കൊച്ചി: സീറോ മലബാര്‍സഭയുടെ അങ്കമാലി എറണാകുളം അതിരൂപതയില്‍ നടന്ന വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി. സഭാ നേതൃത്വവും കര്‍ദ്ദിനാളും രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സഭയുടെ ഭൂമി ഇടപാടിനെ ചോദ്യം ചെയ്യാനാവില്ലെന്നും മാര്‍പാപ്പയ്ക്കു മാത്രമേ അതിന് അധികാരമുള്ളൂവെന്നുമുള്ള കര്‍ദിനാളിന്റെ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് അതീതനായ പരമാധികാരിയാണോ കര്‍ദിനാളെന്ന് ഹൈക്കോടതി ചോദിച്ചു.
തന്റെ അധികാരങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല എന്ന കര്‍ദ്ദിനാളിന്റെ വാദം കോടതി തള്ളി. കര്‍ദ്ദിനാള്‍ രാജാവല്ലെന്നും കോടതി പറഞ്ഞു.
സഭയുടെ ഭൂമി ഇടപാടില്‍ കേസെടുക്കേണ്ടതില്ലെന്ന കീഴ്ക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കര്‍ദിനാളിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍.
“സഭയുടെ സ്വത്തുക്കള്‍ രൂപതയുടെ സ്വത്തുക്കളാണ്. അത് കര്‍ദിനാളിന് സ്വന്ത താല്‍പര്യപ്രകാരം കൈകാര്യം ചെയ്യാനാവില്ല. രൂപതയ്ക്കു വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധിയാണ് കര്‍ദിനാള്‍.”
കര്‍ദിനാള്‍ പരമാധികാരിയാണെങ്കില്‍ കൂടിയാലോചനകള്‍ വേണ്ടല്ലോയെന്നും കോടതി ചോദിച്ചു.
രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമാണ് കര്‍ദിനാളും രൂപതയും. സ്വത്തു കൈമാറുന്നതിന് സഭാസമിതികളുമായി കൂടിയാലോചന നടത്തിയെന്ന് കര്‍ദിനാള്‍ തന്നെ പറയുന്നുണ്ട്. കര്‍ദിനാള്‍ പരമാധികാരിയല്ലെന്നാണ് അതിന് അര്‍ഥമെന്ന് കോടതി ഓര്‍മിപ്പിച്ചു.
ഭൂമിതട്ടിപ്പില്‍ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭൂമിയിടപാടില്‍ സഭാവിശ്വാസികളുടെ പണമാണ് നഷ്ടമായതെന്ന് ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ സഭയുടെ ആഭ്യന്തര ഇടപാടുകളില്‍ കേസെടുക്കാനാവില്ലെന്ന് ജോര്‍ജ്ജ് ആലഞ്ചേരിയുടെ അഭിഭാഷകന്‍ പറഞ്ഞു.
