ചെന്നൈ: തമിഴ്‌നാട് സ്വദേശിയായ പ്രവാസി വ്യവസായി അഹമ്മദ് എ.ആര്‍. ബുഹാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമം (പി.എം.എല്‍.എ) പ്രകാരമെടുത്ത കേസുകള്‍ ചെന്നൈയിലെ സി.ബി.ഐ കോടതി റദ്ദാക്കിയത് കഴിഞ്ഞ ദിവസമാണ്. ഈ കേസുകള്‍ക്ക് ആധാരമായ ക്രിമിനല്‍ ആരോപണങ്ങള്‍ തള്ളിയിരുന്നതിനാല്‍ പി.എം.എല്‍.എ കേസുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു സി.ബി.ഐ പ്രത്യേക കോടതിയുടെ നടപടി. ഇതോടെ അഹമ്മദ് ബുഹാരിയുടെ എട്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനാണ് അവസാനമായിരിക്കുന്നത്.
ഊര്‍ജ രംഗത്തെ സംരംഭകനായ ബുഹാരിയുടെ കോസ്റ്റല്‍ എനര്‍ജെന്‍ പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്കെതിരെയുണ്ടായിരുന്നു അഴിമതി ആരോപണവും കള്ളപ്പണക്കേസും. കള്ളപ്പണക്കേസിന് ആധാരമായി ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഈ സ്ഥാപനങ്ങള്‍ ചെയ്‌തെന്ന എഫ്.ഐ.ആര്‍ ദല്‍ഹി കോടതി തള്ളിയതിനാല്‍ ഈ കേസും തള്ളുകയാണെന്ന് പ്രത്യക സി.ബി.ഐ കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേസിനാധാരമായ കുറ്റങ്ങള്‍ വീണ്ടും ചുമത്തപ്പെട്ടാല്‍ കള്ളപ്പണക്കേസ് വീണ്ടും എടുക്കാമെന്നും ഉത്തരവില്‍ സി.ബി.ഐ കോടതി പറയുന്നു.
അഹമ്മദ് ബുഹാരി
തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശിയാണ് അഹമ്മദ് എ.ആര്‍. ബുഹാരി. ഹോങ്കോങ്ങില്‍ ജനിച്ച അദ്ദേഹം യു.എസില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടുകയും പിന്നീട് 90കളില്‍ ഊര്‍ജ രംഗത്ത് വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 2012ല്‍ ബുഹാരിയുടെ ഉടമസ്ഥതയിലുള്ള കോസ്റ്റല്‍ എനര്‍ജെന്‍ എന്ന സ്ഥാപനം തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ 1200 മെഗാവാട്ടിന്റെ തെര്‍മല്‍ പവര്‍ പ്ലാന്റ് ആരംഭിച്ചിരുന്നു.
കേസുകളുടെ തുടക്കം
2018ലാണ് ബുഹാരിക്കും അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും അഴിമതി തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം സി.ബി.ഐ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിലവാരം ഇല്ലാത്ത കല്‍ക്കരി വില്‍ക്കുന്നുവെന്നും വില പെരുപ്പിച്ചു കാട്ടുന്നു എന്നും ആയിരുന്നു ബുഹാരിക്കും അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കും എതിരായ ആരോപണം.
ഈ സി.ബി.ഐ കേസുകളെ അടിസ്ഥാനമാക്കി 2018ല്‍ തന്നെ ബുഹാരിക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ഇ.ഡി. കേസ് എടുക്കുകയും ചെയ്തു.
കോസ്റ്റല്‍ എനര്‍ജി നിലവാരം കുറഞ്ഞ കല്‍ക്കരി നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന് (എന്‍.ടി.പി.സി) വിതരണം ചെയ്തു എന്ന് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) 2018ല്‍ ആശങ്ക ഉന്നയിച്ചതോടെയാണ് ബുഹാരിക്കെതിരായ നിയമ നടപടികള്‍ ആരംഭിക്കുന്നത്.
ഡി.ആര്‍.ഐ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഐ.പി.സി 420 വകുപ്പ് പ്രകാരം വഞ്ചനയ്ക്കും അഴിമതി തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ബുഹാരിക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രേഖപ്പെടുത്തി. ഈ അഴിമതിയില്‍ നിന്നും സ്ഥാപനത്തിന് ലഭിക്കുന്ന പണത്തെ കള്ളപ്പണം എന്ന തരത്തില്‍ പരിഗണിക്കണം എന്നതിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണക്കേസും ചുമത്തി.
സി.ബി.ഐയുടെ എഫ്.ഐ.ആര്‍, പി.എം.എല്‍.എ പ്രകാരം ആരംഭിച്ച നിയമ നടപടികള്‍ എന്നിവയെത്തുടര്‍ന്ന് വിവിധ ഏജന്‍സികളുമായുള്ള ഒരു നിയമ യുദ്ധത്തിലേക്ക് ബുഹാരിയും സ്ഥാപനങ്ങളും വലിച്ചിഴക്കപ്പെട്ടു.
32 മാസത്തെ തടവ്
കള്ളപ്പണക്കേസില്‍ 2022ല്‍ ബുഹാരിയെ ഇ.ഡി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അദ്ദേഹം 32 മാസം വിചാരണ തടവില്‍ കഴിയുകയും ചെയ്തു. ഇത് സാമ്പത്തിക കേസുകളിലെ വിചാരണ തടവ് നീണ്ടുപോകുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു.
കള്ളപ്പണക്കേസില്‍ ബുഹാരി തടവില്‍ കഴിയുമ്പോഴും ഈ കേസിന് ആസ്പദമായ എഫ്.ഐ.ആറിലുള്ള വാദങ്ങള്‍ തെളിയിക്കപ്പെടാതെ തുടരുകയായിരുന്നു. ഒപ്പം അടിസ്ഥാന കേസില്‍ കുറ്റപത്രവും ഫയല്‍ ചെയ്തിരുന്നില്ല. പല തവണ ജാമ്യാപേക്ഷ നല്‍കിയ ബുഹാരിക്ക് 2024ലാണ് ജാമ്യം ലഭിച്ചത്.
കേസുകള്‍ റദ്ദാക്കപ്പെടുന്നു
2025 സെപ്തംബറിലാണ് ദല്‍ഹി ഹൈക്കോടതി സിബി.ഐയുടെ എഫ്.ഐ.ആര്‍ റദ്ദാക്കിയത്. ബുഹാരിയുടെ സ്ഥാപനങ്ങള്‍ അഴിമതി നടത്തിയെന്നാരോപിച്ചുള്ള എഫ്.ഐ.ആര്‍ റദ്ദായതോടെ കള്ളപ്പണക്കേസിന്റെ അടിസ്ഥാനം നഷ്ടപ്പെട്ടു. അഴിമതിയിലൂടെ സമ്പാദിച്ച പണത്തെയാണ് കള്ളപ്പണമായി കേസില്‍ കാണുന്നതെന്നതിനാല്‍ കള്ളപ്പണക്കേസും റദ്ദാവുന്ന സാഹചര്യം വന്നു.
ആരോപണങ്ങളില്‍ തെളിവ് സമര്‍പിക്കാന്‍ സി.ബി.ഐ പരാജയപ്പെട്ടെന്ന് എഫ്.ഐ.ആര്‍ തള്ളവെ കോടതി വ്യക്തമാക്കിയിരുന്നു. കല്‍ക്കരി നിലവാരം കുറഞ്ഞതാണെന്നോ ഇടപാടില്‍ നിന്ന് ബുഹാരിയുടെ സ്ഥാപനങ്ങള്‍ക്ക് അനധികൃത നേട്ടമുണ്ടാക്കാന്‍ സാധിച്ചെന്നോ കണ്ടെത്താനായില്ല എന്നും കോടതി നിരീക്ഷിച്ചിരുന്നു.
ദല്‍ഹി ഹൈക്കോടതി വിധിക്ക് പിന്നാലെ കള്ളപ്പണക്കേസ് ചോദ്യം ചെയ്തുള്ള ഹരജികള്‍ ബുഹാരി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഈ ഹരജികള്‍ പരിഗണിച്ച മദ്രാസ് ഹൈക്കോടതി പിന്നീട് ബുഹാരിയുടെ വിവിധ സ്ഥാപനങ്ങള്‍ക്കെതിരായ നടപടികള്‍ റദ്ദാക്കാനുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചു. പിന്നീട് ഹരജികള്‍ പ്രത്യക സി.ബി.ഐ കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ കള്ളപ്പണക്കേസ് റദ്ദാക്കിക്കൊണ്ടുള്ള പ്രത്യേക കോടതി ഉത്തരവും പുറത്തുവന്നു. ഇതോടെ എട്ട് വര്‍ഷം നീണ്ട ഒരു നിയമ പോരാട്ടത്തില്‍ നിന്നാണ് ബുഹാരി മോചിതനായത്.
ഇനി സ്ഥാപനം തിരിച്ചുപിടിക്കാനുള്ള പോരാട്ടം
സി.ബി.ഐ, ഇ.ഡി കേസുകള്‍ക്കെതിരായ നിയമ പോരാട്ടത്തില്‍ ബുഹാരിക്ക് ആശ്വസിക്കാനായെങ്കിലും തന്റെ സ്ഥാപനം തിരിച്ചു പിടിക്കാനുള്ള പോരാട്ടം അദ്ദേഹത്തിന് തുടരേണ്ടി വരും. ബുഹാരി തടവില്‍ കഴിയവേ അദ്ദേഹത്തിന്റെ സ്ഥാപനമായ കോസ്റ്റല്‍ എനര്‍ജെന്‍ കൈമറിഞ്ഞ് പോയിരുന്നു. സ്ഥാപനത്തിനെതിരായ പാപ്പരത്വ നിയമ നടപടികളെത്തുടര്‍ന്ന് സ്ഥാപനം അദാനി ഗ്രൂപ്പ് കൂടി പങ്കാളിയായ കണ്‍സോര്‍ഷ്യത്തിന്റെ കയ്യിലെത്തിയിരുന്നു.
കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ ബുഹാരിക്ക് പ്രതിസന്ധികളുടെ കാലമായിരുന്നു. ബുഹാരിക്കെതിരായ കേസുകളും അദ്ദേഹത്തിന്റെ തടവും അടക്കമുള്ള സാഹചര്യങ്ങളായിരുന്നു ഒരു വശത്തെങ്കില്‍ മറുവശത്ത് കോസ്റ്റല്‍ എനര്‍ജി സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കുന്നത് വൈകിയത് കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കുകയായിരന്നു.
അദാനിയുടെ കൈകളിലെത്തിയ കോസ്റ്റല്‍ എനര്‍ജെന്‍
2024ലാണ് സ്ഥാപനം ബുഹാരിക്ക് നഷ്ടപ്പെട്ടത്. 2024 ഫെബ്രുവരിയില്‍ കോസ്റ്റല്‍ എനര്‍ജെന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിന് അദാനി പവര്‍ ലിമിറ്റഡിന്റെയും ഡിക്കി ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റിന്റെയും(ഡി.ഐ.എ.ടി) കണ്‍സോര്‍ഷ്യത്തിന് അംഗീകാരം നല്‍കിയതായുള്ള കോമ്പറ്റീഷന്‍ കമ്മീഷന്റെ പ്രസ്താവന പുറത്തുവന്നു.
2024 ആഗസ്റ്റ് 30ന് ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍.സി.എല്‍.ടി) ചെന്നൈ ബഞ്ച് കണ്‍സോര്‍ഷ്യത്തിന്റെ ഏറ്റെടുക്കല്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. ആഗസ്റ്റ് 31ന് ഏറ്റെടുക്കല്‍ നടപടി അദാനി പവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഏറ്റെടുക്കലിനെ ബുഹാരിയും പുറത്താക്കപ്പെട്ട മറ്റ് ഡയരക്ടര്‍മാരും ചോദ്യം ചെയ്തിരുന്നു. ഈ നടപടിയില്‍ ക്രമക്കേടുണ്ടെന്ന് അവര്‍ ആരോപിച്ചിരുന്നു. സ്ഥാപനത്തെ കണ്‍സോര്‍ഷ്യം ഏറ്റെടുത്ത നടപടിയില്‍ മരവിപ്പിച്ച് തല്‍സ്ഥിതി തുടരാനായിരുന്നു എന്‍.സി.എല്‍.എ.ടി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ 2024 സെപ്റ്റംബര്‍ 12ന് ഡിഐഎടി- അദാനി കണ്‍സോര്‍ഷ്യം സുപ്രീം കോടതിയെ സമീപിച്ച് എന്‍.സി.എല്‍.എ.ടി വിധി റദ്ദാക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
പാപ്പരത്വ പരിഹാര നടപടികളുമായി ബന്ധപ്പെട്ട പോരാട്ടം ഇനിയും ബുഹാരി തുടരേണ്ടി വരും. കോസ്റ്റല്‍ എനര്‍ജെന്‍ പവര്‍ പ്ലാന്റിന്റെ നിയന്ത്രണം തിരികെ ലഭിക്കുന്നതിനായി ബുഹാരി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. അദാനിയുടെ കണ്‍സോര്‍ഷ്യത്തിന്റെ ഏറ്റെടുക്കലിന്റെ യോഗ്യത ചോദ്യം ചെയ്തുള്ള ബുഹാരിയുടെ കേസ് നിലവില്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ പരിഗണനയിലാണ്.
Content Highlight: End of Ahmed Buhari’s 8-yr legal battle