ഇതുമായി ബന്ധപ്പെട്ട പഠനം മുന്നോട്ട് കൊണ്ടുപോകാൻ കോടതി ഉത്തരവിട്ടു. അങ്ങനെ, തമിഴ്‌നാട് പുരാവസ്തു വകുപ്പാണ് നാലാമത്തെയും അഞ്ചാമത്തെയും ഉത്ഖനനം നടത്തിയത്.

വൈഗയുടെ തീരത്ത് തഴച്ചുവളർന്നിരുന്ന ഈ സംസ്കൃതി അതീവപുരാതന നാഗരികതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. 2017 ഫെബ്രുവരിയിൽ കീഴടി സൈറ്റിൽ നിന്ന് കണ്ടെത്തിയ കരിയുടെ കാർബൺ ഡേറ്റിങ്ങിൽ അത് 200 ബി.സിയിലേതാണ് എന്ന് സ്ഥിരീകരിക്കുകയുണ്ടായി.

സിന്ധു നദീതട സംസ്കാരത്തിൽ കണ്ടെടുത്ത വസ്തുക്കൾ

സംഘകാലം മുതൽതന്നെ തമിഴ്‌നാട്ടിൽ നല്ലൊരു നാഗരികത നിലനിന്നിരുന്നുവെന്ന് ഉദ്ഘനനങ്ങൾ തെളിയിച്ചു. ഇതുവരെ, സംഘകാലത്തെക്കുറിച്ചുള്ള വിവരങ്ങൾ അക്കാലത്തെ സാഹിത്യകൃതികളിൽ നിന്നുമാത്രമാണ് ലഭിച്ചിരുന്നത്.

സിന്ധുനദീതട സംസ്‌കാര പ്രദേശം ഒഴികെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റൊരു സ്ഥലത്തും ഇത്രയും പുരാതന നാഗരികതയുടെ അടയാളങ്ങൾ നമ്മൾ ഇതുവരെ കണ്ടെത്തിയിരുന്നില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്.

‘ഒരു നഗര-നാഗരിക സംസ്കാരത്തെ നിർവചിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് അവിടെനിന്നും ലഭിച്ച ചുട്ടെടുത്ത ഇഷ്ടികകളുടെ അസ്തിത്വം. ഇവിടെ കീഴടിയിൽ 10 മുതൽ 15 മീറ്റർ വരെ നീളത്തിൽ തുടർച്ചയായി നിർമ്മിച്ച മതിലുകൾ ഞങ്ങൾ കണ്ടെത്തി. തമിഴ്‌നാട്ടിലെ മറ്റൊരു സ്ഥലത്തും ഇത്രയും നീളമുള്ള മതിലുകൾ ഞങ്ങൾ കണ്ടെത്തിയിട്ടില്ല.

കീഴടി ഉദ്ഘനനത്തിൽ കണ്ടെത്തിയ വസ്തുക്കൾ

 

ഒരു നഗര നാഗരികതയുടെ വ്യാപനത്തിൻ്റെ വ്യക്തമായ സൂചനകളായ തുറന്നതും അടച്ചതുമായ ഡ്രെയിനേജ് ശൃംഖലയുടെ ഘടനകളും ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യാവസായിക സൈറ്റിൻ്റെ സാധ്യതയെ സൂചിപ്പിക്കുന്ന ആറ് ചൂളകളും സൈറ്റിൽ ഉണ്ടായിരുന്നു. ഇൻലെറ്റുകളും ഔട്ട്‌ലെറ്റുകളും കാണാൻ കഴിയാത്ത ചതുരാകൃതിയിലുള്ള ടാങ്കുകളും ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ തെളിവുകൾ കണ്ടെത്താൻ കൂടുതൽ ഉത്ഖനനം സഹായിക്കും. സൈറ്റിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ കാർബൺ ഡേറ്റിങ് അത് 200 ബി.സി കാലഘട്ടത്തുള്ളതാണെന്ന് വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുത്ത 20 സാമ്പിളുകളിൽ രണ്ടെണ്ണം മാത്രമാണ് കാർബൺ ഡേറ്റിങ്ങിനായി യു.എസിലേക്ക് അയച്ചത്. മറ്റ് 20 സാമ്പിളുകൾക്ക് അനുമതി തേടി ഞാൻ നിരവധി തവണ കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ട്.

ഉത്തരേന്ത്യയിലെ തുടർച്ചയായ, ദീർഘകാല ഉത്ഖനനങ്ങൾ പാടലീപുത്രം, ഹസ്തിനപൂർ, തുടങ്ങിയ നഗരങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചു. എന്നാൽ തമിഴ്നാട്ടിൽ ഇതുവരെ ഇത്തരം ഉത്ഖനനങ്ങൾ നടന്നിട്ടില്ല. അതുകൊണ്ടാണ് മധുര ഒരു നഗരമാണെന്നതിന് ശക്തമായ സാഹിത്യ തെളിവുകൾ കണ്ടെത്തിയെങ്കിലും പുരാവസ്തു തെളിവുകൾ ഇതുവരെ ശേഖരിക്കാൻ ഞങ്ങൾക്ക് കഴിയാതെ പോയത്,’ കീഴടിയിൽ ഉത്ഖനനം നടത്തിയ അമർനാഥ് രാമകൃഷ്ണ ദി കാരവാന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പുരാതന കാലത്ത് തമിഴ്‌നാട്ടിൽ വംശീയ വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സിന്ധു-ഗംഗാ താഴ്‌വരയിൽ മാത്രമേ നഗര നാഗരികത കണ്ടെത്തിയിട്ടുള്ളൂവെന്നും ഒരു സിദ്ധാന്തമുണ്ട്. കീഴടിയിലെ ഉത്ഖനനത്തിലൂടെ ആ സിദ്ധാന്തം പൊളിച്ചെഴുതപ്പെട്ടിരിക്കുകയാണ്. വൈഗ നദിയുടെ തീരത്ത് നഗര നാഗരികത കണ്ടെത്തിയെന്ന് തെളിയിക്കാൻ പുരാവസ്തു തെളിവുകൾ ഉണ്ടെങ്കിൽ, ആളുകൾക്ക് അത് അംഗീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? ഇന്ത്യയുടെ ചരിത്രം നമുക്ക് അറിയേണ്ടതല്ലേ? എന്നും അദ്ദേഹം ചോദിക്കുന്നു.

കീഴടിയിൽ ഇഷ്ടിക ചുവരുകൾ, മേൽക്കൂരയിലെ ഓടുകൾ, മൺപാത്രങ്ങൾ, വിവിധ ഉപകരണങ്ങൾ, മാലകൾ, എന്നിവയുൾപ്പെടെ വിവിധ ഘടനകളും പുരാവസ്തുക്കളും കണ്ടെത്തിയുട്ടുണ്ട്. കേവലം ഒരു ജനവാസ കേന്ദ്രം എന്നതിൽ ഉപരിയായി ഇതൊരു ചെറു നഗരം തന്നെയായിരുന്നുവെന്ന് ഇവ സൂചിപ്പിക്കുന്നു. ചുട്ടെടുത്ത ഇഷ്ടികയുടെ ഉപയോഗം, കെട്ടിട സമുച്ചയത്തിൻ്റെ വലിപ്പം, ഒട്ടേറെ ജനസംഭരണികൾ, മറ്റ് കണ്ടെത്തലുകൾ ഒക്കെയും ജനവാസകേന്ദ്രത്തെക്കാൾ പരിഷ്കൃത ജനവിഭാഗമാണ് ഇവിടെ ഇണ്ടായിരുന്നത് എന്ന് പറയുന്നു. സംഘകാലഘട്ടത്തിൽ മുമ്പുതന്നെ ഉള്ളതാണിതെന്നു വിശ്വസിക്കാൻ ഈ തെളിവുകൾ ധാരാളമാണെന്നും നിരീക്ഷകർ പറയുന്നു.

പുരാതന മൺപാത്രങ്ങളും വളയക്കിണറുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അവർ നദീതീരങ്ങളിലും കുളങ്ങളിലും വെള്ളത്തിനായി ഈ കിണറുകൾ ഉപയോഗിച്ചിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. പുരാതന കാലത്ത് ഇഷ്ടിക കെട്ടിടങ്ങൾ വളരെ അപൂർവമായി ഉള്ളതാണെന്നാണ് കണക്കാക്കപ്പെടുന്നത്, എന്നാൽ ധാരാളം ഇഷ്ടിക കെട്ടിടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു.

സിന്ധു നദീതട സംസ്കാരത്തിൽ നിന്നും ലഭിച്ചതുപോലെയുള്ള ചുട്ടെടുത്ത ഇഷ്ടികകൾ, വിപുലമായ ഡ്രെയിനേജ് സംവിധാനങ്ങൾ, മൺപാത്രങ്ങൾ തുടങ്ങിയവയൊക്കെയും കീഴടിയിൽ നിന്നും കണ്ടെത്തി എന്നത് ഇരു സംസ്കാരങ്ങളും തമ്മിലുള്ള സാമ്യവും ബന്ധവും വ്യക്തമാക്കുന്നു. ഇവ വിരൽ ചൂണ്ടുന്നത് ഇരു സംസ്കാരങ്ങളുടെയും ദ്രാവിഡ സമൂഹവുമായുള്ള ബന്ധമാണ്. സിന്ധു നദീതട സംസ്കാരത്തിൽ കാണപ്പെട്ട മൂടിയ അഴുക്കുചാലുകളും കിണറുകളും ഉൾപ്പെടെയുള്ള ഡ്രെയിനേജ് സംവിധാനങ്ങൾ കീഴടിയിലും കണ്ടെടുത്തിട്ടുണ്ട്.

വേദ തെളിവുകൾ പൂർണ്ണമായും സാഹിത്യപരമാണ്, അതേസമയം ഹാരപ്പൻ തെളിവുകൾ പൂർണ്ണമായും പുരാവസ്തുപരമാണ്. ഈ രണ്ട് കാലഘട്ടങ്ങളെയും സമന്വയിപ്പിക്കുന്നത് അസാധ്യമാണ്

ജ്യോതിശാസ്ത്രജ്ഞനായ മായങ്ക് വാഹിയ

 

സിന്ധു നദീതട സംസ്കാരത്തിലെ ആളുകൾ ഉപയോഗിച്ചിരുന്ന ലിപിയെ സിന്ധു ലിപി എന്ന് വിളിക്കുന്നു. കൂടാതെ പല വിദഗ്ദ്ധരും വളരെക്കാലമായി ഈ ഭാഷ ദ്രാവിഡമാകാമെന്ന് അനുമാനിക്കുന്നുമുണ്ട്. ഇപ്പോൾ കീഴടിയിൽ നിന്ന് പുറത്തുവരുന്ന ഗവേഷണങ്ങൾ രണ്ട് സംസ്കാരങ്ങളും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നുവെന്ന് തമിഴ്‌നാട് പുരാവസ്തു വകുപ്പ് കമ്മീഷണർ ടി. ഉദയചന്ദ്രൻ പറയുന്നു.

കീഴടിയിൽ നിന്ന് കണ്ടെത്തിയ ഗ്രാഫിറ്റി അടങ്ങിയ സാമ്പിളുകൾ ബി.സി 580 മുതലുള്ളതാണ്. സിന്ധു ലിപിയും തമിഴ് ബ്രാഹ്മിയും തമ്മിലുള്ള ബന്ധമാണ് ഈ ഗ്രാഫിറ്റി എന്ന് വിശ്വസിക്കപ്പെടുന്നു. ഇതൊരു പ്രാരംഭ കണ്ടെത്തൽ മാത്രമാണ്. സിന്ധു ലിപിക്കും തമിഴ് ബ്രാഹ്മി ലിപിക്കും ഇടയിൽ ഒരു വിടവ് ഉണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഈ ഗ്രാഫിറ്റി ആ വിടവ് നികത്തും. ആ വിടവിലാണ് ഈ ഗ്രാഫിറ്റി അടയാളങ്ങൾ സ്ഥാപിക്കേണ്ടത്. 1000 വ്യത്യസ്ത അടയാളങ്ങൾ ഞങ്ങൾ കണ്ടെത്തി. സിന്ധുവുമായി വ്യക്തമായി ബന്ധപ്പെട്ട ചിലത് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

 

തമിഴ്നാട് പുരാവസ്തു വകുപ്പ് പുറത്തിറക്കിയ ഒരു റിപ്പോർട്ടിലും ഇത് പറയുന്നുണ്ട്. ‘ഇന്ത്യയിൽ ലഭ്യമായ ലിപികളിൽ, സിന്ധു ലിപികളാണ് ഏറ്റവും പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നത്, അവയ്ക്ക് 4500 വർഷം പഴക്കമുണ്ടായിരുന്നു. സിന്ധു ലിപിയുടെ തിരോധാനത്തിനും ബ്രാഹ്മി ലിപിയുടെ ആവിർഭാവത്തിനും ഇടയിൽ നിലനിന്ന ഒരു തരം ലിപിയെ പണ്ഡിതന്മാർ ഗ്രാഫിറ്റി മാർക്കുകൾ എന്ന് വിളിക്കുന്നു. ഈ ഗ്രാഫിറ്റി മാർക്കുകൾ സിന്ധു ലിപിയിൽ നിന്ന് പരിണമിച്ചതോ രൂപാന്തരപ്പെട്ടതോ ആണ്. ബ്രാഹ്മി ലിപിയുടെ ആവിർഭാവത്തിന് മുന്നോടിയായി ഇത് വർത്തിച്ചു. അതിനാൽ, കീഴടിയിൽ നിന്നും കണ്ടെത്തിയ ഈ ഗ്രാഫിറ്റി മാർക്കുകൾ വെറും അടയാളങ്ങൾ മാത്രമായി മാറ്റിവയ്ക്കാൻ കഴിയില്ല. സിന്ധു ലിപിയെപ്പോലെ, ഇതും ഇന്നുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല.

സിന്ധു നദീതട ജനതയ്ക്ക് ‘സ്റ്റെപ്പി പാസ്റ്ററലിസ്റ്റ്’ ഡി.എൻ.എ എന്നറിയപ്പെടുന്ന ഒരു ഡി.എൻ.എ ഉണ്ടായിരുന്നിരിക്കില്ലെന്ന് സമീപകാല ജനിതക പഠനങ്ങൾ കാണിക്കുന്നു. അതിനാൽ ഉപഭൂഖണ്ഡത്തിൽ ഇന്തോ-യൂറോപ്യൻ സംസാരിക്കുന്നവരുടെ വരവിന് മുമ്പുതന്നെ ഈ നാഗരികത സ്ഥാപിക്കപ്പെട്ടു. സിന്ധു നദീതട സംസ്കാരത്തിലെ ആളുകൾ ദ്രാവിഡ വംശജരായിരിക്കാമെന്ന് ഡി.എൻ.എ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്,’ റിപ്പോർട്ടിൽ പറയുന്നു.

ബി.ജെ.പിയും സംഘപരിവാറും ഇന്ത്യക്കാരെന്ന് വാദിക്കുന്ന ആര്യൻമാരുടെ വേദകാലഘട്ടത്തിലെയും ഹാരപ്പൻ കാലഘട്ടത്തിലെയും വൈരുദ്ധ്യങ്ങൾ നിരവധി വിമർശകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഋഗ്വേദത്തിൽ 170ലധികം തവണ കുതിരകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട് എന്നാൽ ഹാരപ്പൻ പുരാവസ്തു രേഖകളിൽ കുതിരകളുടെ അസ്ഥികൂട അവശിഷ്ടങ്ങൾ ഇല്ല. അതുപോലെ, ഋഗ്വേദം ഇടയ വാസസ്ഥലങ്ങളെ വിവരിക്കുന്നു, അതേസമയം സിന്ധു നദീ തട സംസ്കാരത്തിൽ 80,000 വരെ ജനസംഖ്യയുള്ള ഹാരപ്പ, മോഹൻജൊദാരോ പോലുള്ള വികസിത നഗര കേന്ദ്രങ്ങൾ ഉണ്ടായിരുന്നു, അവ വളരെ സംഘടിതമായ നാഗരിക അടിസ്ഥാന സൗകര്യങ്ങളോടെയാണ് ജീവിച്ചിരുന്നത്.

സിന്ധു ലിപി

വേദ തെളിവുകൾ പൂർണ്ണമായും സാഹിത്യപരമാണ്, അതേസമയം ഹാരപ്പൻ തെളിവുകൾ പൂർണ്ണമായും പുരാവസ്തുപരമാണ്. ഈ രണ്ട് കാലഘട്ടങ്ങളെയും സമന്വയിപ്പിക്കുന്നത് അസാധ്യമാണ്,’ എന്ന് ജ്യോതിശാസ്ത്രജ്ഞനായ മായങ്ക് വാഹിയ പറയുന്നുണ്ട്.

ബി.ജെ.പി സിന്ധു നദീതട സംസ്കാരവും വേദകാലഘട്ടവും ഒന്നാണെന്നും ആര്യന്മാർ തദ്ദേശീയരാണെന്നും സ്ഥാപിക്കാൻ കഷ്ടപ്പെടുമ്പോഴാണ് കീഴടിയിൽ സിന്ധു നദീതട സംസ്കാരത്തോട് വളരെയധികം സാമ്യമുള്ള സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇത് കേന്ദ്രത്തെ ചൊടിപ്പിക്കുമല്ലോ.

ഫണ്ടിൻ്റെ അഭാവം മൂലം കീഴടിയുടെ ഉത്ഖനനം എ.എസ്.ഐ നിർത്തിവെക്കുന്നുവെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഈ പുരാതന നഗരത്തെയും സിന്ധു നദീ തട സംസ്കാരവും തമ്മിലുള്ള ബന്ധവും മറയ്ക്കാൻ ഇന്ത്യൻ സർക്കാർ ആഗ്രഹിക്കുന്നു എന്നുവേണം കരുതാൻ. ഡിസംബർ 26, 2016 ന് 3600 കോടി രൂപ ചെലവിട്ട് ശിവാജി പ്രതിമയ്ക്ക് മോദി തറക്കല്ലിട്ടു. കോടികൾ ചെലവിട്ട് പട്ടേലർ പ്രതിമയും ശ്രീരാമക്ഷേത്രവും പിന്നീടായി ഉയർന്നുവന്നുവെന്നും നാം ഓർക്കണം.

കീഴടി ഉത്ഖനനത്തെ കുറിച്ച് ഇന്ത്യൻ സർക്കാരിന് ഭയമായിരിക്കണം. തമിഴർ പുരാതന ജനതയാണെന്ന് തെളിയിക്കപ്പെട്ടാൽ, സംഘശക്തികൾ മുന്നോട്ടുവെക്കുന്ന, ഇന്ത്യൻ ചരിത്രം തിരുത്തേണ്ടിവരും.

ബ്രാഹ്മി ലിപി

കീഴടിയിൽ ശേഖരിച്ച തെളിവുകൾ ഹിന്ദുമതത്തെ മഹത്വവൽക്കരിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് ഭീഷണിയാണ്. കീഴടിയിൽ, ഖനനത്തിൻ്റെ ഒന്നും രണ്ടും ഘട്ടങ്ങൾക്ക് ശേഷം, പുരാവസ്തു ഗവേഷകർക്ക് ഹൈന്ദവ വിശ്വാസപ്രകാരമുള്ള ഒന്നുംതന്നെ കണ്ടെത്താനായില്ല. പുരാതന കാലം മുതൽ നാമെല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന വലതുപക്ഷ പ്രചാരണത്തെ തകർക്കാൻ ഈ തെളിവുകൾക്ക് കഴിയുന്നു.

 

മൂന്നാം ഘട്ട ഉത്ഖനനം ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, 2017 മാർച്ച് അവസാനം, ഇതിന് നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകനായ അമർനാഥ് രാമകൃഷ്ണയ്ക്ക് സ്ഥലംമാറ്റ ഉത്തരവ് എ.എസ്‌.ഐ പുറപ്പെടുവിച്ചു. അദ്ദേഹത്തെ അസമിലെ ഗുവാഹതിയിലേക്ക് സ്ഥലം മാറ്റി.

2013 ൽ തങ്ങൾ കണ്ടെത്തിയ ജനവാസ കേന്ദ്രങ്ങളിൽ, തിരുപ്പച്ചേത്തി, മേലപസലൈ പോലുള്ളവ റോഡ് വികസന പ്രവർത്തനങ്ങൾ കാരണം ഇതിനകം അപ്രത്യക്ഷമായെന്നും കീഴടി സമാനമായ ഒരു സാഹചര്യം നേരിടുന്നതിനുമുമ്പ്, ഒരു തെളിവും നഷ്ടപ്പെടാതിരിക്കാൻ അവിടെ ഉദ്ഘനനം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അമർനാഥ് രാമകൃഷ്ണ വ്യക്തമാക്കിയിരുന്നു.

 

2001ൽ സ്ഥാപിതമായ ബെംഗളൂരു ഉത്ഖനന ശാഖ ഏറ്റെടുത്ത രണ്ടാമത്തെ ഉത്ഖനന പദ്ധതി മാത്രമാണ് കീഴടി. അന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഖനനം നടത്തുന്നതിനായി ദൽഹി, പട്ന, ഭുവനേശ്വർ, വഡോദര, നാഗ്പൂർ എന്നിവിടങ്ങളിൽ അഞ്ച് ഉത്ഖനന ശാഖകൾ ഇതിനകം ഉണ്ടായിരുന്നു. 2010ൽ കർണാടകയിലെ ബെല്ലാരി സ്ഥലം ഏറ്റെടുക്കുന്നതുവരെ, ബെംഗളൂരു ശാഖ ഒരു ഉത്ഖനനവും നടത്തിയിരുന്നില്ല. തുടർന്ന് 2013ൽ രാമകൃഷ്ണ ചുമതലയേറ്റപ്പോൾ, കീഴടി പദ്ധതിക്ക് തുടക്കമിട്ടു. ദക്ഷിണേന്ത്യയിലെ ഉത്ഖനനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ബെംഗളൂരു ശാഖ സ്ഥാപിച്ചതെങ്കിലും അതിന്റെ ഉദ്ദേശം പൂർത്തീകരിക്കപ്പെട്ടില്ലെന്നും അദ്ദേഹം അമർനാഥ്‌ രാമകൃഷ്‌ണ കാരവാന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

 

ഫണ്ടിൻ്റെ ദൗർലഭ്യം കാരണം കീഴടി പദ്ധതി താൽക്കാലികമായി നിർത്തിയിരിക്കുകയാണെന്ന് പലപ്പോഴായി ആവർത്തിക്കുന്ന നരേന്ദ്ര മോദി, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലെ മറ്റ് മൂന്ന് പദ്ധതികൾക്ക് ധനസഹായം നൽകുന്നുണ്ട്. കീഴടിയിൽ നിന്ന് 5000ത്തിലധികം പുരാവസ്തുക്കൾ, വ്യാവസായിക തെളിവുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, ചുട്ടെടുത്ത ഇഷ്ടികകൾ തുടങ്ങിയവ കണ്ടെത്തിയെങ്കിലും മറ്റുള്ള സ്ഥലങ്ങളിൾ നിന്ന് ശ്രദ്ധേയമായ ഒന്നും തന്നെ ഇതേവരെ കണ്ടെത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

അതേസമയം കീഴടി ഉത്ഖനന റിപ്പോർട്ട് മാറ്റിയെഴുതാൻ എ.എസ്.ഐ ഇപ്പോൾ രാമകൃഷ്ണയോട് ആവശ്യപ്പെടുന്നുണ്ട്. 2023 ജനുവരി 30ന് രാമകൃഷ്ണ എ.എസ്‌.ഐ ഡയറക്ടർ ജനറലിന് റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് ഈ നിർദേശം വരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കീഴടി

രാമകൃഷ്ണ തന്റെ 982 പേജ് വരുന്ന റിപ്പോർട്ട്‌ 2023ലാണ് സമർപ്പിച്ചത്‌. അതിൽ കീഴടി ഉത്ഖനനത്തിൽ നിന്നും കിട്ടിയ വസ്തുക്കൾ വെച്ച് അവയെ മൂന്ന് കാലഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യ കാലഘട്ടം ബി.സി എട്ടാം നൂറ്റാണ്ട് മുതൽ ബി.സി അഞ്ചാം നൂറ്റാണ്ട് വരെയും, രണ്ടാം ഘട്ടം ബി.സി 5-1 നൂറ്റാണ്ട്‌ വരെയും മൂന്നാം ഘട്ടം ബി.സി 1-3 നൂറ്റാണ്ട്‌ വരെയുമാണ്.

 

ഇതിൽ എ.എസ്.ഐ ഈ മെയ്‌ 21 ന് കൊടുത്ത നോട്ടീസിൽ പറയുന്നത്‌ കാലഘട്ടങ്ങൾ മാറ്റി കോമൺ ഇറ എന്നാക്കാനാണ്. കൂടാതെ സമർപ്പിച്ച ഭൂപടങ്ങൾക്ക് പകരം മികച്ചവ ഉപയോഗിക്കാം, ഗ്രാമ ഭൂപടത്തിൽ വ്യക്തതയില്ല, ചില പ്ലേറ്റുകൾ കാണുന്നില്ല, പ്ലാൻ, കോണ്ടൂർ മാപ്പ്, സ്ട്രാറ്റിഗ്രാഫി ഡ്രോയിങ് , ഡ്രോയിങ്ങുകൾ എന്നിവ കാണുന്നില്ല, കിടങ്ങുകളുടെ സ്ഥാനം നൽകുന്ന ഒരു മാപ്പ് ആവശ്യമാണ് എന്നും മറുപടിയിൽ പറയുന്നു.

എന്നാൽ അതിന് കഴിഞ്ഞ ദിവസം രാമകൃഷ്ണ അതിന് നൽകിയ മറുപടിയിൽ താൻ കൃത്യമായ സയന്റിഫിക്‌ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാലഘട്ടങ്ങൾ തിരിച്ചിരിക്കുന്നതെന്നും അതിനാൽ റിപ്പോർട്ട്‌ തിരുത്തേണ്ടതില്ല എന്നും പറയുന്നു.

Content Highlight: Why is the Center afraid of a coup that would change India’s early history?

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം