രാജസ്ഥാനിലെ പ്രാദേശികജനതയുടെ പുണ്യഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറി ബി.ജെ.പി സർക്കാർ; അദാനിക്ക് മാത്രം 26,000 ഏക്കർ
DEEP REPORTING
രാജസ്ഥാനിലെ പ്രാദേശികജനതയുടെ പുണ്യഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറി ബി.ജെ.പി സർക്കാർ; അദാനിക്ക് മാത്രം 26,000 ഏക്കർ
ജിൻസി വി ഡേവിഡ്
Monday, 16th June 2025, 5:49 pm
രാജസ്ഥാനിലെ ഥാർ മരുഭൂമിയിലെ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ് ഒറാൻ ലാൻഡ്. സോളാർ പദ്ധതിക്ക് വേണ്ടി ഓറാൻ ഭൂമി അനുവദിക്കുന്നതാണ് ഗ്രാമീണരുടെ പ്രധാന പ്രശ്നം. നിയമസഭയിൽ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജസ്ഥാനിലുടനീളമുള്ള സൗരോർജ നിലയങ്ങൾക്കായി വിവിധ കമ്പനികൾക്ക് ഏകദേശം 97,526.5 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജസ്ഥാനിലെ ബാർമർ, ജയ്സാൽമീർ ജില്ലകളിലെ ജനങ്ങൾ പ്രതിഷേധിക്കുകയാണ്. അവർക്ക് സാംസ്കാരികപരവും മതപരവുമായും പ്രാധാന്യമുള്ള അതിലുപരി ജീവനോപാധിയുമായ ഭൂമി തിരിച്ചുപിടിക്കുന്നതിനായി സർക്കാരിനോട് പോരാടുകയാണ് അവർ.

രാജസ്ഥാനിലെ ഥാർ മരുഭൂമിയിലെ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ് ഒറാൻ ലാൻഡ്. ജൈവവൈവിധ്യത്തിന് പേരുകേട്ട ഇവ വിവിധ ജീവിവർഗങ്ങളുടെ പ്രധാന ആവാസ വ്യവസ്ഥയായി വർത്തിക്കുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് സംഭാവന നൽകുകയും ചെയ്യുന്നു.

ഒറാനുകളെ രാജസ്ഥാനിലെ പ്രാദേശിക സമൂഹം പുണ്യവനങ്ങളായി കണക്കാക്കുന്നു. ഒറാനുകൾക്ക് അവരുടെ പ്രാദേശിക ദേവതകളുമായി ബന്ധമുള്ളതായി അവർ കണക്കാക്കുന്നു. രാജസ്ഥാനിലെ ഗ്രാമീണ സമൂഹങ്ങൾ, പ്രത്യേകിച്ച്, ബിഷ്‌ണോയി സമൂഹമാണ് ഒറാനുകളെ സംരക്ഷിച്ചുവരുന്നത്. കൂടാതെ ഗ്രാമീണ സമൂഹങ്ങളുടേ പ്രധാന ഉപജീവനമാർഗമായ കാലികൾക്ക് മേയാനുള്ള മേച്ചിൽപ്പുറം കൂടിയാണ് ഒറാൻ ലാൻഡ്.

എനിക്ക് ഏകദേശം 50 പശുക്കളും നിരവധി ആടുകളും ചെമ്മരിയാടുകളുമുണ്ട്. മേച്ചിൽപ്പുറങ്ങൾ അവർ ഏറ്റെടുത്തുകഴിഞ്ഞാൽ, എന്റെ കന്നുകാലികളെ മേയാൻ ഞാൻ എവിടേക്ക് കൊണ്ടുപോകും? ചോഭ് സിങ് ഭാട്ടി

 

വംശനാശ ഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (GIB), ചിങ്കാര, ഇന്ത്യൻ മരുഭൂമി കുറുക്കൻ എന്നിവയുടെ ആവാസ കേന്ദ്രമാണ് രാജസ്ഥാൻ ഒറാനുകൾ. രാജസ്ഥാനിൽ, സുപ്രീം കോടതി വിധിയെത്തുടർന്ന്, പരമ്പരാഗതമായി സംരക്ഷിത സമൂഹ പ്രദേശങ്ങളായ ഓറാൻ ഭൂമി ഇപ്പോൾ 1980 ലെ വന സംരക്ഷണ നിയമപ്രകാരം വനങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. എങ്കിലും നിരവധി ഒറാൻ ഭൂമി എവിടെയും രജിസ്റ്റർ ചെയ്യപ്പെടാതെ കിടക്കുന്നുമുണ്ട്. ആ ഭൂമിയെയും പ്രാദേശിക ജനവിഭാഗം തങ്ങളുടെ പുണ്യ സ്ഥലമായി തന്നെയാണ് കണക്കാക്കുന്നത്.

രാജസ്ഥാനിലെ സോളാർ പ്ലാന്റുകൾ

എന്നാൽ സമീപ വർഷങ്ങളിൽ, രാജസ്ഥാൻ സർക്കാർ ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെടാത്ത ഒറാൻ ഭൂമിയുടെ വലിയൊരു ഭാഗം സോളാർ പ്ലാന്റ് നിർമാണത്തിനായി സ്വകാര്യ കമ്പനികൾക്ക് കൈമാറി. ഇത് തദ്ദേശീയ ജനവിഭാഗങ്ങളിൽ അമർഷത്തിന് കാരണമായി. തങ്ങളുടെ ഉപജീവനമാർഗമായ മൃഗങ്ങളുടെ കാലിത്തീറ്റ ഇല്ലാതാകുന്നതും തങ്ങളുടെ സാംസ്‌കാരിക വേരുകൾ അറുക്കപ്പെടുന്നതും അവർക്ക് ക്ഷമിക്കാൻ കഴിയുന്നതായിരുന്നില്ല.

ഏകദേശം 1,500 ഓളം ആളുകൾ താമസിക്കുന്ന ജയ്സാൽമീറിലെ ബയ്യ ഗ്രാമത്തിലെ ജനങ്ങൾ കൃഷിയെയും കന്നുകാലി വളർത്തലിനെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. സർക്കാരും കമ്പനിയും സ്ഥലം വിടുന്നതുവരെ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാരിൽ ചിലർ ന്യൂസ് ലോൺട്രിയോട് പറഞ്ഞു.

‘എനിക്ക് ഏകദേശം 50 പശുക്കളും നിരവധി ആടുകളും ചെമ്മരിയാടുകളുമുണ്ട്. മേച്ചിൽപ്പുറങ്ങൾ അവർ ഏറ്റെടുത്തുകഴിഞ്ഞാൽ, എന്റെ കന്നുകാലികളെ മേയാൻ ഞാൻ എവിടേക്ക് കൊണ്ടുപോകും?,’ 60 വയസുള്ള ചോഭ് സിങ് ഭാട്ടി ചോദിച്ചു.

ഗൗതം അദാനി

‘ഞങ്ങൾ സോളാർ പദ്ധതികൾക്ക് എതിരല്ല. മേച്ചിൽപ്പുറങ്ങളുടെ ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറാതെ ഒറാൻ ആയി രജിസ്റ്റർ ചെയ്യണമെന്നതാണ് ഞങ്ങളുടെ ഏക ആവശ്യം,’ ജയ്സാൽമീറിൽ നിന്നുള്ള ഭോപ്പാൽ സിങ് പറഞ്ഞു.

സോളാർ പദ്ധതിക്ക് വേണ്ടി ഓറാൻ ഭൂമി അനുവദിക്കുന്നതാണ് ഗ്രാമീണരുടെ പ്രധാന പ്രശ്നം. നിയമസഭയിൽ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജസ്ഥാനിലുടനീളമുള്ള സൗരോർജ നിലയങ്ങൾക്കായി വിവിധ കമ്പനികൾക്ക് ഏകദേശം 97,526.5 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.

2018 മുതൽ 2023 വരെ, ജയ്സാൽമീറിലെ വിവിധ കമ്പനികൾക്കായി ആകെ 44,062.42 ഏക്കർ ഭൂമി അനുവദിച്ചു. അതിൽ 26,562.45 ഏക്കർ ഭൂമി അദാനി റിന്യൂവബിൾ എനർജി പാർക്ക് ലിമിറ്റഡിന് മാത്രമായി നീക്കിവെച്ചിട്ടുണ്ട്.

അദാനിയെ കൂടാതെ, ലാർസൻ & ട്യൂബ്രോ, എസ്സൽ സോളാർ എനർജി, എസ്.ബി.ഇ റിന്യൂവബിൾ എനർജി, വണ്ടർ സിമന്റ് തുടങ്ങിയ കമ്പനികൾക്കും ഈ ഭൂമി അനുവദിച്ചിട്ടുണ്ട്.

2015 നും 2024 നും ഇടയിൽ പുനരുപയോഗ ഊർജ മേഖലയിൽ 13.12 ലക്ഷം കോടി രൂപയുടെ എഗ്രിമെന്റുകളിൽ രാജസ്ഥാൻ സർക്കാർ ഒപ്പുവച്ചുവെന്ന് ദി വെയർ റിപ്പോർട്ട് ചെയ്യുന്നു.

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്

രാജസ്ഥാൻ നിയമസഭയിലെ ചോദ്യോത്തര വേളയിൽ പങ്കുവെച്ച സർക്കാർ രേഖകളും മാധ്യമ റിപ്പോർട്ടുകളും പ്രകാരം, ഏകദേശം ഒന്നര വർഷത്തെ ഭരണകാലത്ത് ബി.ജെ.പി സർക്കാർ 19,931 മെഗാവാട്ട് ശേഷിയുള്ള പുനരുപയോഗ ഊർജ പദ്ധതികൾക്കായി കമ്പനികൾക്ക് 32,000 ഹെക്ടർ ഭൂമി അനുവദിച്ചു.

മുൻ കോൺഗ്രസ് സർക്കാർ അനുവദിച്ച പദ്ധതികളേക്കാൾ മൂന്നിരട്ടി കൂടുതലാണ് ഈ കണക്ക്. നിലവിൽ പുരോഗമിക്കുന്ന 40 പദ്ധതികൾക്കായി ആകെ 2.25 ലക്ഷം ഹെക്ടർ ഭൂമി ആവശ്യമാണെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.

ബാർമർ-ജയ്‌സാൽമറിലെ മേച്ചിൽപ്പുറങ്ങളും വനങ്ങളും ഉൾപ്പെടുന്ന ഓറാൻ പൊതുഭൂമി റവന്യൂ രേഖകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഈ ഭൂമികളിൽ ആരും വ്യക്തിപരമായ അവകാശങ്ങൾ ഉന്നയിച്ചിട്ടില്ല. തദ്ദേശവാസികളുടെ കന്നുകാലികൾ ഈ പ്രദേശത്ത് മേയറുണ്ട്. കൂടാതെ അവർ ആ ഭൂമിയെ പുണ്യ ഭൂമിയായി കാണുകയും ചെയ്യുന്നു.

ഒറാൻ ലാൻഡ്

ഈ ഭൂമികളെക്കുറിച്ചുള്ള സർക്കാർ രേഖകൾ ഇല്ലാത്തതിനാൽ, പട്വാരി എന്നറിയപ്പെടുന്ന വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, നായിബ് തഹസിൽദാർ അതായത് റവന്യൂ ഓഫീസറുടെ അസിസ്റ്റന്റ്, സബ്-ഡിവിഷണൽ മജിസ്ട്രേറ്റ് എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നിയമപരമായ സങ്കീർണതകൾ മുതലെടുത്ത് സർക്കാർ രേഖകളിൽ ഇവ നിലവിലില്ലെന്ന് അവകാശപ്പെട്ട് കോർപ്പറേറ്റുകൾക്ക് ഈ ഭൂമി കൈമാറുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ബാർമറിലെ ബയ്യയിലെ കർഷകർ മാസങ്ങളായി പ്രതിഷേധത്തിലാണ്, അതേസമയം നെപ്സി, ചീറ്റ, ജെറാബ്, ബിൻജോട്ട തുടങ്ങിയ ഗ്രാമങ്ങളിലെ നിവാസികളും ഭൂമി അനുവദിക്കുന്നതിനെതിരെ പ്രതിഷേധത്തിലാണ്.

ഏറ്റവും കൂടുതൽ ദേശാടന പക്ഷികളെ ആകർഷിക്കുന്ന ഒരു വലിയ കുളം നെപ്സി ഗ്രാമത്തിലുണ്ട് ഈ പ്രദേശം സ്വകാര്യ കമ്പനികൾക്ക് സൗരോർജ പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്നുവെന്ന് ആക്ടിവിസ്റ്റ് ഭൂപ്സിങ് പറയുന്നു.

കഴിഞ്ഞ വർഷം നടത്തിയ ഒരു അന്വേഷണത്തിൽ, ബിക്കാനീറിലെ ഛത്തർഗഡ് മേഖലയിലെ നിരവധി സർക്കാർ ഉദ്യോഗസ്ഥർ പൊതു ഭൂമി സ്വകാര്യ കമ്പനികൾക്ക് അനുവദിച്ചതിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

ഒറാൻ ലാൻഡ്

സോനാദി ഗ്രാമത്തിലെ സവൈറാം കുംഹാറിന്റെ ഭാര്യയായ തുൾസിദേവിക്ക് ബാർമറിനടുത്തുള്ള ഗുംഗ ഗ്രാമത്തിൽ ഒരു ഫാം ഉണ്ട്. അവരുടെ ഭൂമിയിൽ ഇത്തരത്തിലൊരു കമ്പനി ഒരു സർവീസ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. അതിൽ തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്, ഇത് ഭൂവുടമയെ ദുരിതത്തിലാക്കുന്നു.

ഞങ്ങളുടെ മേച്ചിൽപ്പുറങ്ങളിൽ നിർമിച്ച പവർ പ്ലാന്റുകൾ ഞങ്ങൾക്ക് ഒരു യൂണിറ്റ് വൈദ്യുതി പോലും നൽകുന്നില്ല

ഭദ്രേസിലെ കർഷകനായ രവീന്ദ്ര സിങ് ചരൺ

 

‘ഞങ്ങൾക്ക് പ്രാദേശികമായി പ്രചാരത്തിലുള്ള ഒരു അളക്കൽ രീതിയുണ്ട്, പക്ഷേ കമ്പനികളുടെ ആളുകൾ സ്വകാര്യ ജി.പി.എസ് സംവിധാനങ്ങൾ ഉപയോഗിച്ച് അളക്കുന്നു, ഒരു പട്വാരി, നായിബ് തഹസിൽദാർ അല്ലെങ്കിൽ എസ്.ഡി.ഒ എന്നിവരുടെ സഹായമില്ലാതെ അവർ വയലുകളിൽ എല്ലായിടത്തും വേലി കെട്ടുന്നു,’ പ്രാദേശിക അഭിഭാഷകൻ കുമാവത് പറയുന്നു.

ഈ പ്രദേശത്തെ ദീർഘകാല പരിസ്ഥിതി പ്രവർത്തകനായ ഭുവനേഷ് ജെയിനിന്റെ കൈവശമുണ്ടായിരുന്ന ഒരു പറമ്പിൽ, യാതൊരു മുൻകൂർ അറിയിപ്പും കൂടാതെ അടുത്തിടെ ഹൈടെൻഷൻ ലൈൻ തൂണുകൾ സ്ഥാപിച്ചുവെന്ന് അദ്ദേഹം പറയുന്നു.

ചിങ്കാര

കൂടാതെ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാരിന്റെ തിടുക്കം ഈ പ്രദേശങ്ങളിലെ അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. രാജസ്ഥാനിലെ 1955 ലെ ടെനൻസി നിയമം, സംസ്ഥാന സർക്കാരിന്റെയോ നിയുക്ത അതോറിറ്റിയുടെയോ അംഗീകാരമില്ലാതെ പട്ടികജാതി/പട്ടികവർഗ വ്യക്തികളുടെ കൃഷിഭൂമി, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടാത്ത വ്യക്തികൾക്കോ ​​സംഘടനകൾക്കോ ​​വിൽക്കുന്നതോ സമ്മാനമായി നൽകുന്നതോ കൈമാറ്റം ചെയ്യുന്നതോ നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും, ഈ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള പ്രക്രിയ നിലവിൽ നടന്നുവരികയാണ്.

2024 നവംബർ 30 ന് നടന്ന മന്ത്രിസഭാ യോഗത്തിൽ, സൗരോർജ കമ്പനികൾ എസ്‌.സി/എസ്.ടി വിഭാഗത്തിൽപ്പെട്ട ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചാൽ നിലവിലുള്ള നിയമപരമായ തടസങ്ങൾ ഇല്ലാതാക്കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബറിൽ രാജസ്ഥാനിലെ നിയമമന്ത്രി ജോഗറാം പട്ടേൽ, ടെനൻസി നിയമത്തിലെ സെക്ഷൻ 42B പ്രകാരം, എസ്‌സി/എസ്ടി സമുദായങ്ങളിലെ കർഷകർക്ക് അവരുടെ കൃഷിഭൂമി പുനരുപയോഗ ഊർജ ഡെവലപ്പർമാർക്ക് പാട്ടത്തിന് നൽകാൻ അനുവാദമില്ലെന്ന് പ്രസ്താവിച്ചു. പിന്നാലെ 2007 ലെ രാജസ്ഥാൻ ലാൻഡ് റവന്യൂ (ഗ്രാമീണ പ്രദേശങ്ങളിലെ കാർഷികേതര ആവശ്യങ്ങൾക്കായി കാർഷിക ഭൂമി പരിവർത്തനം) നിയമങ്ങൾക്ക് ഭേദഗതി വരുത്താൻ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി.

ഇന്ത്യൻ മരുഭൂമി കുറുക്കൻ

‘സ്വകാര്യ കമ്പനികളുടെ നേട്ടത്തിനുവേണ്ടിയാണ് ഈ മാറ്റം നടപ്പിലാക്കുന്നതെന്നും എന്നാൽ ഇത് ദളിത് കർഷകർക്ക് ഗുണകരമാണെന്ന് ചിത്രീകരിക്കപ്പെടുന്നുവെണെന്നും ദളിത് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഭൻവർ മേഘവൻഷി പറഞ്ഞു.

മറ്റൊരു പ്രധാന പ്രശ്‌നമായി ഗ്രാമവാസികൾ ചൂണ്ടിക്കാണിക്കുന്നത് ഈ സൗരോർജ സംരംഭങ്ങളിൽ നിന്നും രാജസ്ഥാന് വളരെ കുറഞ്ഞ അളവിൽ വൈദ്യുതി മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ്. സംസ്ഥാനത്തെ പുനരുപയോഗ ഊർജ കോർപ്പറേഷൻ ഈ കമ്പനികളുമായി വൈദ്യുതി വിതരണത്തിനായി ഇതുവരെ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. എന്നാൽ മാറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം പദ്ധതികളിൽ നിന്നും ഉത്പാദിപ്പിക്കുന്ന വിലകുറഞ്ഞ വൈദ്യുതിയുടെ 74% അവിടെ തന്നെ വിതരണം ചെയ്യുന്നുണ്ട്.

‘ഞങ്ങളുടെ മേച്ചിൽപ്പുറങ്ങളിൽ നിർമിച്ച പവർ പ്ലാന്റുകൾ ഞങ്ങൾക്ക് ഒരു യൂണിറ്റ് വൈദ്യുതി പോലും നൽകുന്നില്ല,’ ഭദ്രേസിലെ കർഷകനായ രവീന്ദ്ര സിങ് ചരൺ പറയുന്നു.

തങ്ങളുടെ ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി തങ്ങൾക്കും നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജസ്ഥാനിൽ സൗരോർജ ഉത്പാദനത്തിനുള്ള സാധ്യതകൾ കൂടുതലാണ്. രാജസ്ഥാനിൽ 22% സോളാർ റേഡിയേഷൻ അധികം അനുഭവപ്പെടുന്നുണ്ട്. എന്നിട്ടും സംസ്ഥാനം സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ പാടുപെടുകയാണ്.

2025 മാർച്ച് 10 ന് സംസ്ഥാന നിയമസഭയിൽ സമർപ്പിച്ച രേഖ പ്രകാരം, സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉൽപാദന ശേഷി 14,108 മെഗാവാട്ട് ആണ്. ഇതിൽ സൗരോർജത്തിൽ നിന്നുള്ള 997 മെഗാവാട്ടും കാറ്റിൽ നിന്നുള്ള 1,148 മെഗാവാട്ടും ഉൾപ്പെടുന്നു. മൊത്തം വൈദ്യുതി ഉത്പാദനത്തിൽ 5,138 മെഗാവാട്ട് സ്വകാര്യ മേഖലകളോ മറ്റ് മേഖലകളോ ആണ് ഉത്പാദിപ്പിക്കുന്നത്, അതേസമയം സർക്കാരിന്റെ ഊർജ ഉത്പാദനം 9,508 മെഗാവാട്ട് ആണ്.

സർക്കാരിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സ്വകാര്യ മേഖലയിൽ നിന്ന് സംസ്ഥാനത്തിന് വൈദ്യുതി ലഭിക്കുന്നില്ല.

 

Content Highlight: BJP government hands over sacred land of local people in Rajasthan to corporates; 26,000 acres to Adani alone

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം